തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തുമ്പ പൊലീസാണ് ബെയ്ലിന്‍ ദാസിനെ പിടികൂടിയത്. കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിഭാഷകനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം സ്റ്റേഷന്‍ കടവ് ഭാഗത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. തുമ്പ എസ്.എച്ച്.ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
വഞ്ചിയൂര്‍ പൊലീസാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകയുടെ പരാതിയില്‍ തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ശ്യാമിലിയെ രണ്ട് തവണ അഭിഭാഷകന്‍ മര്‍ദിച്ചതായാണ് എഫ്.ഐ.ആര്‍.
ഇടത് കവിളിലേറ്റ ആദ്യത്തെ അടിക്ക് തന്നെ ശ്യാമിലി താഴെ വീഴുകയും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അടിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ തുടര്‍ന്ന് ബെയ്ലിന്‍ ദാസിന് ബാര്‍ കൗണ്‍സില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ (ബുധന്‍)യാണ് ബാര്‍ കൗണ്‍സില്‍ നടപടിയെടുത്തത്.
തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ബെയ്‌ലിന്‍ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. നേരത്തെ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ശ്യാമിലിയെ ജോലിയില്‍ നിന്ന് അഭിഭാഷകന്‍ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയിരുന്നു. തുടര്‍ന്ന് പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ശ്യാമിലിയെ അഭിഭാഷകന്‍ മര്‍ദിച്ചത്.
തുടര്‍ന്ന് ഓഫീസിനകത്ത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അത് സൂചിപ്പിക്കാനാണ് അഭിഭാഷകനെ സമീപിച്ചതെന്നും എന്നാല്‍ പരാതി പോലും കേള്‍ക്കാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കൂടാതെ താന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും അഭിഭാഷകന്‍ മര്ദിച്ചിട്ടുണ്ടെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.