17ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയായി എക്കോ പ്ലാന്‍ ചെയ്തു; പക്ഷേ കാളവണ്ടിക്കൊക്കെ വലിയ ചെലവ് വരും: ബാഹുല്‍ രമേശ്
Malayalam Cinema
17ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയായി എക്കോ പ്ലാന്‍ ചെയ്തു; പക്ഷേ കാളവണ്ടിക്കൊക്കെ വലിയ ചെലവ് വരും: ബാഹുല്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th November 2025, 5:40 pm

തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളോടെ മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. കിഷികിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ബാഹുല്‍ രമേശ് തന്നെയാണ്. സന്ദീപ് പ്രദീപ് നായകവേഷത്തിലെത്തിയ ചിത്രത്തില്‍ നരേന്‍, വിനീത്, അശോകന്‍, തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

ഇപ്പോള്‍ മീഡിയ വണ്‍ ഷോ മാളിന് നല്‍കിയ അഭിമുഖത്തില്‍ എക്കോ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ്. ആദ്യം 17ാം നൂറ്റാണ്ടില്‍ നടക്കുന്ന ഒരു കഥയായാണ് എക്കോ പ്ലാന്‍ ചെയ്തിരുന്നതെന്ന് ബാഹുല്‍ പറയുന്നു.

‘റസ്‌കിന് ബോണ്ട് നോവലുകള്‍ ഇഷ്ടമാണ്. അതൊക്കെ വായിക്കുമ്പോള്‍ ആ ടെറയിനെ കുറിച്ചും അന്നത്തെകാലത്തെ പല കാര്യങ്ങളെ കുറിച്ചും അറിയാന്‍ കഴിയും. അങ്ങനെ 1930കളില്‍ ഒന്ന് ലോക്കായതായിരുന്നു. ഏകദേശം അന്നത്തെ കാലത്ത് നടക്കുന്ന ഒരു കഥായി ചെയ്യാമെന്ന് ആദ്യം വിചാരിച്ചു. അത് വെച്ചിട്ടാണ് എഴുതാന്‍ തുടങ്ങുന്നത്.

കൊല്ലം കൃത്യമായി മെന്‍ഷന് ചെയ്തിരുന്നില്ല. എഴുതി തുടങ്ങുമ്പോള്‍ തന്നെ വണ്ടിയില്‍ ഒരു ആള്‍ വരുന്നുവെന്നാണ് എഴുതുന്നത്. അങ്ങനെ നോക്കുമ്പോള്‍, അവിടെ വണ്ടി പറ്റില്ല, കാളവണ്ടി വേണ്ടിവരും കാരണം ഇത് പഴയ കാലമാണല്ലോ. അങ്ങനെ കൊണ്ടുവരുന്നതിന് ഒരു വലിയ ചെലവ് വരും. ആദ്യമേ ചെറിയ സീനില്‍ തന്നെ അത്ര ചെലവ് വരികയാണെങ്കില്‍ പോകെ പോകെ പിന്നെയും അത് കൂടും,’ ബാഹുല്‍ പറയുന്നു.

അതുകൊണ്ട് അപ്പോള്‍ തന്നെ അങ്ങനെ ചെയ്യണ്ടെന്ന് വിചാരിച്ചുവെന്നും പോകാന്‍ പറ്റുന്നതിന്റെ മാക്‌സിമം ഏതാണെന്ന് കണ്ടെത്തിയെന്നും ബാഹുല്‍ പറഞ്ഞു. പിന്നെ തങ്ങള്‍ ഒരു ജീപ്പ് വരട്ടെ എന്ന് വിചാരിച്ചുവെന്നും അത് പറ്റുന്നതിലും ഒരു പഴയ ജീപ്പാക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ബാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് സിനിമ നിര്‍മിച്ചത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ഒറ്റ സിനിമയലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് ബാഹുല്‍ രമേശ്. കേരള ക്രൈം ഫൈല്‍സ് സീസണ്‍ ടൂവിന്റെ തിരക്കഥയിലൂടെയും തന്റെ കഴിവ് തെളിയിച്ച ബാഹുലിന്റെ മറ്റൊരു മാസ്റ്റര്‍ പീസാണ് എക്കോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content highlight: Bahul says that Eko was originally planned as a story set in the 17th century