പഴയ സമരവും പുതിയ സമരവും
Editorial
പഴയ സമരവും പുതിയ സമരവും
ന്യൂസ് ഡെസ്‌ക്
Friday, 22nd November 2013, 11:32 am

അന്നും പ്രശ്‌നം പള്ളിയുടെ സ്വത്ത് സമ്പാദനവും വാണിജ്യതാത്പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസബില്ല് നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും കൈവിട്ടുപോകുമെന്നും അതിന് പകരം സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും പരിശുദ്ധ പിതാക്കള്‍ വിശ്വാസികളെ വിശ്വസിപ്പിച്ചു.


എഡിറ്റോ-റിയല്‍/ ബാബു ഭരദ്വാജ്

babu-baradwajകത്തോലിക്കാപള്ളിയും പട്ടക്കാരും ഇതിന് മുന്‍പ് ഇങ്ങിനെ സമരോത്സുകമായ കാലം 54 വര്‍ഷം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 1959 ല്‍. അന്നത്തെ പ്രകോപനം കാര്‍ഷികബന്ധബില്ലും വിദ്യാഭ്യാസ ബില്ലും ആയിരുന്നു.

ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയുടെ കാലം. അന്നും പള്ളികളില്‍ ഇടയലേഖനങ്ങള്‍ വായിച്ചും വിശ്വാസികളോട് പ്രകോപനം നിറഞ്ഞ ഭാഷയില്‍ സംസാരിച്ചും പള്ളികളില്‍ കൂട്ടമണിയടിച്ച് വിശ്വാസികളെ തെരുവിലിറക്കിയും കാത്തോലിക്കാപള്ളി അതിന്റെ  അസഹിഷ്ണതയുടെ മുഖം കാണിച്ചു.

ദൈവത്തിന്റേയും മനുഷ്യരുടേയും ഭാഷയില്‍ മാത്രമല്ല ചെകുത്താന്റെ ഭാഷയിലും തങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് പരിശുദ്ധ പിതാക്കള്‍ തെളിയിച്ചു. “” നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം, നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം”” എന്നൊക്കെയുള്ള ആപ്തവാക്യങ്ങള്‍ അവര്‍ മറന്നു.

ലോകം ഇതാ പൊളിഞ്ഞു വീഴാന്‍ പോവുന്നു എന്നവര്‍ നെഞ്ചത്തടിച്ച് കരഞ്ഞ് കുഞ്ഞാടുകളെ കൊള്ളിവെപ്പിന് പറഞ്ഞിറക്കി. ഇന്നത്തെപ്പോലെ ഒരുപാട് മാഫിയാ സംഘങ്ങളും അവര്‍ക്കൊക്കെ ജെ.സി.ബിയും ടിപ്പര്‍ ലോറികളും ഒരുപാട് ഉണ്ടായിരുന്നില്ലെങ്കിലും കേരളത്തിലെ പൊതുജീവിതത്തെ മലീമസമാക്കാനുള്ള സംഘബലവും പേശീബലവും പള്ളിയുടേയും പരീശന്മാരുടേയും സംഘത്തിന് ഉണ്ടായിരുന്നു.

അന്നും പ്രശ്‌നം പള്ളിയുടെ സ്വത്ത് സമ്പാദനവും വാണിജ്യതാത്പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസബില്ല് നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും കൈവിട്ടുപോകുമെന്നും അതിന് പകരം സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും പരിശുദ്ധ പിതാക്കള്‍ വിശ്വാസികളെ വിശ്വസിപ്പിച്ചു.

പ്രധാനപേടി അധ്യാപകരെ നിയമിക്കാനുള്ള അധികാരം കൈവിട്ടുപോകുമെന്നതായിരുന്നു. അതോടെ അധ്യാപക നിയമനത്തിലൂടെ കയ്യില്‍ വന്നു ചേരുന്ന കോഴപ്പണത്തിന്റെ നഷ്ടമാണവരെ പ്രകോപിപ്പിച്ചത്.

അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കാന്‍ തുടങ്ങുന്നതോടെ അധ്യാപകരുടെ വേതനത്തില്‍ പള്ളിനടത്തിയിരുന്ന കടും വെട്ടിപ്പിന്റെ സാധ്യതകള്‍ ഇല്ലാതാവും.

ക്രിസ്ത്യാനികളെ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനം ചെയ്യാന്‍ പോവുന്നു എന്നായിരുന്നു നിലവിളി. കാര്‍ഷിക ബന്ധങ്ങളില്‍ നിയമമാവുന്നതോടെ ഭൂമിയ്ക്ക് പരിധി വരുന്നതോടെ പള്ളിക്കാരുടെ അരുമകളായ ജന്മികളുടെ ഭൂമി നഷ്ടപ്പെടും. അതും പള്ളിയുടെ പ്രശ്‌നമാണ്.

അന്നൊന്നും തുച്ഛവേതനക്കാരായ ക്രിസ്ത്യാനി അധ്യാപകരുടേയും മണ്ണില്‍ പണിയെടുക്കുന്ന ക്രിസ്ത്യന്‍ കര്‍ഷകത്തൊഴിലാളികളുടേയും കുടികിടപ്പുകാരുടേയും കാര്യം പള്ളിയുടെ പ്രശ്‌നമേ ആയിരുന്നില്ല.

അത്രയേറെ വിപ്ലവകരമായ നിയമനടപടികളൊന്നുമായിരുന്നില്ല പ്രഖ്യാതമായ ഈ ബില്ലുകള്‍. പള്ളി പേടിച്ചതുപോലെ കുന്നിന്‍ പുറങ്ങളിലെ എസ്റ്റേറ്റുകളെ കാര്‍ഷികബന്ധങ്ങളില്‍ തൊട്ടില്ല. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ ഭൂമി കിട്ടിയതൊക്കെ മണ്ണില്‍ പണിയെടുക്കാത്ത പാട്ടക്കാരനും ഇടത്തട്ടുകാരനുമാണ് കര്‍ഷകത്തൊഴിലാളികളും എസ്റ്റേറ്റ് ജീവനക്കാരും പണിയെടുക്കുന്ന പാവങ്ങളുമൊക്കെ ക്രൂരമായി വഞ്ചിക്കപ്പെട്ടു.

മണ്ണില്‍ പണിയെടുക്കുന്നവന് ഇന്നും ഭൂമിയില്ല. അവരൊക്കെ തൊഴിലുറപ്പ് പദ്ധതിയുടെ ഉച്ഛിഷ്ടം ഭുജിക്കുന്നവരായി. കൃഷിക്കാരനൊപ്പം കാലാകാലങ്ങളായി ഭൂമിക്ക് വേണ്ടി പടപൊരുതിയ കര്‍ഷകത്തൊഴിലാളികള്‍ വഴിയാധാരമായി. അന്നും പള്ളി സമരസന്നദ്ധമായത് വിശ്വാസികളായ സാധാരണക്കാര്‍ക്ക് വേണ്ടിയല്ല. പണക്കാരായ എസ്റ്റേറ്റ് മുതലാളിമാര്‍ക്കും വിദ്യാഭ്യാസ പണിയാളുകള്‍ക്കും വേണ്ടിയാണ് പള്ളിയുടെ സ്വത്ത് വര്‍ധിപ്പിപ്പിക്കാന്‍ വേണ്ടിയാണ്.

കമ്മ്യൂണിസ്റ്റുമാനിഫെസ്റ്റോയുടെ പ്രസിദ്ധമായ ആമുഖ വാചകം തുടങ്ങുന്നത് ഇങ്ങിനെയാണ് “” ഒരു ദുര്‍ഭൂതം യൂറോപ്പിനെ ആവേശിച്ചിരിക്കുന്നു”” ഈ ദുര്‍ഭൂതത്തെ ഭരണാധികാരികള്‍ക്കും പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും ഏകാധിപതികള്‍ക്കുമൊക്കെ പേടിയാണ്. ആ ദുര്‍ഭൂതം കമ്മ്യൂണിസമാണ്. കമ്യൂണിസത്തിനെതിരെ പടയ്ക്കിറക്കിയവരെ കളിയാക്കാനാണ് മാര്‍ക്‌സും ഏംഗല്‍സും ഈ വാചകം കുറിക്കുന്നത്.

മാനിഫെസ്റ്റോ പുറത്തിറക്കിയത് വിമോചന സമരം നടക്കുന്നതിന് നൂറുവര്‍ഷത്തിലേറെ കാലത്തിന് മുമ്പാണ്. ഇന്ന് പള്ളിയുടെ ഭാഷയില്‍ കമ്യൂണിസം ദുര്‍ഭൂതം തന്നെയാണ്. ഇന്ന് പള്ളിക്കാര്‍ സമരത്തിനിറങ്ങുന്നത് ഈ ദുര്‍ഭൂതത്തിനെതിരെയല്ല. അന്ന് പള്ളി വളര്‍ത്തിക്കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയ്ക്കും ചാണ്ടിയുടെ സര്‍ക്കാരിന് എതിരെയുമല്ല. സ്വത്തിനെന്നെങ്കിലും കോട്ടം തട്ടുമോ എന്ന ഭീതി തീര്‍ക്കാന്‍ കേന്ദ്ര ഭരണകൂടങ്ങള്‍ ഇടപെടാന്‍ വേണ്ടിയാണ്.

ഇപ്പോള്‍ പള്ളി കലിതുള്ളുന്നത് അന്നത്തെപ്പോലെ പള്ളി കയ്യടക്കിയ ഭൂമിയും സ്വത്തും സംരക്ഷിക്കാനാണ്. അവര്‍ വളര്‍ത്തിക്കൊണ്ടുവന്ന മാഫിയകള്‍ക്ക് ലാഭം കൊയ്യാനാണ്. പള്ളിയുടെ യഥാര്‍ത്ഥ ദൈവം ആരാണ്? യഹോവയല്ല, പിതാവും പുത്രനും പരിശുദ്ധാത്മാവും അല്ല. ലാഭം തന്നെയാണ്.

ലാഭത്തിന് ഇടിവ് തട്ടുന്ന കാര്യം വരുമ്പോള്‍ പള്ളി ആര്‍ക്കെതിരെയും തിരിയും. ഇന്ന് അവര്‍ക്ക് കൂട്ടായി അന്നവര്‍ ആര്‍ക്കെതിരെ സമരം ചെയ്‌തോ അവരും ഉണ്ട്.- ഇടതുപക്ഷം. ആര്‍ക്കാണ് അപചയം പിണഞ്ഞത്. പൊതുസമൂഹം ഇതാലോചിക്കാതിരിക്കില്ല.

ഇന്ന് പള്ളിയും അവര്‍ക്കൊപ്പം ഇടതുപക്ഷവവും സമരം നടത്തുന്നത് ഒരേകാര്യത്തിനുവേണ്ടിയാണ്. മാഫിയകളെ രക്ഷിക്കാന്‍ പള്ളിക്ക് മാത്രമല്ല മാഫിയകള്‍ ഉള്ളത് ഇടതുപക്ഷത്തിനും ഉണ്ടെന്ന് തെളിയിക്കാനാണോ ഈ സമരഭാസം.

അന്നത്തെ സമരത്തിനും ഇന്നത്തെ സമരത്തിനും സമാനതകള്‍ ഏറെ. ഒന്നാമത് അന്നത്തെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചതുപോലെ വിപ്ലവമൊന്നുമായിരുന്നില്ല ഈ ബില്ലുകള്‍. എങ്കിലും അതിനൊരു പുരോഗമന സ്വഭാവം ഉണ്ടായിരുന്നു.

ഇന്ന് പള്ളിയും പാര്‍ട്ടിയും കൈകോര്‍ക്കുന്ന സമരം ഈ ഭൂഖണ്ഡത്തിലെ മനുഷ്യന്റെ ആവാസവ്യവസ്ഥകളെ പരിമിതലാഭത്തിനായി ഇല്ലാതാക്കാനാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് ഈ സര്‍വനാശത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ഗാഡ്ഗിലില്‍ നിന്ന് കസ്തൂരിരംഗനിലേക്കുള്ള മാറ്റം ഉദ്ദേശലക്ഷ്യങ്ങളെ ഇല്ലാതാക്കലാണ്.

പരിമിതമായ നിബന്ധനകള്‍ പോലും എതിര്‍ക്കുന്നതിലൂടെ ചൂഷണം വ്യാപകമാക്കാനുള്ള ആഹ്വാനമാണ് ഈ സമരാഭാസം. അരിതിന്ന് ആശാരിച്ചിയേയും കടിച്ച് എന്നിട്ടും നായ മുന്നോട്ടുതന്നെ എന്ന ഗ്രാമീണ സാക്ഷ്യത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കോലാഹലം. ഈ കൂട്ടുകെട്ടുകളുടെ അവിഹിതമായ ഇടപെടലുകളാണ് മഹത്തായ ഉദ്ദേശലക്ഷ്യങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയത്. എന്നിട്ടും മുറുമുറുപ്പ് തീര്‍ന്നില്ല.

പള്ളിയുടെ പൊതുസമൂഹവും പാര്‍ട്ടിയുടെ പൊതുസമൂഹവും ഒന്നുതന്നെയാണോ എന്നാണിനി അറിയാനുള്ളത്. ” എങ്കില്‍ ഹാ കഷ്ടം ജനങ്ങളുടെ കാര്യം പറയാനിനി ആരാണുള്ളത് ” .

അന്‍പത് കൊല്ലത്തിന് മുന്‍പുള്ളതിനേക്കാള്‍ ലാഭവും വ്യാപാരതാല്പര്യവും സംവിധാനവും ഇന്ന് ആറിരട്ടിയിലേറെ വര്‍ധിച്ചുകഴിഞ്ഞു. പള്ളിയും ഒരുപക്ഷേ പാര്‍ട്ടി നേതാക്കളും ഇതിനകം സഹ്യപര്‍വതം വിലക്കെടുക്കാന്‍ ഒരുപാട് മൂലധനം ഇറക്കിയിട്ടുണ്ടാകണം. അതായിരിക്കണം ഇരുകൂട്ടരേയും സമരത്തിന് കൈകോര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

പള്ളിയുടേയും പാര്‍ട്ടിയുടേയും ഈ നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്നത് തീവ്രവാദികളായ പരിസ്ഥിതി പ്രവര്‍ത്തകരാണെന്നാണ് പള്ളി പറയുന്നത്. മഹാമൗനത്തിലൂടെ പാര്‍ട്ടി ഇതംഗീകരിക്കുന്നു. നാളെ തങ്ങള്‍ക്കതിരെ നില്‍ക്കുന്നവര്‍ മാവോയിസ്റ്റുകളാണെന്ന് പള്ളി പ്രഖ്യാപിക്കും. പിന്നെ തല്ലിക്കൊല്ലല്‍ എളുപ്പമാണല്ലോ?

ഉത്തരേന്ത്യന്‍ കാടുകളില്‍ ഇന്നതാണ് സംഭവിക്കുന്നത്- സഹ്യപര്‍വത്തിലും ആദിവാസികളെ ഒതുക്കാന്‍ മാവോവാദികളെന്ന് പറഞ്ഞ് ആളും അര്‍ഥവും ഭരണകൂടം ചെലവാക്കുന്നു. മാവോയിസ്റ്റ് ഉമ്മാക്കി കാട്ടി പഠനറിപ്പോര്‍ട്ടുകള്‍ ഇല്ലാതാക്കാനാണോ ഭരണകൂടവും പള്ളിയും പാര്‍ട്ടിയും ചേര്‍ന്ന് ഈ വിചിത്ര സഖ്യം ഇന്ന് തയ്യാറെടുക്കുന്നത്.