കേരളത്തില്‍ ബി.ജെ.പി രക്ഷപ്പെടാന്‍ പോകുന്നില്ല; സുരേന്ദ്രനടക്കം എല്ലാവരും പരാജയം: ആര്‍.എസ്.എസ് നേതാവ്
Kerala News
കേരളത്തില്‍ ബി.ജെ.പി രക്ഷപ്പെടാന്‍ പോകുന്നില്ല; സുരേന്ദ്രനടക്കം എല്ലാവരും പരാജയം: ആര്‍.എസ്.എസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th May 2023, 8:15 am

കോഴിക്കോട്: ബി.ജെ.പി ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു സുപ്രീംകോടതി വിധിക്കെതിരായ ശബരിമലയിലെ സമരമെന്ന് ആര്‍.എസ്.എസ് മുന്‍ ബൗദ്ധിക് പ്രമുഖും കേസരി വാരികയുടെ ചീഫ് എഡിറ്ററുമായിരുന്ന ടി.ആര്‍. സോമശേഖരന്‍. കെ.സുരേന്ദ്രനടക്കമുള്ള കേരളത്തിലെ മുഴുവന്‍ നേതാക്കളും പരാജയമാണെന്നും കേരളത്തില്‍ ബി.ജെ.പി രക്ഷപ്പെടില്ലെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമോ ജനങ്ങളുടെ പ്രശ്‌നങ്ങളോ അറിയാത്തവരാണ് കേരളത്തില്‍ ബി.ജെ.പിയെ നയിക്കുന്നതെന്നും ടി.ആര്‍. സോമശേഖരന്‍ പറഞ്ഞു. ബാഹ്യ ശക്തികളുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തന ശൈലിയില്‍ ഭൂരിഭാഗം ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകരും നിരാശയിലാണ്. കേരളം പിടിക്കാന്‍ പോകുന്നു എന്ന് പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുള്ള ബി.ജെ.പിയല്ല കെ.ജെ.പിയാണെന്നും മുന്‍ ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടിയല്ല, കേരള ജനതാ പാര്‍ട്ടിയാണ്. സംഘപ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ഇങ്ങനെയാണ് കേരളത്തിലെ പാര്‍ട്ടിയെ വിശേഷിപ്പിക്കാറുള്ളത്. പ്രസ്ഥാനത്തിന്റെ സംസ്‌കാരമോ മനോഭാവമോ ഇല്ലാത്തവരാണ് കേരളത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.

രാഷ്ട്രീയമായല്ല കേരളത്തിലെ നേതാക്കള്‍ ചിന്തിക്കുന്നത്. അതിനാലാണ് ശബരിമലയില്‍ സ്ത്രീകളെ തല്ലാനും കല്ലെറിയാനും പോയത്. ബി.ജെ.പി ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു സുപ്രീംകോടതി വിധിക്കെതിരായ ശബരിമലയിലെ കലാപം. ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കുന്നത് ലിംഗപരമായ വിവേചനമാണെന്നും ടി.ആര്‍. സോമശേഖരന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ കക്ഷി ചെയ്യേണ്ട ഒന്നും കേരളത്തില്‍ ബി.ജെ.പി ചെയ്യുന്നില്ലെന്നും ടി.ആര്‍.സോമശേഖരന്‍ അഭിമുഖത്തില്‍ പറയുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനം വോട്ട് കച്ചവടമാണ്. പ്രവര്‍ത്തകര്‍ എല്ലാവരും നിരാശയിലുമാണ്. അടുത്ത ലോകസഭ തെരഞ്ഞടുപ്പിലും കേരളത്തില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ ബി.ജെ.പിക്കാവുമെന്ന് കരുതുന്നില്ല.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നും പ്രതിച്ഛായ കേരളത്തിലെ ബി.ജെപിക്കില്ല. ദിവസവും പത്രസമ്മേളനം നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനം. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാത്തവരാണ് കേരളത്തില്‍ നേതൃസ്ഥാനത്തുള്ളത്. സംസ്‌കാരശൂന്യരും സംഘവിരുദ്ധരുമായവരെ പിടിച്ചാണ് പാര്‍ട്ടിയുടെ വക്താവാക്കുന്നത്. പള്ളികളോ അരമനകളോ സന്ദര്‍ശിച്ചത് കൊണ്ട് പാര്‍ട്ടി വളരില്ലെന്നും മുന്‍ ആര്‍.എസ്.എസ് നേതാവ് അഭിമുഖത്തില്‍ പറഞ്ഞു.

content highlights: Banning women from Sabarimala is gender discrimination; rss leader