ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. മിര്‍പുര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 86 റണ്‍സിനാണ് ടീമിന്റെ വിജയം. മൊസാദെക് ഹൊസൈന്റെ ഓള്‍റൗണ്ട് മികവാണ് വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ആദ്യം ചെയ്ത ബംഗ്ലാദേശ് 284 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. മോശം കാലാവസ്ഥ മൂലം ഇത് 278 വെട്ടികുറച്ചെങ്കിലും 191 റണ്‍സില്‍ നില്‍ക്കെ മഴ എത്തിയതോടെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ഡി.എല്‍.എസ് പ്രകാരം ബംഗ്ലാദേശ് വിജയം നേടി.

ഓസീസിനെതിരെ വിജയം സ്വന്തമാക്കിയതോടെ ഒരു ചരിത്ര നേട്ടവും ബംഗ്ലാദേശിന് നേടാന്‍ സാധിച്ചു. ഏകദിനത്തില്‍ ഓസീസിനെതിരെ രണ്ടാമത്തെ വിജയം മാത്രം കുറിക്കാനാണ് കടുവകള്‍ക്ക് സാധിച്ചത്. ഈ ഫോര്‍മാറ്റില്‍ 21 വര്‍ഷത്തിന് ശേഷമാണ് ബംഗ്ലാദേശ് കങ്കാരുക്കളെ വീഴ്ത്തുന്നത്. 2005ലായിരുന്നു ടീമിന്റെ ആദ്യ വിജയം.

അതേസമയം, മത്സരത്തില്‍ ബംഗ്ലാദേശിനായി മൊസാദെക് ഹൊസൈന്‍ 70 പന്തില്‍ 86 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (86 പന്തില്‍ 67), തന്‍സീദ് ഹസന്‍ (44 പന്തില്‍ 54), തൗഹീദ് ഹൃദോയ് (51 പന്തില്‍ 31) എന്നിവരും തിളങ്ങി.

മൊസാദെക് ഹൊസൈൻ.

ഓസീസിന് വേണ്ടി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാറ്റ് റെന്‍ഷോ, ലിയാം സ്‌കോട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകളും സേവ്യര്‍ ബര്‍ട്ട്‌ലെറ്റ് ഒരു വിക്കറ്റും നേടി.

ബാറ്റിങ്ങില്‍ ഓസീസ് നിരയില്‍ കാമറൂണ്‍ ഗ്രീന്‍ (66 പന്തില്‍ 52*), അലക്‌സ് കാരി (62 പന്തില്‍ 47), കൂപ്പര്‍ കനോലി (50 പന്തില്‍ 35) എന്നിവര്‍ മികവ് പുലര്‍ത്തി. ബംഗ്ലാദേശിനായി നഹീദ് റാണ നാല് വിക്കറ്റെടുത്തപ്പോള്‍ മൊസാദെകും മുസ്തഫിസുര്‍ റഹ്‌മാനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. തസ്‌കിന്‍ അഹമ്മദ് ഒരു വിക്കറ്റും പിഴുതു.

Content Highlight: Bangladesh defeated Australia in an ODI match after 21 years