'ബാലിയിലേത് ബാലിയിൽ. ഇത് ദൽഹിയാണ്'; ജി20 ദൽഹി പ്രഖ്യാപനത്തിലെ റഷ്യൻ പരാമർശത്തിൽ എസ്. ജയ്ശങ്കർ
national news
'ബാലിയിലേത് ബാലിയിൽ. ഇത് ദൽഹിയാണ്'; ജി20 ദൽഹി പ്രഖ്യാപനത്തിലെ റഷ്യൻ പരാമർശത്തിൽ എസ്. ജയ്ശങ്കർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 12:54 pm

ന്യൂദൽഹി: ഉക്രൈൻ വിഷയത്തിൽ ഉണ്ടായിരുന്ന ഭിന്നതകൾക്കൊടുവിൽ ദൽഹി പ്രഖ്യാപനം അംഗീകരിച്ച് ജി20 രാജ്യങ്ങൾ.

ഉച്ചകോടിക്ക് മുമ്പ് ചൈനയും റഷ്യയും പ്രഖ്യാപനത്തിൽ ഒപ്പ് വക്കില്ലെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. റഷ്യ-ഉക്രൈൻ വിഷയത്തിൽ സമവായത്തിലെത്താൻ സമയം ആവശ്യമാണെന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞിരുന്നു.

ദൽഹി പ്രഖ്യാപനം കഴിഞ്ഞ വർഷം ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനവുമായി താരതമ്യപ്പെടുത്തി റഷ്യയുടെ ഉക്രൈൻ കടന്ന് കയറ്റം പ്രഖ്യാപനത്തിൽ ഒഴിവാക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. “ബാലിയിലേത് ബലിയിലാണെന്നും ന്യൂ ദൽഹിയിലേത് ന്യൂ ദൽഹിയിൽ ആണെന്നുമായിരുന്നു” അദ്ദേഹത്തിന്റെ മറുപടി.

‘ബാലിയിലേത് ഒരു വർഷം മുമ്പായിരുന്നു. സാഹചര്യം ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. അതിന് ശേഷം ഒരുപാട് സംഭവങ്ങൾ ഉണ്ടായി. പ്രഖ്യാപനത്തിന്റെ ജിയോപൊളിറ്റിക്കൽ ഭാഗം എടുത്ത് നോക്കുകയാണെങ്കിൽ അതിൽ എട്ട് ഖണ്ഡികകൾ കാണാം. അതിൽ ഏഴും ഉക്രൈൻ വിഷയത്തെയാണ് പ്രതിപാദിക്കുന്നത്. സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളെയാണ് അതിൽ കൂടുതലും കാണിക്കുന്നത്.

ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന സാഹചര്യത്തിനോട് ബാലി എങ്ങനെയാണോ പ്രതികരിച്ചത് അതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യത്തിന് അനുസൃതമായി ന്യൂദൽഹി പ്രഖ്യാപനം മറുപടി നൽകുന്നത്,’ എസ് ജയ്ശങ്കർ പറഞ്ഞു.

ബാലി പ്രഖ്യാപനത്തിൽ ഒരു ഖന്ധികയിൽ “ഉക്രൈനെതിരായ റഷ്യൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ഉക്രൈന്റെ മണ്ണിൽ നിന്ന് പൂർണമായും നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു” എന്ന് പറയുന്നുണ്ടായിരുന്നു.

എന്നാൽ ന്യൂദൽഹി പ്രഖ്യാപനത്തിൽ ബാലിയെ പരാമർശിച്ചുകൊണ്ട് ഇങ്ങനെയാണ് പറയുന്നത്,
“ഉക്രൈനിലെ യുദ്ധം സംബന്ധിച്ച്, ബാലിയിലെ ചർച്ചകൾ ഓർമിക്കുമ്പോൾ, യു.എൻ സെക്യൂരിറ്റി കൗൺസിലിലും യു.എൻ ജനറൽ അസംബ്ലിയിലും അംഗീകരിച്ചിട്ടുള്ള നമ്മുടെ ദേശീയ നിലപാടുകളും പ്രമേയങ്ങളും നമ്മൾ ആവർത്തിച്ചു. എല്ലാ രാജ്യങ്ങളും പൂർണമായും യു.എൻ ചാർട്ടറിന്റെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തു.”

അതേസമയം, ചൈന പ്രഖ്യാപനത്തിൽ പൂർണ പിന്തുണ നൽകിയിരുന്നു എന്ന് ജയ്ശങ്കർ പറഞ്ഞു. അരുണാചൽ പ്രദേശിനെ ഉൾപ്പെടുത്തിക്കൊണ്ട് ചൈന പുറത്തുവിട്ട ഭൂപടം ഇന്ത്യ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് ചൈനയുടെ പിന്തുണ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

Content Highlight: ‘Bali Was Bali. This Is Delhi’: S Jaishankar On Russia References In ‘Delhi Declaration’