മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം; ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
national news
മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം; ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2022, 12:02 pm

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. മുഷ്താഖ് അലി എന്ന ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയ ആര്‍.എസ്.എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സിദ്ധാരൂധ ശ്രീകാന്ത് നിരാലെ എന്നയാളാണ് ബാഗല്‍കോട്ട് പൊലീസിന്റെ പിടിയിലായത്.

സൗത്ത് കന്നഡ സ്വദേശിയാണ് ശ്രീകാന്ത്. ആര്‍.എസ്.എസ് പരിപാടികളുടെ സംഘാടകനാണ് ഇയാള്‍. മുഷ്താഖ് അലി എന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഇയാള്‍ ബി.ജെ.പി എം.എല്‍.സി ഡി.എസ്. അരുണിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.

വ്യാജ ഐ.ഡി ഉപയോഗിച്ച് ശ്രീകാന്ത് നിരാലെ വാര്‍ത്തകള്‍കളുടെയും രാഷ്ട്രീയ നേതാക്കളുടെ പോസ്റ്റുകള്‍ക്കും മറുപടിയായി വിദ്വേഷ കമന്റുകള്‍ ഇടുന്നത് പതിവായിരുന്നു.

ഒടുവില്‍ ബി.ജെ.പി എം.എല്‍.സി ഡി.എസ്. അരുണിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്ത് നിരാലെ പിടിയിലായത്.

ശിവമോഗയില്‍ ഹര്‍ഷ എന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈ ഐ.ഡി ഉപയോഗിച്ച് ശ്രീകാന്ത് നിരാലെ നിരവധി പ്രകോപന കമന്റുകള്‍ ഇട്ടിരുന്നു.

‘ഒരു ഹിന്ദു ആക്ടിവിസ്റ്റ് മരിച്ചു. ഇതില്‍ തീര്‍ന്നെന്ന് നിങ്ങള്‍ കരുതേണ്ട. വരും ദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും ലക്ഷ്യംവെയ്ക്കും,’ എന്നൊക്കെയായിരുന്നു കമന്റുകള്‍.