വിസമ്മതിച്ചിട്ടില്ല; സാമ്പിള്‍ ശേഖരിക്കാന്‍ നല്‍കിയത് കാലഹരണപ്പെട്ട കിറ്റുകള്‍: സസ്പെന്‍ഷനില്‍ പ്രതികരിച്ച് ബജ്‌റംഗ് പൂനിയ
national news
വിസമ്മതിച്ചിട്ടില്ല; സാമ്പിള്‍ ശേഖരിക്കാന്‍ നല്‍കിയത് കാലഹരണപ്പെട്ട കിറ്റുകള്‍: സസ്പെന്‍ഷനില്‍ പ്രതികരിച്ച് ബജ്‌റംഗ് പൂനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 4:00 pm

ന്യൂദല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സസ്പെന്‍ഷനില്‍ പ്രതികരിച്ച് ബജ്‌റംഗ് പൂനിയ. ഉത്തേജക വിരുദ്ധ ട്രയല്‍സില്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് ബജ്‌റംഗ് പൂനിയ പറഞ്ഞു. സാമ്പിള്‍ ശേഖരിക്കുന്നതിനായി കാലഹരണപ്പെട്ട കിറ്റാണ് അധികൃതര്‍ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. കാലഹരണപ്പെട്ട കിറ്റ് നല്‍കിയതില്‍ എന്ത് നടപടിയെടുത്തുവെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വിശദീകരിക്കണമെന്നും തനിക്ക് നല്‍കിയ നോട്ടീസിന് അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും ബജ്‌റംഗ് പൂനിയ വ്യക്തമാക്കി.

ട്രയല്‍സില്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 10ന് സാമ്പിള്‍ നല്‍കാനാണ് ഏജന്‍സി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബജ്റംഗ് പൂനിയ അതിന് തയ്യാറായിരുന്നില്ലെന്നും പിന്നീട് ഇത് സംബന്ധിച്ച് ഏജന്‍സി നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയില്ലെന്നുമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വ്യക്തമാക്കുന്നത്.

സസ്പെന്‍ഷന്‍ തുടരുകയാണെങ്കില്‍ അടുത്ത ഒളിമ്പിക്സിലടക്കം മത്സരിക്കുന്നതിന് ബജ്റംഗ് പൂനിയക്ക് തടസ്സമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാര്‍ച്ച് 10നാണ് സോളിപത്തില്‍ വെച്ച് ബജ്റംഗ് പൂനിയയും രോഹിത് കുമാറും തമ്മിലുള്ള ട്രയല്‍സ് നടന്നത്. ഇതില്‍ പൂനിയ പരാജയപ്പെടുകയും അതിനെ തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥലത്ത് നിന്ന് അദ്ദേഹം പുറത്ത് പോകുകയും ചെയ്തിരുന്നു.

പിന്നാലെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ബജ്റംഗ് പൂനിയയുടെ സാമ്പിളുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാമ്പിളുകള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് ഏപ്രില്‍ 13നാണ് ഏജന്‍സി പൂനിയക്ക് സാമ്പിളുകള്‍ നല്‍കാത്തത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നോട്ടീസിനുള്ള മറുപടിയും അദ്ദേഹം നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.

Content Highlight: Bajrang Poonia reacts to the suspension of the National Anti-Doping Agency