ഫസ്റ്റ് ബോളില്‍ സിക്‌സ് അടിച്ചതുപോലെയായിരുന്നു സന്ദീപിന്റെ ആ ഷോട്ട് : ബാഹുല്‍ രമേശ്
Malayalam Cinema
ഫസ്റ്റ് ബോളില്‍ സിക്‌സ് അടിച്ചതുപോലെയായിരുന്നു സന്ദീപിന്റെ ആ ഷോട്ട് : ബാഹുല്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th November 2025, 4:11 pm

 

ഏറെ നിരൂപക പ്രശംസ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് എക്കോ. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താനാണ് എക്കോ സംവിധാനം ചെയ്തത്. കിഷികിന്ധാ കാണ്ഡത്തിന് ശേഷം ഇരുവരും ഒന്നിച്ച സിനിമയില്‍ സന്ദീപ് പ്രദീപാണ് നായകവേഷത്തിലെത്തിയത്. സന്ദീപിന് പുറമെ നരേന്‍, അശോകന്‍, വിനീത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സിനിമക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനൊപ്പം ചിത്രത്തിലെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സുകളെ കുറിച്ചും നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇപ്പോള്‍ എക്കോയിലെ സന്ദീപിന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് ബാഹുല്‍.

‘ഫൈറ്റ് കഴിഞ്ഞ് തന്റെ കുട്ടികാലത്തെ കുറിച്ച് സന്ദീപ് പറയുന്ന മോണോലോഗില്‍ അവന്റെ പ്രകടനം നന്നായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അത് സന്ദീപിന്റെ ഫസ്റ്റ് ടേക്കാണ്. അത് ഷൂട്ടിങ്ങിന്റെ അവസാന ദിവസമായിരുന്നു. അന്ന് മഴയൊക്കെ ആയിട്ട് വലിയ ബുദ്ധിമുട്ടായിരുന്നു ഷൂട്ട് ചെയ്യാന്‍. ഫൈറ്റ് അത്രയും ഷൂട്ട് ചെയ്യാനുണ്ട്, സമയവുമില്ല, ഒരുപാട് വൈകിയാല്‍ കാടിന്റെ അകത്ത് വെളിച്ചവും കിട്ടുകയില്ല,’ ബാഹുല്‍ പറയുന്നു.

അങ്ങനെ ഒരു സാഹചര്യത്തിലാണ് ആ സീന്‍ അഭിനയിക്കേണ്ടി വന്നതെന്നും ആ ഡയലോഗില്‍ നമുക്ക് ഒരു വിട്ടുവീഴ്ച്ചയും കൊണ്ടുവരാന്‍ കഴിയില്ലായിരുന്നുവെന്നും ബാഹുല്‍ പറഞ്ഞു. അത് ഏറ്റവും മികച്ച പെര്‍ഫോമന്‍സിലൊന്നായി വരേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒറ്റ ടേക്കിലാണ് സന്ദീപ് ആ സീന്‍ ചെയ്തതെന്നും ഫസ്റ്റ് ബോളില്‍ തന്നെ സിക്‌സ് അടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പടക്കളം എന്ന സിനിമക്ക് ശേഷം സന്ദീപ് നായക വേഷത്തിലെത്തിയ സിനിമ കൂടിയായിരുന്നു എക്കോ. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ സന്ദീപ് ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളമാണ് നടന്റെ തലവര മമാറ്റി മറിച്ച ചിത്രം.

Content highlight: Bahul is talking about Sandeep’s performance in Eko