മണ്ടേല മനുഷ്യമോചനത്തിന്റെ ഇതിഹാസം
Discourse
മണ്ടേല മനുഷ്യമോചനത്തിന്റെ ഇതിഹാസം
ന്യൂസ് ഡെസ്‌ക്
Friday, 6th December 2013, 1:04 pm

റൊബേന്‍ ദ്വീപിലെ കരാളമായ കാരാഗൃഹത്തിലും ദക്ഷിണാഫ്രിക്കയിലെ മറ്റേനകം കാരാഗൃഹങ്ങളിലും 27 വര്‍ഷം നീണ്ട തടവ് ജീവിതം ജീവിച്ചുതീര്‍ത്ത് തനിക്കൊപ്പം തന്റെ രാജ്യത്തേയും സ്വാതന്ത്ര്യത്തിന്റേയും മനുഷ്യവംശത്തിന്റേയും സൗവര്‍ണ്ണ ലോകത്തിലേക്ക് നയിച്ച മറ്റൊരാള്‍ക്കായി ലോകത്തിന് ഇനി നിതാന്തമായി കാത്തിരിക്കേണ്ടി വരും.


nelson-mandela

എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

babu-baradwajദക്ഷിണാഫ്രിക്കന്‍ ജനത “മാഡിബ” എന്ന് ഓമനപ്പേരിട്ട് വിളിച്ച നെല്‍സണ്‍ മണ്ടേല അന്തരിച്ചു. ലോകത്തിലെ എക്കാലത്തേയും ഏറ്റവും വലിയ തടവ് പുള്ളിയും സ്വാതന്ത്ര്യ സമര പോരാളിയുമായ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു ജീവിതകാലം മുഴുവനും ഒളിപ്പോര്‍ നിലങ്ങളിലും മനുഷ്യര്‍ക്കൊപ്പം തടവറയിലും ഇത്രയും ത്യാഗപൂര്‍ണമായ ഒരു ജീവിതം നയിച്ച മറ്റൊരു ധീരന്‍ മനുഷ്യവംശ ചരിത്രത്തില്‍ വേറെ കണ്ടെത്താവില്ലെന്ന് ഞങ്ങള്‍ കരുതുന്നു.

റൊബേന്‍ ദ്വീപിലെ കരാളമായ കാരാഗൃഹത്തിലും ദക്ഷിണാഫ്രിക്കയിലെ മറ്റേനകം കാരാഗൃഹങ്ങളിലും 27 വര്‍ഷം നീണ്ട തടവ് ജീവിതം ജീവിച്ചുതീര്‍ത്ത് തനിക്കൊപ്പം തന്റെ രാജ്യത്തേയും സ്വാതന്ത്ര്യത്തിന്റേയും മനുഷ്യവംശത്തിന്റേയും സൗവര്‍ണ്ണ ലോകത്തിലേക്ക് നയിച്ച മറ്റൊരാള്‍ക്കായി ലോകത്തിന് ഇനി നിതാന്തമായി കാത്തിരിക്കേണ്ടി വരും.

സൗവര്‍ണലോകമെന്ന് ഞങ്ങള്‍ വിശേഷിപ്പിക്കുന്ന മണ്ടേലയുടെ സ്വതന്ത്ര ലോകം വര്‍ണവെറിയില്ലാത്തതും മനുഷ്യരെല്ലാവരും ജാതിമത വര്‍ണവര്‍ഗ ലിംഗ ഭേദമില്ലാതെ സമന്മാരാകുന്ന ഒരു ലോകമാണ്.

ആ ലോകത്തിന് വേണ്ടി തന്റെ തന്നെ സ്വാതന്ത്ര്യവും സമാധാനവും വ്യക്തിനിഷ്ഠമായ ചെറുതും വലുതും ഒട്ടേറെ സുഖ ദു:ഖങ്ങളുമാണ് മണ്ടേല ത്യജിച്ചത്. 1964 ല്‍ ജീവപര്യന്തം തടവിന് വിധിച്ച് റോബേന്‍ ദ്വീപിലെ പൈശാചികമായ തടവറയില്‍ അഞ്ചടി നീളവും വീതിയുമുള്ള സെല്ലില്‍ അടക്കപ്പെട്ട മണ്ടേലയെ പതിനെട്ട് കൊല്ലത്തിന് ശേഷം ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വിട്ടയക്കാന്‍ വെള്ളക്കാരുടെ ഭരണം തയ്യാറായെങ്കിലും തനിയ്‌ക്കൊറ്റയ്ക്ക് സ്വാതന്ത്ര്യം വേണ്ടെന്ന് ശഠിച്ച ധീരനായ ത്യാഗിയാണ് മണ്ടേല. തനിക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ജനതയും മോചിപ്പിക്കപ്പെടണം. ലോകത്തിലെ മുഴുവന്‍ കറുത്തവനും മോചിപ്പിക്കപ്പെടണം. മനുഷ്യവംശമാകെ മോചിപ്പിക്കപ്പെടണം.

മാര്‍ക്‌സിനെപ്പോലെ മനുഷ്യര്‍ക്കിഷ്ടമുള്ളതൊന്നും മണ്ടേലയ്ക്ക് അന്യമായിരുന്നില്ല. പ്രണയവും കലാപവും ജീവിതവും ഒന്നും. സമാധാനപരമായ സമരമാര്‍ഗങ്ങളിലും സായുധ കലാപത്തിലും നിസ്സഹകരണ പ്രസ്ഥാനങ്ങളിലുമൊക്കെ മണ്ടേല നായകനായിരുന്നു.

അധികാരികളുടെ കണ്ണില്‍ മണ്ടേല ജയിലിലെ ഏറ്റവും നിന്ദ്യനായ തടവുകാരനാണ്. വെറും “ഡി ഗ്രൂപ്പ് ” തടവുകാരന്‍. ആറ് മാസത്തിലൊരിക്കല്‍ ഒരു കത്തും ഒരു സന്ദര്‍ശകനും അനുവദിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ പാടെ നിഷേധിക്കപ്പെട്ട തടവുകാരന്‍. ബര്‍മുടയും മൊബൈല്‍ ഫോണും നിര്‍ലോഭം ലഭിക്കുന്ന കേരളത്തിന്റെ ജയിലവസ്ഥകളില്‍ ഈ ജീവിതത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്.

മാര്‍ക്‌സിനെപ്പോലെ മനുഷ്യര്‍ക്കിഷ്ടമുള്ളതൊന്നും മണ്ടേലയ്ക്ക് അന്യമായിരുന്നില്ല. പ്രണയവും കലാപവും ജീവിതവും ഒന്നും. സമാധാനപരമായ സമരമാര്‍ഗങ്ങളിലും സായുധ കലാപത്തിലും നിസ്സഹകരണ പ്രസ്ഥാനങ്ങളിലുമൊക്കെ മണ്ടേല നായകനായിരുന്നു.

എല്ലാം മറന്ന് ജനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മണ്ടേലയുടെ ചിത്രം എന്നും നമ്മുടെ മനസിലുണ്ടാവും. പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അസുഖബാധിതനായി ശയ്യാവലംബിയാവുന്നതിന് തൊട്ടുമുന്‍പ് 2010 ല്‍ മണ്ടേല പങ്കെടുത്ത അവസാനത്തെ ആഘോഷം ഒരു ഫുട്‌ബോള്‍ മത്സരം ആയിരുന്നെന്നത് ആലോചനാമൃതമാണ്.

ജയില്‍ മോചിതായി ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ വര്‍ണരഹിത തിരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ പ്രസിഡണ്ടായി തീര്‍ന്ന ശേഷം മണ്ടേല ശ്രദ്ധാപൂര്‍വം പരിചരിച്ച മണ്ഡലങ്ങളിലൊന്ന് എയ്ഡ്‌സിനെതിരായ ബോധവത്ക്കരണമാണ്.

സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന കാലത്ത് മണ്ടേല നിയമവിദ്യാര്‍ത്ഥിയായിരുന്നു. ഒപ്പം ജീവസന്ധാരണത്തിനായി ഒരു ഖനിയുടെ കാവല്‍ക്കാരനായി മണ്ടേല ജോലി ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കന്‍ അവസ്ഥകളില്‍ ഖനിയുടെ കാവല്‍ക്കാരനാവുന്നതിന് മാനങ്ങളേറെയുണ്ട്. ലോകത്തിലേറ്റവും കൂടുതല്‍ സ്വര്‍ണഖനികളും വിലപിടിച്ച രത്‌നഖനികളും ഉള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.

[]അതുകൊണ്ട് തന്നെയാണ് വെള്ളക്കാര്‍ ആഫ്രിക്കയിലെ രാജ്യങ്ങള്‍ ഓരോന്നായി സ്വാതന്ത്ര്യത്തിലേക്ക് അടിവെച്ച് നീങ്ങുമ്പോഴും ദക്ഷിണാഫ്രിക്കയെ ഉരുക്കുമുഷ്ടികള്‍ക്കുള്ളില്‍ അടച്ചുപിടിച്ചതും വര്‍ണവെറിയുടെ വിത്തുകള്‍ പാകി ദക്ഷിണാഫ്രിക്കന്‍ ജനതയെ രൂക്ഷമായ വിഭാഗീയതയിലേക്ക് നയിച്ചതും.

ദക്ഷിണാഫ്രിക്ക എന്ന വില പിടിച്ച ഖനികളുടേയും അവിടുത്തെ ജനങ്ങളുടേയും വിശ്വസ്തനായ കാവല്‍ക്കാരനാവാന്‍ മണ്ടേലയ്ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ഗോത്രപ്രമുഖന്റെ ചെല്ലപ്പേരായ “മാഡിബ”  എന്ന പേരില്‍ ജനങ്ങള്‍ മണ്ടേലയെ വിശേഷിപ്പിച്ചത്. ഈ ഗോത്ര പ്രമുഖന്റെ പ്രധാന ചുമതല രാജ്യത്തിന്റേയും രാജ്യത്തിന്റെ സമ്പത്തിനേയും അഭംഗുരം കാത്തുസൂക്ഷിച്ച് വരുംതലമുറകള്‍ക്കായി കൈമാറുക എന്നത് തന്നെയാണ്.

കറുത്തവന്റെ മോചനത്തിന് ശേഷം ഫലസ്തീനും മോചിപ്പിക്കപ്പെടുമെന്ന് വിശ്വസിക്കുകയും അത് വിളിച്ചുപറയുകയും ചെയ്ത കലാപം അവസാനിപ്പിക്കാത്ത കലാപകാരിയായിരുന്നു മണ്ടേല.

ലോകത്തിലെ മനുഷ്യരായി പിറന്നവരെല്ലാം ഈ നൂറ്റാണ്ടിന്റെ മഹാനഷ്ടത്തില്‍ വിലപിക്കുമ്പോള്‍ ഞങ്ങളും അവര്‍ക്കൊപ്പം ചേരുന്നു. അപരാജിതനായ ഈ മനുഷ്യന്റെ വിയോഗം നാം ജീവിക്കുന്ന ലോകത്തെ വീണ്ടും ചെറുതാക്കുന്നു.

ആ ചെറുതാക്കലിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ഊര്‍ജ്ജം തന്റെ ജീവിതം കൊണ്ട് ലോകത്തിന് നല്‍കിയാണ് മണ്ടേല ലോകത്തെ ഉപേക്ഷിക്കുന്നത്. മര്‍ദ്ദിതനും ചൂഷിതനുമായ ശതകോടികള്‍ ലോകത്ത് നിലനില്‍ക്കുന്ന കാലത്തോളം “മണ്ടേല”  എന്ന മനുഷ്യന്‍ ജനഹൃദയങ്ങളില്‍ ജീവിക്കും. ഇതുപോലെയുള്ള മനുഷ്യന്‍ ഈ ഭൂലോകത്ത് ജീവിച്ചിരുന്നോ എന്ന് അത്ഭുതപ്പെടുത്തുന്ന വിധം ആ മനുഷ്യനും ജീവിതവും ഇതിഹാസമായിരിക്കുന്നു.