തന്റെ പുസ്തകം ആര്‍ക്കും നല്‍കി സ്വയം പരിചയപ്പെടുത്തുന്നത് തന്റെ രീതിയല്ലെന്നും ജീവിതത്തില്‍ ഇന്നേവരെ താന്‍ മദ്യപിച്ചിട്ടില്ലെന്നും നദ്‌വി കൂട്ടിച്ചേര്‍ത്തു. പുസ്തകത്തില്‍ സൂചിപ്പിച്ച 1985ല്‍ തനിക്ക് 35 വയസായിരുന്നു പ്രായമെന്നും അന്ന് തന്റെ താടി നരച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആ സമയത്ത് തന്നെ ഈ സംഭവത്തെ നിഷേധിച്ച് താന്‍ ചന്ദ്രിക ദിനപത്രത്തില്‍ എഴുതിയിരുന്നെന്നും മടവൂരില്‍ താന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ഈ ആരോപണം ഉയര്‍ന്നുവരാന്‍ കാരണമെന്നും നദ്‌വി പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ.എം പ്രഭാഷകന്‍ നാസര്‍ കൊളായി കാക്കനാടന്റെ പുസ്തകത്തിലുള്ള നദ്‌വിക്കെതിരായ പരാമര്‍ശങ്ങള്‍ ഒരു വേദിയില്‍ വായിച്ചിരുന്നു. പിന്നാലെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയില്‍ വന്നത്.
പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കുടജാദ്രിയില്‍ എന്ന പുസ്തകമുണ്ടെന്നും അത് എഴുതിയത് കാക്കനാടനാണെന്നുമാണ് നാസര്‍ കൊളായി പറഞ്ഞത്. ആ പുസ്തകത്തില്‍ കര്‍ണാടകയിലെ ഒരു ബസില്‍ സഞ്ചരിച്ചപ്പോഴുള്ള അനുഭവം അദ്ദേഹം പങ്കുവെക്കുന്നുണ്ടെന്നും അത് താന്‍ വായിക്കുകയാണെന്നും പറഞ്ഞാണ് നാസര്‍ തന്റെ വാക്കുകള്‍ ആരംഭിച്ചത്.
‘ബസ് വീണ്ടും നീങ്ങിത്തുടങ്ങിയപ്പോള്‍ നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അടുത്ത സീറ്റിലിരിക്കുന്ന പുരഷനോട് ഉച്ചത്തില്‍ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവള്‍ ബസില്‍ നിറയാന്‍ തുടങ്ങി. എന്നാല്‍ അവളില്‍ നിന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചത് മുന്‍സീറ്റിലിരുന്ന മധ്യവയസ്‌കനായ മുസ്‌ലിമായിരുന്നു.
വട്ടമുഖം, നരവീണ് തുടങ്ങിയ താടി, തലപ്പാവും ജുബ്ബയും മുണ്ടുമായിരുന്നു വേഷം. എന്റെ കൈയിലിരുന്ന ലഘുഗ്രന്ഥങ്ങള്‍ അദ്ദേഹം വാങ്ങിനോക്കി. ഞങ്ങള്‍ തമ്മില്‍ ആദ്യ സമ്പര്‍ക്കമുണ്ടായത് അങ്ങനെയാണ്. ഇസ്‌ലാമിനെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം സംസാരിച്ചത്. ആദ്യമെല്ലാം അദ്ദേഹത്തിന്റെ സംസാരം വിശുദ്ധനെപ്പോലെ തോന്നിയെങ്കിലും പ്രവൃത്തികളില്‍ അത് തോന്നിയില്ല. മുന്‍സീറ്റിലിരുന്ന ശൃംഗാരിപ്പെണ്ണിനോടുള്ള പെരുമാറ്റം വിശുദ്ധന്റേതായ തോന്നിയില്ല.
അത് ചിലപ്പോള്‍ എന്റെ നോട്ടത്തിന്റെ പിശകാകാം. എന്നിരുന്നാലും വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. എന്തെങ്കിലും ലഹരി ഉള്ളില്‍ ചെന്നതുകൊണ്ടാകാം നാവ് കുഴഞ്ഞത്. അതോ ഇനി വിശ്വാസത്തിന് ഇത്രയും ലഹരിയുണ്ടാകുമോ? ഇസ്‌ലാമും ക്രിസ്തുമതവും എന്ന പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. അപ്പോഴാണ് ഞാന്‍ അയാളുടെ പേര് മനസിലാക്കിയത്. ഗ്രന്ഥകര്‍ത്താവിന്റെ പേര് ബഹാവുദ്ദീന്‍ കൂരിയാട്,’ നാസര്‍ കൊളായി പറഞ്ഞു.
Content Highlight: Bahauddeen Nadwi replied to Nasar Koalyi’s statement