കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച് സിനിമയില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബാഹുല്‍ രമേശ്. പിന്നീട് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കി അദ്ദേഹം ശ്രദ്ധേയനായി. അടുത്തിടെ വന്ന കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണിന്റെ തിരക്കഥയെഴുതിയതും അദ്ദേഹമാണ്.
തന്റെ വര്‍ക്കുകളില്‍ ബാഹുല്‍ മൃഗങ്ങളെ ഒരു പ്രധാന കഥാപാത്രമാക്കുന്നത് പ്രേക്ഷകര്‍ പലപ്പോഴായും കണ്ടിട്ടുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ബാഹുല്‍. കുട്ടിക്കാലത്ത് ആരെങ്കിലും കഥകള്‍ പറഞ്ഞുതരുമ്പോള്‍ അവയില്‍ പക്ഷികളും മൃഗങ്ങളും കടന്നുവന്നാല്‍ കൗതുകം കൂടാറുള്ളത് ഇപ്പോഴും താന്‍ ഓര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘മനസില്‍ ഇപ്പോഴും ആ കുട്ടിത്തം എലമെന്റ് കിടക്കുന്നുണ്ടാവണം. കിഷ്‌കിന്ധാകാണ്ഡം നാലോ അഞ്ചോ സീന്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് കുരങ്ങ് അതിലേക്ക് വന്നത്. അത് ഉപയോഗപ്പെടുത്തി കഥ വികസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു രസം തോന്നി. കിഷ്‌കിന്ധയുടെ എഴുത്ത് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആഗ്രഹം,
ഇനിയും ഭാവിയില്‍ ഒന്നുരണ്ട് തിരക്കഥകള്‍ കൂടി എഴുതാനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ അതിലും പ്രത്യക്ഷമായോ മെറ്റഫറിക്കലായോ ഒരു ആനിമല്‍ എസന്‍സ് കൊണ്ടുവന്ന് ഒരു ട്രിലജി ആക്കാന്‍ ശ്രമിക്കണമെന്ന്. എന്നുവെച്ചാല്‍ തുടര്‍ക്കഥകള്‍ എന്നല്ല. ഒരു കോമണ്‍ ഫ്‌ലേവര്‍/എസന്‍സ് ഉള്ള മൂന്ന് വ്യത്യസ്തത കഥകളുടെ പാക്കേജ്,’ ബാഹുല്‍ പറയുന്നു.
സിനിമയാക്കാന്‍ കഴിയാതെ വന്നാല്‍ മൂന്ന് കഥകളും ചേര്‍ത്ത് ഒരു കഥാസമാഹാരമെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഡെറാഡൂണ്‍ പശ്ചാത്തലത്തില്‍ വിഭിന്നമായ കഥകളെഴുതിയ റസ്‌കിന്‍ ബോണ്ടിന്റെയും മാല്‍ഗുഡി ഡെയ്സ് എഴുതിയ ആര്‍. കെ. നാരായണിന്റെയും രചനകള്‍ കുട്ടിക്കാലത്ത് ആസ്വദിച്ചുവായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.