കാണ്‍പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് തീവ്ര ഹിന്ദുത്വവാദികളായ ബജ്‌റഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ പാസ്റ്ററും മകനും അറസ്റ്റില്‍.
യു.പിയിലെ ഫത്തേപൂരില്‍ ഞായറാഴ്ച്ചയാണ് സംഭവം. പാസ്റ്റര്‍ ഡേവിഡ് (60) മകന്‍ അഭിഷേക് ഗ്ലാഡിയോണ്‍ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലിയും പണവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭാസവും വാഗ്ദാനം നല്‍കി നിരവധി ഹിന്ദു സ്ത്രീകളെ പളളിയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പള്ളിക്കുമുമ്പില്‍ പ്രതിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. യു.പിയിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദേവ് പ്രകാശ് പാസ്വാന്‍ എന്ന പ്രദേശവാസിയുടെ പരാതിയിലാണ് പാസ്റ്റര്‍ക്കും മകനും തിരിച്ചറിയാത്ത മറ്റ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് ഗ്രാമീണരെ ക്ഷണിക്കുന്നതിനായി പരസ്യ വാഹനം ഉപയോഗിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അരങ്ങേറി കൊണ്ടിരിക്കുന്ന മതപരമായ പീഡനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യി.സി.എഫ്) പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഡിസംബര്‍ 26ന് അയച്ച കത്തില്‍ 2024ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 814 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു.
2025 നവംബര്‍വരെ ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച് കൊണ്ട് ഏകദേശം 706 അക്രമസംഭവങ്ങള്‍ നടന്നതായും യു.സി.എഫ് കത്തില്‍ ചൂണ്ടികാട്ടി.
വ്യജ മതപരിവരിവര്‍ത്തന ആരോപണങ്ങളാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും യു.സി.എഫ് പറഞ്ഞു.
ഇത്തരത്തിലുള്ള 184 സംഭവങ്ങള്‍ യു.പിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്നില്‍ നില്‍ക്കുന്നതും സംസ്ഥാനം തന്നെയാണ്. 157 കേസുകളുമായി ഛത്തീസ്ഗഢ് തൊട്ടുപിന്നിലുണ്ടെന്നും സംഘടന കത്തില്‍ ചൂണ്ടികാട്ടി.
‘ഹിന്ദുത്വ ഗ്രൂപ്പുകളുമായി പൊലീസ് ഒത്തുകളിക്കുകയാണെന്നും ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ കണ്ണടക്കുകയാണെന്നും പറയുന്ന ‘ക്രിമിനലൈസിങ് പ്രാക്ടീസ് ഓഫ് ഫെയിത്ത്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിനെക്കുറിച്ചും കത്തില്‍ പറയുന്നുണ്ട്.
Content Highlight: Bajrang Dal protests over alleged religious conversion; Pastor and son arrested in UP
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.