ദയവായി പ്രതീക്ഷ നല്‍കരുത്; മെസിയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റില്‍ ആരാധകര്‍ ആവേശത്തില്‍
Sports News
ദയവായി പ്രതീക്ഷ നല്‍കരുത്; മെസിയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റില്‍ ആരാധകര്‍ ആവേശത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st July 2025, 1:04 pm

2025ന്റെ അവസാനത്തോടെ ലയണല്‍ മെസി ഇന്റര്‍ മയാമി വിട്ടേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബാഴ്‌സലോണ ആരാധകര്‍. 2026 ലോകകപ്പിന് മുമ്പുള്ള ആറ് മാസം മറ്റേതെങ്കിലും ക്ലബ്ബില്‍ കളിക്കാന്‍ മെസി താത്പര്യപ്പെടുന്നുണ്ടെന്ന് എസ്റ്റെബന്‍ എഡുലിനെ ഉദ്ധരിച്ച് ഓള്‍ എബൗട്ട് അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

നേരത്തെ ഇന്റര്‍ മയാമിയില്‍ തന്നെ തുടരാന്‍ മെസി തീരുമാനിച്ചിരുന്നതായും എന്നാല്‍ നിലവില്‍ ആ തീരുമാനം മാറ്റിയേക്കുമെന്നും മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

ഇതോടെയാണ് മെസി ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളും സജീവമായത്. പുതുക്കി പണിഞ്ഞ ക്യാമ്പ് നൗവിലെ ഉദ്ഘാടന മത്സരത്തില്‍ മെസി കളിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ലാ പുള്‍ഗ കറ്റാലന്‍മാരുടെ പടകുടീരത്തിലേക്ക് മടങ്ങിയെത്തുമെന്ന ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ മെസിയെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

‘ദയവായി ഒരു തവണ കൂടി’ എന്നാണ് ഒരു ആരാധകര്‍ കുറിച്ചത്. ‘ഹാന്‍സി ഫ്‌ളിക്, നിങ്ങള്‍ എന്നെ കേള്‍ക്കുന്നുണ്ടോ’ ‘പ്രിയപ്പെട്ട ഡെക്കോ, നിങ്ങളോട് ഒരു സഹായം ആവശ്യപ്പെടുന്നു’ തുടങ്ങി ആരാധകര്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നു.

‘ചാമ്പ്യന്‍സ് ലീഗും ലോകകപ്പും ബാലണ്‍ ഡി ഓറും ഒരു സീസണില്‍ തന്നെ നേടി, അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടവും തുടര്‍ച്ചയായ ലോകകപ്പ് കിരീടവും ഒമ്പതാം ബാലണ്‍ ഡി ഓറും സ്വന്തമാക്കിയ ശേഷം വിരമിക്കാം, എന്തു തന്നെയായാലും ഞാന്‍ അവിടെയുണ്ടാകും’, ‘ബാഴ്‌സയില്‍ കളിക്കാന്‍ ഞാന്‍ നിങ്ങളോട് യാചിക്കുന്നു’, ‘ദയവായി ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കരുത്,’ തുടങ്ങി ആരാധകരുടെ പോസ്റ്റുകള്‍ എണ്ണമില്ലാതെ തുടരുന്നു.

അതേസമയം, ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിന് പിന്നാലെ മേജര്‍ ലീഗ് സോക്കര്‍ മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് മായാമി. കാനഡ ക്യുബെക്കിലെ സപ്പുറ്റോ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മോണ്‍ട്രിയലാണ് എതിരാളികള്‍.

 

Content Highlight: Barcelona fans responded to the rumors that Lionel Messi will leave the Inter Messi International