ന്യൂദല്‍ഹി: വിപണിയില്‍ നിന്ന് പതഞ്ജലിയുടെ നാല് ടണ്‍ മുളകുപൊടി തിരിച്ചുവിളിച്ചു. ഭക്ഷ്യ സുരക്ഷാ പരിശോധനയില്‍ മുളകുപൊടിയില്‍ മാലിന്യവും വിഷാംശവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
200 ഗ്രാമിന്റെ മുളകുപൊടി പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ഫുഡ് സേഫ്റ്റി ആന്റ് സാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)യുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ജനുവരി 13നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് എ.ജെ.ഡി 2400012 എന്ന ബാച്ച് നമ്പറുകളിലുള്ള പാക്കറ്റുകളാണ് വിപണിയില്‍ നിന്ന് പതഞ്ജലി തിരിച്ചെടുക്കേണ്ടത്.
എഫ്.എസ്.എസ്.എ.ഐ റിപ്പോര്‍ട്ടിന് പിന്നാലെ മുളകുപൊടി തിരിച്ച് ഏല്‍പ്പിച്ചാല്‍ പണം തിരികെ നല്‍കാമെന്ന് പതഞ്ജലി സി.ഇ.ഒ സഞ്ജയ് ജീവ് അസ്താന അറിയിച്ചു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സ്ഥാപനം ഇതുവരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടില്ല.
നേരത്തെ വെജിറ്റേറിയന്‍ ബ്രാന്‍ഡായ പതഞ്ജലിയുടെ പാല്‍പ്പൊടിയില്‍ മത്സ്യത്തിന്റെ സത്ത് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഉപഭോക്താവ് ദല്‍ഹി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് പതഞ്ജലിയുടെ 14 മരുന്നുകളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ പരസ്യങ്ങള്‍ക്കെതിരെ രാജ്യത്താകമാനമുള്ള 11 കേസുകളില്‍ പത്തും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലായി ഡ്രഗ്സ് വിഭാഗം പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാബ രാംദേവ്, രാംദേവിന്റെ അസോസിയേറ്റായ ആചാര്യ ബാലകൃഷണ, പതഞ്ജലി ആയുര്‍വേദ് കമ്പനിയുടെ ഉത്പന്നങ്ങള്‍ കേരളത്തില്‍ വിപണനം ചെയ്യുന്ന ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെയാണ് കേസ് ചുമത്തിയിട്ടുള്ളത്. ഈ കേസുകളിലൊന്നും പ്രതികള്‍ കോടതിയില്‍ ഇതുവരെ ഹാജരായിട്ടില്ല.
Content Highlight: Backlash again; Patanjali recalled four tonnes of chilli powder