ഒരു നേരംപോക്കിന് എഴുതിനോക്കി; എഴുതിക്കഴിഞ്ഞപ്പോഴും അത് സിനിമയാവും എന്നുറപ്പില്ലായിരുന്നു: ബാഹുല്‍ രമേശ്
Malayalam Cinema
ഒരു നേരംപോക്കിന് എഴുതിനോക്കി; എഴുതിക്കഴിഞ്ഞപ്പോഴും അത് സിനിമയാവും എന്നുറപ്പില്ലായിരുന്നു: ബാഹുല്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 10:59 pm

 

തിരക്കഥാകൃത്ത് ഛായാഗ്രഹകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബാഹുല്‍ രമേശ്. കക്ഷി അമ്മിണിപിള്ള, മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ നിര്‍വഹിച്ചു. കേരള ക്രൈം ഫയല്‍സ് 2വിനും തിരക്കഥയൊരുക്കിയത് ബാഹുല്‍ തന്നെയാണ്. തിരക്കഥാരചനയോടുള്ള താത്പര്യം ഏത് ഘട്ടത്തിലാണ് വന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കഥയെഴുതാന്‍ ഇഷ്ടമുണ്ടായിരുന്നു. കോളേജിലെത്തിയപ്പോള്‍ സീനിയേഴ്‌സിന്റെയും സുഹൃത്തുക്കളുടെയും ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥയെഴുതി. സിനിമയില്‍ എത്താന്‍ കഴിഞ്ഞാല്‍ എന്നെങ്കിലുമൊരിക്കല്‍ ഒരു സിനിമയ്ക്കു വേണ്ടിയെങ്കിലും തിരക്കഥയെഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിരക്കഥയെഴുത്ത് ഒരു ഗാമ്പിള്‍ കുടിയാണല്ലോ. എഴുതുന്നത് നല്ലതാവണമെന്നില്ല. നടക്കുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാനുമാവില്ല.

അതുകൊണ്ട് തത്കാലം സിനിമാറ്റോഗ്രഫി പ്രൊഫഷനായി കൊണ്ടുപോകാമെന്നും എഴുത്ത് ഒരു വിദൂരസ്വപ്നമായും മനസില്‍ വെച്ചു. കൊവിഡ് ലോക്ഡൗണ്‍ വന്നതാണ് വാസ്തവത്തില്‍ വഴിതെളിച്ചത്. ആ സമയത്ത് ഒരു നേരംപോക്കിന് എഴുതിനോക്കിയതായിരുന്നു കിഷ്‌കിന്ധാകാണ്ഡം. എഴുതിക്കഴിഞ്ഞപ്പോഴും സിനിമയാവും എന്നുറപ്പില്ലായിരുന്നു. ഭാഗ്യവശാല്‍ എങ്ങനെയോ നടന്നുകിട്ടി,’ ബാഹുല്‍ പറയുന്നു.

ബാഹുലിന്റെ എഴുത്തില്‍ പ്രകൃതി, മനുഷ്യവികാരങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെല്ലാം ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ടെന്നാണ്  സിനിമാപ്രേമികള്‍ പറയുന്നത്. അതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘അങ്ങനെ അടയാളപ്പെടുന്നുണ്ടെന്ന് കേള്‍ക്കുന്നതില്‍ സന്തോഷം. ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല. വായിച്ചോ കണ്ടോ കേട്ടോ ഉണ്ടായ പരിമിതമായ ലോകപരിചയം മാത്രമേ എനിക്കുള്ളൂ. ആ പരിമിതമായ ചേരുവകള്‍ വെച്ച് കഥയുണ്ടാക്കാനാണ് ശ്രമിക്കാറ്.

അറിഞ്ഞോ അറിയാതെയോ പലതും പറഞ്ഞും പഠിപ്പിച്ചും തന്ന രക്ഷിതാക്കളോടും സുഹൃത്തുക്കളോടുമാണ് നന്ദി പറയേണ്ടത്. ചോദ്യത്തില്‍ പരാമര്‍ശിച്ച ആഴം എഴുത്തില്‍ വന്നിട്ടുണ്ടെങ്കില്‍, അത് അവരുമായുള്ള അടുപ്പം കാരണം വന്നതാവാനേ സാധ്യതയുള്ളു. പിന്നെ, വായനയിലൂടെയും,’ബാഹുല്‍ രമേശ് കൂട്ടിച്ചേര്‍ത്തു.

Content highlight: Bahul ramesh about his  interest  in screenwriting