മൊത്തത്തില്‍ ഒരു ലാലേട്ടന്‍ വൈബ്, ബാലയ്യയുടെ എനര്‍ജി അപാരം തന്നെ, 18 വര്‍ഷം മുമ്പുള്ള ബാലകൃഷ്ണയുടെ സ്‌റ്റേജ് ഡാന്‍സ് വൈറല്‍
Indian Cinema
മൊത്തത്തില്‍ ഒരു ലാലേട്ടന്‍ വൈബ്, ബാലയ്യയുടെ എനര്‍ജി അപാരം തന്നെ, 18 വര്‍ഷം മുമ്പുള്ള ബാലകൃഷ്ണയുടെ സ്‌റ്റേജ് ഡാന്‍സ് വൈറല്‍
അമര്‍നാഥ് എം.
Monday, 23rd February 2026, 1:35 pm

കൊവിഡ് സമയത്ത് മലയാളികള്‍ക്കിടയില്‍ ട്രോളുകളിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് നടനാണ് നന്ദമൂരി ബാലകൃഷ്ണ. ലോജിക്ക് എന്നത് അടുത്തുകൂടെ പോയിട്ടില്ലാത്ത ഫൈറ്റുകളാണ് ബാലകൃഷ്ണയെ ട്രോള്‍ മെറ്റീരിയലാക്കിയത്. കൊവിഡിന് ശേഷം ബാലകൃഷ്ണയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ഡാക്കു മഹാരാജ് എന്ന ചിത്രത്തിന് കേരളത്തില്‍ റിലീസില്ലാതിരുന്നിട്ടുകൂടി ഒ.ടി.ടിയില്‍ വന്‍ സ്വീകാര്യത ലഭിച്ചു. ഇപ്പോള്‍ ബാലകൃഷ്ണ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. 18 വര്‍ഷം മുമ്പ് സ്റ്റേജ് ഷോയില്‍ ബാലകൃഷ്ണ കളിച്ച ഡാന്‍സിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറി. 2007ല്‍ തെലുങ്ക് സിനിമയുടെ ഡയമണ്ട് ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ വജ്രോത്സവം എന്ന ഇവന്റിലായിരുന്നു ബാലയ്യയുടെ വൈറല്‍ ഡാന്‍സ്.

താരത്തിന്റെ കരിയറിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘നന്ദമൂരി നായകാ’ എന്ന പാട്ടിന് ചുവടുവെച്ചതാണ് വൈറലായത്. ബാലയ്യക്കൊപ്പം നിരവധി നായികമാരും സ്റ്റേജില്‍ ഡാന്‍സ് ചെയ്യാനുണ്ടായിരുന്നു. സുനൈന, കംന തുടങ്ങിയവരെല്ലാം ബാലയ്യക്ക് മുന്നില്‍ നിഷ്പ്രഭമാകുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.

ഡാന്‍സിന്റെ അവസാനം താരത്തിന്റെ കറങ്ങി ചാട്ടവും പലരെയും അത്ഭുതപ്പെടുത്തി. 47ാം വയസില്‍ ഇത്രയും എനര്‍ജിയില്‍ ഡാന്‍സ് ചെയ്ത ബാലയ്യക്ക് ഈ വീഡിയോയിലൂട നിരവധി ഫാന്‍സിനെയും ലഭിച്ചു. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ സ്‌റ്റേജ് ഷോകളില്‍ കളിക്കുന്ന ഡാന്‍സിന്റെ അതേ ഗ്രേസ് ഇതിനും ഉണ്ടെന്നാണ് വീഡിയോയുടെ താഴെ പലരും അഭിപ്രായപ്പെടുന്നത്.

‘കളിയാക്കുന്നവര്‍ക്ക് എന്തറിയാം, ഇത്രയും വലിയ സ്റ്റേജില്‍ അത്രയും വലിയ ക്രൗഡിന്റെ മുന്നില്‍ ഡാന്‍സ് ചെയ്യാന്‍ ചില്ലറ ധൈര്യം പോരാ, അതും ലൈവായി’, ‘ചുറ്റും അത്രയും നായികമാരുണ്ടായിട്ടും ലാസ്റ്റിലെ ചാട്ടം കൊണ്ട് സീന്‍ ബാലയ്യ തൂക്കി’, ‘റിയല്‍ ലൈഫ് രംഗണ്ണനെന്ന് ബാലയ്യയെ വിളിക്കാം. അജ്ജാതി എനര്‍ജി’ എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍.

ചിരഞ്ജീവി, നാഗാര്‍ജുന, എം.എം. കീരവാണി, പവന്‍ കല്യാണ്‍, രാജമൗലി, റാണാ ദഗ്ഗുബട്ടി തുടങ്ങി തെലുങ്ക് സിനിമയിലെ പല വമ്പന്മാരും വജ്രോത്സവം ഇവന്റില്‍ പങ്കെടുത്തിരുന്നു. 18 വര്‍ഷം മുമ്പുള്ള ഇവന്റില്‍ ബാലയ്യയുടെ സ്‌കോറിങ്ങ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബാലകൃഷ്ണ നമ്മള്‍ ഉദ്ദേശിച്ചയാളല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.


Content Highlight: Balakrishna’s dance in Vajrotsavam event viral after 18 years

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം