തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ മമ്മൂക്ക ഒപ്പമുള്ളവരെ നോക്കും, എന്നെ അങ്ങനെ നോക്കിയതാണ്: ബാബുരാജ്
Entertainment news
തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ മമ്മൂക്ക ഒപ്പമുള്ളവരെ നോക്കും, എന്നെ അങ്ങനെ നോക്കിയതാണ്: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th August 2023, 5:15 pm

മമ്മൂട്ടിക്കൊപ്പമുള്ള ബന്ധത്തെ പറ്റി സംസാരിക്കുകയാണ് ബാബുരാജ്. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആര്‍ട്ടിസ്റ്റിനെയും അദ്ദേഹം കൊണ്ടുനടക്കുമെന്നും അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നാല്‍ മാത്രം മതിയെന്നും ബാബുരാജ് പറഞ്ഞു. അങ്ങനെ അദ്ദേഹം കൊണ്ട് നടന്ന ഒരാളാണ് താനെന്നും അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്നേഹവുമുണ്ടെന്നും ബാബുരാജ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുടെ പ്രായമൊക്കെ വിടൂ, അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം കണ്ടുപഠിക്കേണ്ടതാണ്. ഈ ഒരു സമയത്തും അദ്ദേഹം കറക്ടായി ശരീരം നോക്കും, വ്യായാമം ചെയ്യും, ഭക്ഷണം കറക്ടായി കഴിക്കും. അതൊക്കെ സിനിമയോടുള്ള ഭ്രാന്തുകൊണ്ടാണ്. അദ്ദേഹം ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്യും ഒരു പരിധി വരെ.

അതായത് സ്വന്തം ചിറകിലാകുന്നത് വരെ തള്ളക്കൊഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആര്‍ട്ടിസ്റ്റിനെയും അദ്ദേഹം കൊണ്ടുനടക്കും. സ്വന്തമായി ഓക്കെയായാല്‍ പിന്നെ ആവശ്യമില്ലലോ. അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നാല്‍ മാത്രം മതി.

അങ്ങനെ അദ്ദേഹം കൊണ്ട് നടന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്നേഹവുമുണ്ട്. അദ്ദേഹത്തെ കണ്ട് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എങ്ങനെയാകണം സിനിമ, എത്രത്തോളം വേണം, എല്ലാ കാര്യങ്ങളും അദ്ദേഹത്തെ കണ്ടുപഠിക്കാനുണ്ട്. സിനിമയില്‍ ജാഡ വേണം, അഹങ്കാരം വേണം, സിനിമയില്‍ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം.

അതുപോലെ തന്നെ സിനിമയില്‍ സ്നേഹം വേണം, എവിടെ വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയെ കണ്ട് പഠിക്കണം,’ ബാബു രാജ് പറഞ്ഞു.

കുഞ്ഞമ്മണീസ് ഹോസ്പിറ്റലാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ബാബുരാജിന്റെ ചിത്രം. നവാഗതനായ സനല്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ഇന്ദ്രജിത്ത്, നൈല ഉഷ, പ്രകാശ് രാജ്, സരയൂ മോഹന്‍, ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിച്ചത്. ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന് അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണമെഴുതിയത്.

Content Highlight: Baburaj about Mammootty