ഇരട്ട ഗോളുമായി റാഷ്ഫോര്‍ഡ്; ബാഴ്സയ്ക്ക് ജയത്തുടക്കം
Football
ഇരട്ട ഗോളുമായി റാഷ്ഫോര്‍ഡ്; ബാഴ്സയ്ക്ക് ജയത്തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th September 2025, 7:31 am

ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ന്യൂകാസിലിനെ തോല്‍പ്പിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. സെന്റ് ജെയിംസ് പാര്‍ക്കില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. മാര്‍കസ് റാഷ്ഫോര്‍ഡിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് കറ്റാലന്മാരുടെ വിജയം.

മത്സരത്തിന്റെ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ തന്നെ ഇരു ടീമിലെയും താരങ്ങള്‍ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. ബാഴ്സ താരങ്ങളും ന്യൂകാസില്‍ താരങ്ങളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു പോസ്റ്റിലേക്കും പന്തുമായി താരങ്ങള്‍ കുതിച്ചു പാഞ്ഞു. എന്നാല്‍, സ്‌കോര്‍ ബോര്‍ഡ് മാറ്റമില്ലാതെ തുടര്‍ന്നു.

ഒന്നാം പകുതിയില്‍ ഇരുവര്‍ക്കും സ്‌കോര്‍ ചെയ്യാനാകത്തിന്റെ ക്ഷീണം തീര്‍ത്തത് രണ്ടാം പകുതിയിലാണ്. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് അവസാന 45 മിനിട്ടിലാണ്. ആദ്യം വലകുലുക്കിയത് ബാഴ്സയായിരുന്നു.

കറ്റാലന്മാര്‍ക്കായി റാഷ്ഫോര്‍ഡാണ് ഗോള്‍ നേടിയത്. 58ാം മിനിട്ടില്‍ ജൂള്‍സ് കൗണ്ടെ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍. ഏറെ വൈകാതെ റാഷ്ഫോര്‍ഡ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. 67ാം മിനിട്ടിലായിരുന്നു ബാഴ്സയുടെ രണ്ടാം ഗോള്‍.

പിന്നെയും ലീഡ് ഉയര്‍ത്താന്‍ കറ്റാലന്‍ പട ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പാഴായി. മറുവശത്ത് രണ്ട് ഗോള്‍ വഴങ്ങിയിട്ടും തളരാതെ ന്യൂകാസിലും കളിക്കളത്തില്‍ മുന്നേറ്റങ്ങളുമായി എത്തി. അതോടെ 90ാം മിനിട്ടില്‍ ദി മാഗ്പീസ് തങ്ങളുടെ ഗോള്‍ നേടി.

ആന്റണി ഗോര്‍ഡനാണ് ടീമിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്. ജേക്കബ് മര്‍ഫിയാണ് ഗോളിന് അസിസ്റ്റ് നല്‍കിയത്. ഇരുടീമുകളും ശേഷിക്കുന്ന സമയത്തും ഗോള്‍ ശ്രമങ്ങള്‍ നടന്നെങ്കിലും അതെ സ്‌കോറില്‍ ഫൈനല്‍ വിസിലെത്തി. അതോടെ ബാഴ്സയ്ക്ക് മൂന്ന് പോയിന്റും അക്കൗണ്ടിലാക്കാനായി.

മത്സരത്തില്‍ 4 – 2 – 3 -1 ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ലിക്ക് തന്റെ താരങ്ങളെ ഇറക്കിയത്. അതേസമയം, ഹോം മത്സരത്തിന് ഇറങ്ങിയ ന്യൂകാസില്‍ 4 – 3 -3 എന്ന ഫോര്‍മേഷനാണ് സ്വീകരിച്ചത്.


ബാഴ്സയായിരുന്നു മത്സരത്തില്‍ പന്ത് ഏറിയ പങ്കും കൈവശം വെച്ചിരുന്നത്. 65 ശതമാനമായിരുന്നു അവരുടെ പൊസഷന്‍. കറ്റാലന്‍ സംഘം അഞ്ച് ഷോട്ട് ഓണ്‍ ടാര്‍ഗറ്റടക്കം 19 തവണയാണ് ന്യൂകാസില്‍ പോസ്റ്റിലേക്ക് പന്ത് അടിച്ചത്. അതേസമയം, 35 ശതമാനം മാത്രം പൊസഷനുണ്ടായിരുന്ന ന്യൂകാസില്‍ പത്ത് ഷോട്ടാണ് ബാഴ്സയുടെ ഗോള്‍ വല ലക്ഷ്യമിട്ട് തൊടുത്തത്.

Content Highlight: Barcelona defeated Newcastle United in UEFA Champions League with Marcus Rashford’s double goal