സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാൻ, ഈ പട്ടണത്തിൽ ഭൂതം ഉൾപ്പെടെയുള്ള ജനപ്രിയ സിനിമകൾ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.
തന്റെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിലെയും ചാനൽ പരിപാടികളിലെയും ദ്വയാർഥ പ്രയോഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.
‘കഴിവതും ദ്വയാർഥ പ്രയോഗങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. കുടുംബവുമായി ഒരു സിനിമ കാണുമ്പോൾ അതിൽ വളിച്ചതോ മോശപ്പെട്ടതോ ആയ പ്രയോഗങ്ങൾ കാണേണ്ടിയും കേൾക്കേണ്ടിയും വരുമ്പോൾ നമ്മളിലുണ്ടാകുന്ന മനഃപ്രയാസത്തെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കാവുന്നതേയുള്ളൂ.
അത്തരം കാട്ടിക്കൂട്ടലുകൾ കാണുന്ന നമ്മുടെ കുട്ടികൾ ഒന്നും മനസിലാകാതെ ചിന്തിക്കുന്നുണ്ടാകും, ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കുന്നതെന്ന്. അവരുടെ ആ സംശയം തീർക്കാൻ രക്ഷിതാക്കൾക്കുപോലും സാധിക്കാതെ വരികയും തമാശയുടെ രൂപം ഇതാണെന്ന് കുട്ടികൾ മനസിരുത്തി ചിന്തിക്കുകയും ചെയ്യും,’ ജോണി ആന്റണി പറയുന്നു.
അത്തരം വളിപ്പ് തമാശകളും സംസാരങ്ങളും ആ സിനിമയിൽ നിന്ന് പ്രേക്ഷകനെ അകറ്റിനിർത്താനേ ഇടവരുത്തൂവെന്നും അവിടെ തമാശ സാധ്യമാകണമെന്നില്ലെന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു. അവയെ ഒഴിവാക്കുക തന്നെയാണ് സിനിമക്കും ചാനൽ ഷോകൾക്കും എന്നും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
റീൽസിലായാലും സിനിമയിലായാലും സോഷ്യൽ മീഡിയയിലായാലും ഒരു പരിധിവരെ സത്യൻ അന്തിക്കാട്, പ്രിയദർശൻ, ശ്രീനിവാസൻ, സിദ്ദീഖ് ലാൽ, റാഫി മെക്കാർട്ടിൻ, അശോകൻ-താഹ തുടങ്ങിയവരെല്ലാം ഉണ്ടാക്കിവെച്ചതല്ലാതെ അതിനപ്പുറത്തേക്കുള്ള ഒരു തമാശയും കാര്യമായി ഉണ്ടായിട്ടില്ലെന്നും അവർ ഉണ്ടാക്കിയതിന് മുകളിൽ നിൽക്കുന്ന ഒരു കോമഡി സിനിമയും ഇന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
Content Highlight: Bad language should be removed from movies says Johny Antony