ഇസ്‌ലാമാബാദ്: ക്വറ്റയിലെ സ്ഫോടനത്തില്‍ 10 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐ.ഇ.ഡി ആക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
റിമോര്‍ട്ട് കണ്ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയതായി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എല്‍.എ) പറഞ്ഞു. പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ബി.എല്‍.എ വക്താവ് അറിയിച്ചു.
ഈ ആക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമുറാന്‍, കോല്‍വ, കലാത്ത് ജില്ലകളിലാണ് ആക്രമണമുണ്ടായത്. ഈ മേഖലകളിലെ സുരക്ഷാ പോസ്റ്റുകള്‍ പിടിച്ചെടുത്തതായും ബി.എല്‍.എ അവകാശപ്പെട്ടിരുന്നു.
2025 മാര്‍ച്ചില്‍ ബലൂച് ഭീകരര്‍ ഒമ്പത് കോച്ചുകളിലായി 500ഓളം യാത്രക്കാരുമായി പോയ ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയെടുത്തിരുന്നു. പെഷവാറിലേക്കുള്ള യാത്രാമധ്യേ, ക്വറ്റയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള പര്‍വതപ്രദേശത്ത് വെച്ചായിരുന്നു ഭീകരര്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്തത്. ഇതില്‍ ഏകദേശം 339 ആളുകളെ ബി.എല്‍.എ പ്രവര്‍ത്തകര്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ട്രെയിന്‍ പാളം തെറ്റിക്കുകയും, ഹൈജാക്ക് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ 20ലധികം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 33 ഭീകരരെ കൊലപ്പെടുത്തിയതായി ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞിരുന്നു.
നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ബലൂച് ഭീകരര്‍ പാക് സൈന്യത്തെ ആക്രമിക്കുന്നത്. എന്നാല്‍ ബി.എല്‍.എയുടെ ആക്രമണത്തില്‍ പാക് സര്‍ക്കാര്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നല്‍കിയിട്ടില്ല.