ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ഉറപ്പില്ല; തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ്
Sports News
ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ഉറപ്പില്ല; തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ്
ശ്രീരാഗ് പാറക്കല്‍
Wednesday, 21st January 2026, 1:31 pm

2026 ടി-20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശ് ഇന്ത്യയില്‍ വരില്ലെന്ന തീരുമാനത്തില്‍ ഇപ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബംഗ്ലാദേശ് ടി-20 ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ്.

ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ഉറപ്പില്ലെന്നും തന്റെ കാഴ്ചപ്പാടില്‍ എല്ലായിടത്തും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തനിക്ക് സുരക്ഷിതമായി സംസാരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

‘ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ഉറപ്പില്ല! എന്റെ കാഴ്ചപ്പാടില്‍, എല്ലായിടത്തും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ അവസ്ഥ അങ്ങനെ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് എനിക്കറിയാം, എനിക്ക് സുരക്ഷിതമായി സംസാരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. ഇതില്‍ അഭിപ്രായമൊന്നുമില്ല, വിഷമങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ലിട്ടണ്‍ ദാസ് പറഞ്ഞു.

ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസൂറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പുറകെ ബംഗ്ലാദേശ് ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്ത ടി-20 ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് ഐ.സി.സിയെ അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.

ആതിഥേയര്‍കൂടിയായ ശ്രീലങ്കയില്‍ തങ്ങളുടെ മത്സരം നടത്തണമെന്നാണ് ബംഗ്ലാദേശ് പറയുന്നത്. എന്നാല്‍ ഐ.സി.സി ഈ നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ബംഗ്ലാദേശ് തയ്യാറല്ലെങ്കില്‍ സ്‌കോട്ട്‌ലാന്‍ഡിനെ ലോകകപ്പില്‍ പരിഗണിക്കേണ്ടി വരുമെന്നാണ് ഐ.സി.സി പറയുന്നത് ഇതിനിടയില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിന് പിന്തുണ നല്‍കി രംഗത്ത് വന്നതും ചര്‍ച്ചയാകുന്നുണ്ട്.

ബംഗ്ലാദേശ് ടി-20 ലോകകപ്പ് സ്‌ക്വാഡ്

ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, പര്‍വെസ് ഹൊസൈന്‍ ഇമോന്‍, സെയ്ഫ് ഹസന്‍, തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈന്‍, ക്വാസി നൂറുല്‍ ഹസന്‍ സോഹന്‍, ഷാക് മഹെദി ഹസന്‍, റിഷാദ് ഹൊസൈന്‍, നാസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാക്കിബ്, തസ്‌കിന്‍ അഹ്‌മദ്, സൈഫ് ഉദ്ദിന്‍, ഷൊരീഫുള്‍ ഇസ്‌ലാം

Content Highlight: Bangladesh Captain Litton Das Talking About T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ