മഞ്ഞുമ്മല്‍ ബോയ്സിലെ യഥാര്‍ത്ഥ വെല്ലുവിളി ബാലന്‍സിങ്, ആദ്യം കണ്ടത് അവര്‍ തന്നെ: ചിദംബരം
Malayalam Cinema
മഞ്ഞുമ്മല്‍ ബോയ്സിലെ യഥാര്‍ത്ഥ വെല്ലുവിളി ബാലന്‍സിങ്, ആദ്യം കണ്ടത് അവര്‍ തന്നെ: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 11:38 am

കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍.എ.മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമയാണിത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം.

‘രാഷ്ട്രീയമോ ക്രൈമോ അല്ലാത്ത പ്രമേയമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നതിനാല്‍ ആ സംഭവത്തിലുള്‍പ്പെട്ട യഥാര്‍ത്ഥ വ്യക്തികളുടെ പേരുകള്‍ തന്നെ സിനിമയിലും ഉപയോഗിക്കാന്‍ പറ്റി. ഒരു കേസിനെക്കുറിച്ചുള്ള സിനിമയായിരുന്നെങ്കില്‍ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വന്നേനേ. പക്ഷേ, മഞ്ഞുമ്മലില്‍ എനിക്കത് ചെയ്യേണ്ടിവന്നിട്ടില്ല. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ് ആ സിനിമ ആദ്യം കണ്ടത്. കാരണം അവരുടെ അനുഭവത്തോട് നമ്മള്‍ നീതി പുലര്‍ത്തണം. കൂടാതെ പ്രേക്ഷകര്‍ക്കായി സിനിമാറ്റിക് അനുഭവവും കൊടുക്കണം,’ ചിദംബരം പറയുന്നു.

അത് ബാലന്‍സ് ചെയ്യുന്നതായിരുന്നു മഞ്ഞുമ്മല്‍ ബോയ്സിലെ യഥാര്‍ത്ഥ വെല്ലുവിളിയെന്നും ഒരാള്‍ കുഴിയില്‍ വീഴുന്നു, അയാളെ രക്ഷിക്കുന്നു എന്നതായിരുന്നു സിനിമയുടെ ആശയമെന്നും ചിദംബരം പറയുന്നു.

ഈ രണ്ട് സംഭവങ്ങള്‍ക്കിടയില്‍ എന്തൊക്കെ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരാമെന്നാണ് താന്‍ ആലോചിച്ചതെന്നും പറഞ്ഞ ചിദംബരം, എന്നാല്‍ ജാന്‍.എ.മന്‍ പെട്ടന്നെഴുതിയ തിരക്കഥയാണെന്നും കൂട്ടിച്ചര്‍ത്തു. ജാന്‍.എ.മന്‍ എഴുതാന്‍ താന്‍ എടുത്തത് ഒരു മാസമാണെന്നും എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എഴുതാന്‍ ഒരു വര്‍ഷത്തോളം സമയമെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരക്കഥയില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിതെന്നും പൊലീസ് സ്റ്റേഷനും ചായക്കടയുമെല്ലാം മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണെന്നും ചിദംബര പറഞ്ഞു.

എന്നാല്‍ അവയെ എങ്ങനെ പുതിയ രീതിയില്‍ കൊണ്ടുവരാം എന്നാണ് താന്‍ നോക്കുന്നത്. ഇതൊന്നുമില്ലാതെ എങ്ങനെ ഒരു കഥ പറയാം എന്നതും ഒരുതരം പരീക്ഷണമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Balancing is the real challenge in Manjummal Boys