

അമേരിക്കന്‍ പ്രസിഡന്റ് തന്റെ ഭരണകാലത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാന കാലത്ത് ചില സത്യങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ട്. ഒരുപാട് കാലം മൗനത്തില്‍ കഴിഞ്ഞതിനുശേഷമുള്ള ചില വിളിച്ചു പറയലുകള്‍ക്ക് ചില പ്രകമ്പനങ്ങളൊക്കെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് പോകുന്നതുവഴി ഹിന്ദു വര്‍ഗീയവാദികളുടെ അസഹിഷ്ണുതയെക്കുറിച്ചും ഘര്‍വാപസിയെക്കുറിച്ചുമൊക്കെ നടത്തിയ പ്രഭാഷണം, അമേരിക്കയിലെത്തിയതിനുശേഷം നടന്ന തുടര്‍ പ്രഭാഷണം, അസഹിഷ്ണുതയുടെ കാര്യത്തില്‍ ക്രിസ്ത്യാനികളും ഭേദമല്ലെന്ന ഏറ്റുപറച്ചില്‍ ഇതൊക്കെ അതില്‍ ചിലതുമാത്രമാണ്. അതൊക്കെ പല മതതീവ്രവാദികള്‍ക്കും ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത്തരം അസൗകര്യങ്ങളും അലോസരങ്ങളും നല്ലതുതന്നെയാണ്.
സംഗീതത്തിന് പ്രത്യേകിച്ച് പോപ്പ് സംഗീതത്തിനു കിട്ടാവുന്ന അത്യുന്നതബഹുമതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് “ഗ്രാമി അവാര്‍ഡുകള്‍”. ഇത്തവണ ഗ്രാമിയെ ഒബാമ തന്റെ പ്രസംഗത്തിലൂടെ ഗാര്‍ഹിക പീഡനത്തിനെതിരായ പ്രചരണത്തിന്റെ വേദിയാക്കി. നമ്മുടെ ഭരണാധികാരികള്‍ക്ക് തോന്നാത്ത ഒന്നാണത്.

സംഗീത കലാസാംസ്‌കാരിക വേദികളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കലാണ് നമ്മുടെ ശീലം. കലാവേദികളിലും കായികവേദികളിലും സാമൂഹികകാര്യങ്ങള്‍ മറച്ചുവെയ്ക്കണമെന്ന വാശിപോലും നമുക്കെല്ലാം ഉണ്ടാവും. ആ വേദികള്‍ അത്തരം കാര്യങ്ങള്‍ പറയാന്‍ പറ്റിയതല്ല എന്നായിരിക്കും ന്യായീകരണം. ആരെങ്കിലും അത്തരം കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ചന്ദ്രഹാസമിളക്കാനും നമ്മള്‍ തയ്യാറാവും.
എന്താണ് ഒബാമ പറഞ്ഞത്? ” ഇപ്പോള്‍ അമേരിക്കയിലെ അഞ്ചു സ്ത്രീകളില്‍ ഒരാള്‍ ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗശ്രമത്തിന് വിധേയയാവുകയോ ചെയ്യുന്നു. മാത്രമല്ല നാലില്‍ ഒരു സ്ത്രീ ഗാര്‍ഹിക പീഡനത്തിനിരയാവുകയും ചെയ്യുന്നു.” കലാകാരന്മാര്‍ അതിനെതിരെ ശബ്ദമുയര്‍ത്തണമെന്നാണ് ഒബാമ പറയുന്നത്. നമ്മള്‍ ഇവിടെ പാടുകയും ആടുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ അനുനിമിഷം ഇരകളായികൊണ്ടിരിക്കുകയാണ് എന്നതാണതിന്റെ ചുരുക്കം. ഇങ്ങിനെ പറയാന്‍ തോന്നുന്നതിന്റെ മാനവികത മാനിക്കപ്പെടേണ്ടതാണ്.
ഒബാമ പറഞ്ഞത് അമേരിക്കയുടെ കാര്യമാണെങ്കിലും ജീവിതത്തിന്റെയും ചിന്തകളുടേയും ആചാരങ്ങളുടേയും നീതികളുടേയും കാര്യത്തില്‍ പലവിധത്തിലും സമാനതകള്‍ പുലര്‍ത്തുന്ന കേരളത്തിലും ലൈംഗിക ഗാര്‍ഹിക പീഡനങ്ങള്‍ ഈ അളവില്‍ത്തന്നെ ഉണ്ടായിരിക്കാനാണ് സാധ്യത.
നമ്മുടെ സമൂഹം കുറേക്കൂടി ഇക്കാര്യത്തില്‍ ഒരു അടഞ്ഞ സമീപനം സ്വീകരിക്കുന്നതുകൊണ്ട് മിക്ക സ്ത്രീകളും അവര്‍ക്ക് നിത്യജീവിതത്തില്‍ നേരിടേണ്ടി വരാറുള്ള ലൈംഗിക ഗാര്‍ഹിക പീഡനങ്ങളെപ്പറ്റി തുറന്നുപറയാനില്ല. കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും സാമൂഹിക ജീവിതത്തിലും സംഭവിച്ചേക്കാവുന്ന തകര്‍ച്ചകളെക്കുറിച്ചുള്ള ഭീതി പലരും തുറന്നു പറയുന്നതില്‍ നിന്നവരെ തടയുന്നു. തുറന്ന പറച്ചിലുകള്‍ ഭീതി ജനകമായ ഒരവസ്ഥ തന്നെയായിരിക്കും. അതുകൊണ്ട് ഒബാമ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് ബാധകമാണ്.
