ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും 19 ആദിവാസി കുട്ടികളെയും തടഞ്ഞ് ബജ്റംഗ് ദള്‍
India
ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും 19 ആദിവാസി കുട്ടികളെയും തടഞ്ഞ് ബജ്റംഗ് ദള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 7:56 pm

ന്യൂദല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡിലെ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു കന്യാസ്ത്രീയെയും 19 ആദിവാസി കുട്ടികളെയും ചോദ്യം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍. കഴിഞ്ഞ വെള്ളിയാഴ്ച ട്രെയ്‌നില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബജ്റംഗ്ദളിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാല് ആണ്‍കുട്ടികളും പതിനഞ്ച് പെണ്‍കുട്ടികളും കന്യാസ്ത്രീയും അടങ്ങുന്ന സംഘത്തെ ഏകദേശം അഞ്ച് മണിക്കൂറോളം സ്റ്റേഷനില്‍ തടഞ്ഞുവെച്ചതായാണ് റിപ്പോര്‍ട്ട്.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായി ക്രിസ്ത്യന്‍ അവകാശ സംഘടനകള്‍ ആരോപിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

ഖര്‍സാവനിനും ജംഷഡ്പൂരിനും ഇടയിലുള്ള സൗത്ത് ബിഹാര്‍ എക്‌സ്പ്രസില്‍ തന്നെയും കുട്ടികളെയും രണ്ട് പുരുഷന്മാര്‍ പിന്തുടര്‍ന്നതായി കന്യാസ്ത്രീ പറഞ്ഞിരുന്നു. ജീവിത നൈപുണ്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സംഘമായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു, ഒരു ഘട്ടത്തില്‍, ടി.ടി.ഇ നിശബ്ദമായി എന്നോട് അവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചു. പിന്നീട്, ഒരു കുറ്റവാളിയെപ്പോലെ എന്നെ ഒരു വലിയ ജനക്കൂട്ടം പൊതിഞ്ഞു. യാത്രക്കാരും ടി.ടി.ഇയും പ്രായപൂര്‍ത്തിയാകാത്തവരുടെ മതത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി,’ കന്യാ സ്ത്രീ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഗ്രാമത്തലവനില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് തന്നോടൊപ്പം യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന കത്തുകള്‍ ടിക്കറ്റ് പരിശോധകനെ കാണിച്ചതായി കന്യാസ്ത്രീ ചൂണ്ടിക്കാട്ടിയത്.

‘ഞങ്ങള്‍ ഈ പരിപാടി കുറച്ച് മാസങ്ങള്‍ കൂടുമ്പോഴാണ് നടത്തുന്നത്, ഈ കുട്ടികള്‍ രണ്ടു വര്‍ഷത്തിലേറെയായി ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വന്തം മതം പിന്തുടരുന്നവരും അക്രൈസ്തവ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളും ഉണ്ട്. ചില കുട്ടികള്‍ ആധാര്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നില്ല, പ്രോഗ്രാമില്‍ ചേരാന്‍ അവര്‍ വൈകിയതാണ് കാരണം,’ കന്യാ സ്ത്രീ പറഞ്ഞു.

ടിക്കറ്റ് പരിശോധകന്‍ സംഘത്തെ പൊലീസിന് കൈമാറുമെന്ന് പറഞ്ഞതോടെ കന്യാസ്ത്രീ പ്രോഗ്രാം ഡയറക്ടറും പുരോഹിതനുമായ ബിരേന്ദ്ര ടെറ്റെയെ വിളിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍, വനിതാ പൊലീസുകാരില്ലാതെ കുട്ടികള്‍ പ്ലാറ്റ്ഫോമില്‍ ഇരിക്കുന്നത് കണ്ടതായി ടെറ്റെ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തെന്നും ടെറ്റെ പറഞ്ഞു.

ഇതുവരെ സംശയാസ്പദമായ ഒരു പ്രവര്‍ത്തനവും കണ്ടെത്തിയിട്ടില്ലെന്നും കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ യൂണിറ്റിന്റെ പങ്ക് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഉദ്യോഗസ്ഥനായ പ്രദീപ് ഗുപ്ത പറഞ്ഞു.

അതേസമയം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരിലൊരാള്‍ സംഘത്തിലെ ഒരു കുട്ടിയുടെ കയ്യിലെ രക്ഷാ ചരട് ശ്രദ്ധിച്ചെന്നും, ചോദ്യം ചോദിച്ചപ്പോള്‍ കുട്ടികള്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ലെവന്നും പറഞ്ഞു.

ജൂലൈയില്‍ മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേരളത്തില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകളെയും സുഖ്മാന്‍ മാണ്ഡവി എന്ന വ്യക്തിയെയും അയല്‍രാജ്യമായ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് സമാനമാണിത്. ഓഗസ്റ്റ് മാസം ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു.

Content Highlight: Bajrang Dal Restrict nun, 19 tribal children in Jharkhand on charges of religious conversion