ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അഗ്‌നിശമന സേന അറിയിച്ചു. ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജിലേക്കായിരുന്നു വിമാനം പതിച്ചത്. സ്‌കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ കുറഞ്ഞത് 13 പേര്‍ക്ക് പരിക്കേറ്റതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടം നടക്കുമ്പോള്‍ മൈല്‍സ്റ്റോണ്‍ സ്‌കൂളിലും കോളേജിലും കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് എ.പിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന എഫ്-7 ബി.ജി.ഐ വിമാനം വ്യോമസേനയുടേതായിരുന്നുവെന്ന് ബംഗ്ലാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് പ്രസ്താവനയിലൂടെ പറഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല.
ബംഗ്ലാദേശ് വ്യോമസേന പരിശീലന ദൗത്യങ്ങള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത വിമാനമാണ് എഫ്-7 ബി.ജി.ഐ. പതിവ് പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്ന വിമാനം ഉച്ചയ്ക്ക് 1:06ഓടെ തകര്‍ന്നുവീഴുകയായിരുന്നു. സ്‌കൂള്‍ ഗേറ്റിന് സമീപം ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ വിമാനം തകര്‍ന്നുവീണെന്ന് മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജിലെ അധികൃതര്‍ പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഒരു മാസത്തിന് ശേഷമാണ് ധാക്കയിലെ അപകടം സംഭവിക്കുന്നത്. ജൂണ്‍ 12ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ, ലണ്ടനിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ അഹമ്മദാബാദിലെ ഒരു ഹോസ്റ്റല്‍ സമുച്ചയത്തില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്ന 19 പേരും മരിച്ചിരുന്നു. ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടിരുന്നു.
Content Highlight: Bangladesh Air Force jet crashes into school building in Dhaka