ഈ വിജയത്തിന് പിന്നാലെ ബാഴ്‌സയ്ക്ക് 36 മത്സരത്തില്‍ നിന്നും 85 പോയിന്റായി. 27 വിജയവും നാല് സമനിലയും അഞ്ച് തോല്‍വിയും അടക്കമാണ് ബാഴ്‌സ 85 പോയിന്റ് നേടിയത്.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന് 36 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 78 പോയിന്റാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ വിജയിച്ചാലും ലോസ് ബ്ലാങ്കോസിന് 84 പോയിന്റിലെത്താന്‍ മാത്രമേ സാധിക്കൂ. ഇതോടെയാണ് കറ്റാലന്‍ പട രണ്ട് മത്സരം ബാക്കി നില്‍ക്കെ ചാമ്പ്യന്‍മാരായത്.
എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു എസ്പാന്യോളിനെതിരെ ബാഴ്‌സ ജയിച്ചുകയറിയത്. ആര്‍.സി.ഡി.ഇ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലാമിന്‍ യമാലും ഫെര്‍മിന്‍ ലോപസുമാണ് ബ്ലൂഗ്രാനയ്ക്കായി ഗോള്‍ കണ്ടെത്തിയത്.
ലെവന്‍ഡോസ്‌കിയെ ആക്രമണത്തിന്റെ നെടുനായകത്വമേല്‍പ്പിച്ച് 4-2-3-1 ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ളിക്ക് ‘കിരീടപ്പോരില്‍’ തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. സമാന ഫോര്‍മേഷനാണ് എസ്പാന്യോള്‍ പരിശീലകന്‍ മനോലോ ഗോള്‍സാലെസും അവലംബിച്ചത്.
എതിരാളികളുടെ തട്ടകത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. ഗോള്‍രഹിതമായി തുടര്‍ന്ന ആദ്യ പകുതിക്ക് ശേഷം 53ാം മിനിട്ടില്‍ ലാമിന്‍ യമാലിലൂടെ ബാഴ്‌സ ലീഡ് നേടി.
മത്സരത്തിന്റെ 75 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. കറ്റാലന്‍മാര്‍ 12 ഷോട്ടുകളുതിര്‍ത്തപ്പോള്‍ നാലെണ്ണമായിരുന്നു ഓണ്‍ ടാര്‍ഗെറ്റിലെത്തിയത്. എസ്പാന്യോള്‍ ഒമ്പത് ഷോട്ടുകളും ഒരു ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടും അടിച്ചു.
മത്സരത്തില്‍ ബാഴ്‌സ 89 ശതമാനം ആക്യുറസിയോടെ 740 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 234 പാസുകള്‍ മാത്രമാണ് എസ്പാന്യോളിനുണ്ടായിരുന്നത്.
നേരത്തെ കോപ്പ ഡെല്‍ റേ കിരീടവും നേടിയ ബാഴ്‌സ സീസണില്‍ മറ്റൊരു കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷം ബാഴ്‌സ ആരാധകര്‍ ട്രെബിള്‍ സ്വപ്‌നം കണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനോട് ഒറ്റ ഗോളിന് (അഗ്രഗേറ്റ് 7-6) പരാജയപ്പെട്ട് ബ്ലൂഗ്രാന തങ്ങളുടെ യു.സി.എല്‍ മോഹങ്ങള്‍ അടിയറവ് വെക്കുകയായിരുന്നു.
ലാലിഗയില്‍ മെയ് 18നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കോംപാനീസില്‍ നടക്കുന്ന മത്സരത്തില്‍ വിയ്യാറയലാണ് എതിരാളികള്‍.