കാനറ ബാങ്ക് കാന്റീനില്‍ ബീഫ് വിളമ്പാന്‍ പാടില്ലെന്ന് ബിഹാര്‍ സ്വദേശിയായ മാനേജര്‍, ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍
Kerala
കാനറ ബാങ്ക് കാന്റീനില്‍ ബീഫ് വിളമ്പാന്‍ പാടില്ലെന്ന് ബിഹാര്‍ സ്വദേശിയായ മാനേജര്‍, ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2025, 8:07 am

കൊച്ചി: കാനറ ബാങ്ക് കൊച്ചി റീജിയണല്‍ ഓഫീസില്‍ വിചിത്രമായ ഉത്തരവുമായി പുതിയ റീജിയണല്‍ മാനേജര്‍. ബാങ്കിന്റെ കാന്റീനില്‍ ബീഫ് വിളമ്പാന്‍ പാടില്ലെന്ന് ബിഹാര്‍ സ്വദേശിയായ മാനേജര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞദിവസം ബാങ്കിന് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു.

കീഴുദ്യോഗസ്ഥരോടുള്ള പുതിയ മാനേജരുടെ മാനസിക പീഡനത്തിനും മോശം പെരുമാറ്റത്തിനുമെതിരെ പ്രതിഷേധിക്കാനായിരുന്നു ആദ്യം ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ റീജിയണല്‍ ഓഫീസിന് മുന്നില്‍ എത്തിയത്. പിന്നാലെയാണ് ബീഫ് വിളമ്പരുതെന്ന് മാനേജര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന കാര്യം അറിഞ്ഞത്. പിന്നാലെ ഓഫീസിന് മുന്നില്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

 

ഇത് ഇന്ത്യയാണെന്നും ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ എന്ത് കഴിക്കണമെന്ന് തീരുമാനമെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ബി.ഇ.എഫ്.ഇ നേതാവ് എസ്.എസ്. അനില്‍ പറഞ്ഞു. ആരെയും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഇത് പ്രതിഷേധത്തിന്റെ ഒരു രൂപമാണെന്നും അദ്ദേഹം പറഞ്ഞു.

‘കുറച്ച് ദിവസം മുമ്പാണ് ബിഹാര്‍ സ്വദേശിയായ പുതിയ റീജിയണല്‍ മാനേജര്‍ കൊച്ചിയിലെ ഈ ഓഫീസില്‍ ചാര്‍ജെടുത്തത്. കഴിഞ്ഞദിവസം ബാങ്ക് പ്രവര്‍ത്തിക്കുന്നതിനിടയില്‍ ക്യാഷറായിട്ടുള്ള ഒരു വനിതാ ഉദ്യോഗസ്ഥ കസ്റ്റമറുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇയാള്‍ വന്നു. പണമിടപാടിന്റെ രേഖ ആ ഉദ്യോഗസ്ഥയോട് ഇയാള്‍ ചോദിച്ചു.

പ്രവൃത്തിസമയത്ത് അങ്ങനെയാരും ചോദിക്കാറില്ല. എന്നിട്ടും അവര്‍ അത് നല്‍കി. പിന്നാലെ കസ്റ്റമര്‍ ഇരിക്കുന്ന ഭാഗത്തെല്ലാം ഒരു ക്യു.ആര്‍. കോഡ് സ്ഥാപിച്ചിട്ട് ഓരോ ഉദ്യേഗസ്ഥരുടെയും സര്‍വീസിനെ വിലയിരുത്താന്‍ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത വനിതാ ഉദ്യോഗസ്ഥയെ കസ്റ്റമറുടെ മുന്നില്‍ വെച്ച് ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് ഈ മാനേജര്‍ കാന്റീനില്‍ ഇനിമുതല്‍ ബീഫ് വിളമ്പരുതെന്ന് ഉത്തരവിട്ടതായി അറിഞ്ഞത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ബീഫ് വിളമ്പുന്ന കാന്റീനില്‍ അത് പാടില്ലെന്ന് ഉത്തരവിട്ടത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്,’ എസ്.എസ്. അനില്‍ പറയുന്നു.

ബാങ്ക് മാനേജറുടെ നടപടിയില്‍ പ്രതിഷേധിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് പ്രതിഷേധിച്ചു. സംഘപരിവാറിന്റെ ഒരു അജണ്ടയും ഈ മണ്ണില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മണ്ണും ഇവിടെയുള്ളവരുടെ ഹൃദയം ചുവപ്പാണെന്നും ചെങ്കൊടി പറക്കുന്നിടത്തെല്ലാം ഫാസിസ്റ്റുകളെ ഭയമില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്നും ജലീല്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

Content highlight: Bank Employees Federation of India conducted beef fest against the beef ban in Canara Bank canteen