എന്റെ സഹായം വാങ്ങിയ അയാള്‍ ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ യൂട്യൂബില്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചു: ബാല
Entertainment news
എന്റെ സഹായം വാങ്ങിയ അയാള്‍ ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ യൂട്യൂബില്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചു: ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd May 2023, 5:39 pm

തന്റെ വീട്ടില്‍ വന്ന് സഹായം വാങ്ങിയിട്ടുള്ള സിനിമ മേഖലയില്‍ നിന്നുള്ള ഒരാള്‍, താന്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ കുറിച്ച് യൂട്യൂബ് ചാനലില്‍ മോശമായി സംസാരിച്ചുവെന്ന്‌ നടന്‍ ബാല. ബിഹൈന്‍സ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറെ ആളുകളുമായി തനിക്ക് പിണക്കമുണ്ടായിരുന്നു എന്നും എന്നാല്‍ താന്‍ ആശുപത്രിയിലായ സമയത്ത് ആദ്യം വന്നത് അവരായിരുന്നു എന്നും താരം പറഞ്ഞു.

‘ഞാന്‍ ഐസോലേഷന്‍ ഐ.സി.യുവില്‍ കിടക്കുമ്പോള്‍ പുറം ലോകം എന്താണെന്ന് എനിക്ക് അറിയാന്‍ പറ്റില്ലായിരുന്നു. ആ ഒരു അവസ്ഥ കഴിഞ്ഞിട്ടാണ് ഞാന്‍ റൂമിലേക്ക് വരുന്നത്. അപ്പോള്‍ ഓപ്പറേഷന്‍ ഒന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. റൂമില്‍ ഇരുന്നപ്പോള്‍ ഞാന്‍ ചില വീഡിയോസ് കണ്ടു, അപ്പോള്‍ തന്നെ ഫോണ്‍ ഓഫ് ചെയ്തു. എന്നിട്ട് ഫോണേ വേണ്ട എന്ന് തീരുമാനിച്ചു. പേരെടുത്തു പറയുന്നില്ല, സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാളാണ്. അദ്ദേഹം എന്റെ വീട്ടിലേക്ക് വന്ന്, എന്റെ വാതിലില്‍ തട്ടി, മെഡിക്കല്‍ സഹായം ചോദിച്ചു. ഞാനാണ് അതിന്റെ ബില്ല് അടച്ചത്.

സഹായം ചെയ്യുന്നതിന് കണക്കില്ലല്ലോ. പിന്നീട് ഞാന്‍ ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ദേഹം ഒരു യൂട്യൂബ് ചാനലില്‍ കയറി എന്നെ കുറിച്ച് മോശമായി പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. മരണകിടക്കയിലേക്ക് പോകുന്ന സമയം പോലും എനിക്ക് സുഖമാണോ എന്ന് ചോദിച്ചില്ല. തിരിച്ച് വരുമോ എന്ന് പോലും ചോദിച്ചില്ല. എന്റെ അടുത്ത് നിന്ന് സഹായവും, കാശും എല്ലാം കൊണ്ടു പോയിട്ട് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി ഇരിക്കുമ്പോള്‍ പുറം ലോകത്ത് ഇന്റര്‍വ്യു കൊടുക്കുകയാണ്.

എനിക്കും പിണക്കങ്ങളുണ്ടായിരുന്നു ചില ആളുകളോട്‌. പക്ഷെ ഞാന്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ അവരാണ് ആദ്യം ഓടിയെത്തിയത്. മനുഷ്യന്‍ മനുഷ്യനാവണമെങ്കില്‍ ബുദ്ധന്‍ ആവണമെന്നൊന്നുമില്ല. മനസാക്ഷി ഉണ്ടായാല്‍ മതി,’ ബാല പറഞ്ഞു.

content highlights; Bala talks about the person who spoke bad things about he when he was in the hospital