ആ ഹാസ്യതാരം ചെയ്യാനിരുന്ന വേഷത്തിലേക്കാണ് എന്നെ വിളിച്ചത്, ഒഴിവാക്കി വിടാനായി വലിയ പ്രതിഫലം ചോദിച്ചു: ബാബുരാജ്
Entertainment news
ആ ഹാസ്യതാരം ചെയ്യാനിരുന്ന വേഷത്തിലേക്കാണ് എന്നെ വിളിച്ചത്, ഒഴിവാക്കി വിടാനായി വലിയ പ്രതിഫലം ചോദിച്ചു: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th November 2022, 6:10 pm

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലേക്ക് താന്‍ ചെയ്ത വേഷത്തിനായി ആദ്യം സമീപിച്ചത് സലീം കുമാറിനെയായിരുന്നുവെന്ന് ബാബുരാജ്. പിന്നീട് വ്യത്യസ്തക്ക് വേണ്ടിയാണ് തന്നെ സമീപിച്ചതെന്നും സ്ഥിരം ലഭിക്കാറുള്ള റോള്‍ ആയിരിക്കുമെന്ന് വിചാരിച്ച് താന്‍ ഒഴിവാക്കി വിടാനായി വലിയ തുക പ്രതിഫലമായി ചോദിച്ചിരുന്നുവെന്നും ബാബുരാജ് പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ശരിക്കും സലീം കുമാര്‍ ആയിരുന്നു എന്റെ റോള്‍ ചെയ്യേണ്ടത്. ആദ്യം അവര്‍ തീരുമാനിച്ചിട്ട് പിന്നെ മാറ്റി എന്നെ വിളിച്ചതാണ്. ഒരു ചേഞ്ചിന് വേണ്ടിയാണ് എന്നെ ആ സിനിമയില്‍ പിടിച്ച് ഇട്ടത്. ബാബു ആണോ ആ കഥാപാത്രം ചെയ്യുന്നതെന്ന് ലാലേട്ടന്‍ അതിശയത്തോടെ ചോദിച്ചിരുന്നു.

എന്നെ വിളിച്ചപ്പോള്‍ വലിയ താല്‍പര്യം തോന്നിയില്ലായിരുന്നു. എന്തെങ്കിലും ഇടികൊള്ളാനുള്ളതായിരിക്കുമെന്ന് ഞാന്‍ കരുതി. സാധാരണ ഇടിപടത്തിനാണ് വിളിക്കുക. അതുകൊണ്ട് തന്നെ താല്‍പര്യം ഇല്ലാത്തത് കൊണ്ട് വിളിച്ചപ്പോള്‍ ആദ്യം അവരോട് പറഞ്ഞത് ശമ്പളമാണ്.

എനിക്ക് നിങ്ങള്‍ രണ്ട് ലക്ഷം രൂപ തന്നാല്‍ ഞാന്‍ വരാമെന്ന് അവരോട് പറഞ്ഞു. ആ സിനിമ ഒഴിവാക്കാന്‍ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞത്. പിന്നെ വിളിച്ചിട്ട് പറഞ്ഞു അതൊക്കെ ഓക്കെയാണ് ബാബുവിനെ ആഷിഖിന് ഒന്ന് കാണണമെന്ന് പറഞ്ഞു. ഫ്‌ളാറ്റില്‍ ചെന്നപ്പോള്‍ അവിടെ ഷൈന്‍ ടോം ചാക്കോ തുടങ്ങി ഇപ്പോഴത്തെ ടീംസ് എല്ലാമുണ്ട്.

ചെന്നപ്പോള്‍ തന്നെ സ്‌ക്രിപ്റ്റ് ഒന്നും കേള്‍ക്കാതെ ഞാന്‍ നേരെ ചെന്നത് അടുക്കളയിലേക്കാണ്. വാ നമുക്ക് കുക്ക് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവരും വന്നു. ഞങ്ങള്‍ പുറത്ത് പോയിട്ട് ചിക്കന്‍, കപ്പ തുടങ്ങി എല്ലാം വാങ്ങി കുക്ക് ചെയ്ത് തുടങ്ങിയപ്പോള്‍ ദിലീഷ് എന്നോട് പറഞ്ഞു ഇതാണ് ചേട്ടന്റെ കഥാപാത്രമെന്ന്. അപ്പോഴാണ് അവര്‍ കഥപറയുന്നത്. കഥകേട്ടപ്പോള്‍ ദൈവമെ ചീറ്റിപോയിരുന്നെങ്കില്‍ ഒരു ചേഞ്ച് സംഭവം പോയേനെ എന്ന് ഞാന്‍ വിചാരിച്ചിരുന്നു. അങ്ങനെയാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറിലേക്ക് വരുന്നത്,” ബാബുരാജ് പറഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്ത് 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ലാല്‍, ശ്വോത മേനോന്‍, ആസിഫ് അലി തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂമനാണ് അവസാനമായി ഇറങ്ങിയ ബാബുരാജിന്റെ ചിത്രം.

content highlight: baburaj about salt n pepper movie