ഐ.പി.എല്ലില്‍ കളിക്കാനാവില്ലെങ്കില്‍ ലോകകപ്പിനുമില്ല; മുസ്തഫിസുറിനെ ഒഴിവാക്കിയതില്‍ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്
Cricket
ഐ.പി.എല്ലില്‍ കളിക്കാനാവില്ലെങ്കില്‍ ലോകകപ്പിനുമില്ല; മുസ്തഫിസുറിനെ ഒഴിവാക്കിയതില്‍ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്
ഫസീഹ പി.സി.
Sunday, 4th January 2026, 11:05 am

ഐ.പി.എല്ലില്‍ നിന്നും മുസ്തഫിസുര്‍ റഹമാനെ ഒഴിവാക്കിയതില്‍ കടുത്ത നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി). ഫെബ്രുവരിയില്‍ തുടങ്ങുന്ന ഐ.സി.സി ടി – 20 ലോകകപ്പില്‍ കളിക്കാന്‍ ബംഗ്ലാദേശ് ഇന്ത്യയിലേക്ക് എത്തിയേക്കില്ലെന്നാണ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.

തങ്ങളുടെ മത്സരങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബി.സി.ബി, ഐ.സി.സിയ്ക്ക് കത്തെഴുതാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ലോകകപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ കൊല്‍ക്കത്തയിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

മുസ്തഫിസുർ റഹ്മാൻ. Photo: Johns/x.com

അതിനാല്‍ തന്നെ ലോകകപ്പില്‍ കളിക്കുന്ന ബംഗ്ലാദേശ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചാവും ബി.സി.ബി കത്തെഴുതുക. ജനുവരി മൂന്നിന് ചേര്‍ന്ന ബി.സി.സി.ബിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സിന്റെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ തീരുമാനം.

കഴിഞ്ഞ ദിവസമാണ് മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആര്‍) ഐ.പി.എല്ലില്‍ നിന്ന് റിലീസ് ചെയ്തത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിനിടെ ബി.സി.സി.ഐയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഒരു വിശദീകരണവും നല്‍കാതെയായിരുന്നു താരത്തെ റിലീസ് ചെയ്യാന്‍ ബോര്‍ഡ് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

ഇക്കാര്യങ്ങളെ കുറിച്ചും ഐ.സി.സിയ്ക്കുള്ള കത്തില്‍ പരാമര്‍ശിക്കുമെന്നാണ് വിവരം. കൂടാതെ, ഐ.പി.എല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്‌തേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2025 ഡിസംബറില്‍ നടന്ന താരലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത മുസ്തഫിസുറിനെ ടീമിലെത്തിച്ചത്. എന്നാല്‍ ബംഗ്ലാദേശിലെ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ പ്രതിഷേധത്തിന് വഴിമാറിയതോടെയാണ് താരത്തിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കാണമെന്ന് ആവശ്യപ്പെട്ട് ത്രീവ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നത്.

മുസ്തഫിസുറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് കൊല്‍ക്കത്ത ഉടമ ഷാരൂഖ് ഖാനെതിരെ സംഘപരിവാര്‍ വന്‍ തോതില്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ വിഷയത്തില്‍ ഇടപ്പെട്ടത്. മുസ്തഫിസുറിനെ ഒഴിവാക്കി മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താനും ബി.സി.സി.ഐ കെ.കെ.ആറിന് അനുമതി നല്‍കിയിട്ടുണ്ട്.

 

Content Highlight: Bangladesh look to move T20 World Cup matches from India following Mustafizur Rahaman’s IPL exclusion

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി