ബാബു ഭരദ്വാജ് അധികാരത്തിനും പണത്തിനും പുറത്തു നിന്ന് നിലപാടെടുത്ത വ്യക്തിത്വം
Daily News
ബാബു ഭരദ്വാജ് അധികാരത്തിനും പണത്തിനും പുറത്തു നിന്ന് നിലപാടെടുത്ത വ്യക്തിത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd April 2016, 10:14 pm

b inn

കോഴിക്കോട്: സമകാലീന കേരളീയ സാഹചര്യത്തില്‍ കൃത്യമായ രാഷ്ട്രീയമുള്ള രാഷ്ട്രീയക്കാരനായിരുന്നു ബാബു ഭരദ്വാജെന്ന് പി.കെ പാറക്കടവ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ബാബു ഭരദ്വാജ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബാബു ഭരദ്വാജിനെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ എഴുത്തുകള്‍ എല്ലാം തന്നെ വായിച്ച ഒരാളാണ് ഞാന്‍. ആ എഴുത്തുകളെല്ലാം വായനക്കാരന്റെ ആഴങ്ങളില്‍ സ്പര്‍ശ്ശിക്കുന്ന എഴുത്തുകളായിരുന്നുവെന്ന്” ചെറുകഥാകൃത്ത് ടി പത്മനാഭന്‍ തൊട്ടു മുമ്പ് പങ്കെടുത്ത യോഗത്തില്‍ വെച്ച് പറയുകയുണ്ടായെന്ന് പി.കെ പാറക്കടവ് പറഞ്ഞു. എഴുതി പൂര്‍ത്തിയായ അദ്ദേഹത്തിന്റെ അവസാനത്തെ രചനയായ “നര്‍ക്കിലക്കാട് ഓട്ടോണോമസ് റിപ്പബ്ലിക്ക്” എന്ന നോവല്‍ പ്രസിദ്ധീകരിച്ച് കാണാതെയാണ് ബാബു ഭരദ്വാജ് ഈ ലോകം വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, സഞ്ചാരി, സിനിമാ നിര്‍മ്മാതാവ് എന്നീ നിലകളിലെ ബാബു ഭരദ്വാജിന്റെ സംഭാവനകളും അദ്ദേഹം ചടങ്ങില്‍ ഓര്‍ത്തു.

ആനുകാലികങ്ങളില്‍ കവിതയെഴുതുമായിരുന്ന ബാബു ഭരദ്വാജിന്റെ ആ വ്യത്യസ്തമായ പേരാണ് ആദ്യമായി തന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തമ്മില്‍ സൗഹൃദമാവുകയും അത് ഈ നിമിഷം വരെ തുടരുകയും ചെയ്തവരായിരുന്നു ഞങ്ങളെന്നും ചെലവൂര്‍ വേണു അനുസ്മരിച്ചു.

b innr1
പരിചയപ്പെട്ട് കുറച്ച് കാലത്തിന് ശേഷം അദ്ദേഹത്തോട് ബന്ധപ്പെട്ടവരും അന്ന് ജീവിച്ചിരിക്കുന്നവരുമായ വ്യക്തികള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ഒരു കൃതിയുടെ ആലോചനയിലായിന്നുലായിരുന്നു ബാബു ഭരദ്വാജ്. പക്ഷെ അത് പുറത്ത് വരുമ്പോള്‍ കോഴിക്കോടിന്റെ ജീവിതം ഒപ്പിയെടുത്ത ഒരു കൃതിയായി മാറുകയായിരുന്നുവെന്നും ചെലവൂര്‍ വേണു അനുസ്മരിച്ചു. അതിനെ പറ്റി തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഓര്‍മ്മകള്‍ അദ്ദേഹം ചടങ്ങില്‍ പങ്കുവെച്ചു. ബാബു ഭരദ്വാജടക്കമുള്ളവര്‍ ചേര്‍ന്നുണ്ടാക്കിയ ചാനലിന് “ഒരു ജനതയുടെ ആത്മാവിഷ്‌കാരം” എന്ന കാപ്ഷന്‍ അദ്ദേഹത്തിന്റേതാണെന്ന് പോലും ഓര്‍മ്മയുണ്ടാവില്ലെന്നും വേണു പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സമയത്തെ ഓര്‍മ്മകളും അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് നടത്തിയ ജാഥയിലെ ബാബു ഭരദ്വാജിന്റെ പങ്കാളിത്തത്തെ പറ്റിയും ടി.പി ദാസന്‍ ചടങ്ങില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തെ കുറിച്ചും സാന്നിധ്യത്തെക്കുറിച്ചും ടി.പി ദാസന്‍ അനുസ്മരിച്ചു.

അധികാരത്തിനും ധനത്തിനും പുറത്തു നിന്ന് നിലപാടെടുത്ത അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു ബാബു ഭരദ്വാജെന്ന് കവിയും ഇടതു നിരീക്ഷകനുമായ കെ.സി ഉമേഷ് ബാബു. എന്തും തുറന്ന് പറയാനും ചര്‍ച്ച ചെയ്യാനും തമാശ പറയാനുമുള്ള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിക്കുകയും ആരുടെ മുന്നിലും സ്ഥാനമാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ജീവിതം ജീവിച്ചു തീര്‍ത്ത മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹമെന്നും ഉമേഷ് പറഞ്ഞു.

വളരെ സൗമ്യനായ എഴുത്തുകാരനും ലളിതവും സുന്ദരവുമായ ഭഷയില്‍ എഴുതുന്നയാളുമായിരുന്നു ബാബു ഭരദ്വാജെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ഡോ. ഖദീജ മുംതാസ് പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്വയം തിരുത്തലുകളിലൂടെ കടന്നുപോയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഡോ. ഖദീജ മുംതാസ് കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തക വി.പി റജീന, ഡോ. കെ.എന്‍ അജോയ് കുമാര്‍, കെ.എസ് ഹരിഹരന്‍, ഇടതു ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ബാബു ഭരദ്വാജിന്റെ ഭാര്യ പി.കെ പ്രഭയും മറ്റ് കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ ചെലവൂര്‍ വേണു അധ്യക്ഷനായിരുന്നു. സുഹൃദ്‌സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഡൂള്‍ ന്യൂസ് മാനേജിങ്ങ് എഡിറ്റര്‍ മുഹമ്മദ് സുഹൈല്‍ സ്വാഗതം പറഞ്ഞു.