ബര്‍ഖാദത്ത് എന്‍.ഡി.ടി.വി വിട്ടു; ബര്‍ഖയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി എന്‍.ഡി.ടി.വി
Daily News
ബര്‍ഖാദത്ത് എന്‍.ഡി.ടി.വി വിട്ടു; ബര്‍ഖയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി എന്‍.ഡി.ടി.വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2017, 5:57 pm

BARKHA

കോളേജ് വിദ്യാഭ്യാസത്തിന് ശേഷം 1995ല്‍ നേരെ എന്‍.ഡി.ടി.വിയില്‍ കയറിവന്ന ബര്‍ഖ 21 വര്‍ഷത്തിന് ശേഷം സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും എന്‍.ഡി.ടി.വി വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ന്യൂദല്‍ഹി:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖാദത്ത് എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചു. സ്വന്തമായി മാധ്യമസ്ഥാപനം തുടങ്ങുകയെന്ന ലക്ഷ്യമിട്ടാണ് ബര്‍ഖ എന്‍.ഡി.ടി.വിയിലെ ജോലി അവസാനിപ്പിക്കുന്നത്. ട്വിറ്ററിലൂടെ ബര്‍ഖാദത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോളേജ് വിദ്യാഭ്യാസത്തിന് ശേഷം 1995ല്‍ നേരെ എന്‍.ഡി.ടി.വിയില്‍ കയറിവന്ന ബര്‍ഖ 21 വര്‍ഷത്തിന് ശേഷം സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും എന്‍.ഡി.ടി.വി വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

2015ല്‍ എന്‍.ഡി.ടി.വി ഗ്രൂപ്പ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും ബര്‍ഖാദത്ത് രാജിവെച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് തുടര്‍ന്നിരുന്നു.

ഇതിന് ശേഷം 2016ല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്തയുമായി ചേര്‍ന്ന് “ദ പ്രിന്റ്” എന്ന പേരില്‍ പുതിയ സംരഭം ആരംഭിച്ചിരുന്നു. എന്നാല്‍ ബര്‍ഖ ഇവിടെ തുടരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വാഷിംഗ്ടണ്‍ പോസ്റ്റില്‍ കോണ്‍ട്രിബ്യൂട്ടിങ് കോളമിസ്റ്റ് കൂടിയാണ് ബര്‍ഖ.

Read more: യു.പി തെരഞ്ഞെടുപ്പ്: വോട്ടു ചോദിച്ച് ആരും വരേണ്ടെന്ന് ദയൂബന്ദ്

കാര്‍ഗില്‍ യുദ്ധവേളയിലെ റിപ്പോര്‍ട്ടുകളിലൂടെയാണ് ബര്‍ഖാദത്ത് പ്രശസ്തയായത്. പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങള്‍ ബര്‍ഖയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നീരാറാഡിയ ടേപ്പുമായി ബന്ധപ്പെട്ട് ബര്‍ഖയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നിലവില്‍ അര്‍ണബ് ഗോസ്വാമി “ടൈംസ് നൗ” വിട്ട് “റിപ്പബ്ലിക്ക്” എന്ന പേരില്‍ പുതിയ ചാനല്‍ ആരംഭിക്കാനിരിക്കെയാണ് ബര്‍ഖയും പുതിയ സ്ഥാപനം ആരംഭിക്കാനൊരുങ്ങുന്നത്.

Also read: നിര്‍ദ്ദേശം ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ പരാതികള്‍; ആവര്‍ത്തിക്കുന്ന സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേന മേധാവി