Edito-Real /ബാബു ഭരദ്വാജ്
കള്ള് പറയുന്ന കള്ളങ്ങളാണ് നമ്മളിപ്പോള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലിപ്പോള്‍ അധികമാരും കള്ള് ചെത്താറില്ലെന്നും ചെത്താത്ത തെങ്ങുകളാണ് കൂടുതലുള്ളതെന്നും എല്ലാവര്‍ക്കുമറിയാം. കള്ളുഷാപ്പില്‍ വിതരണംചെയ്യുന്നത്ര കള്ളുകിട്ടണമെങ്കില്‍ കേരളത്തിലെ മുഴുവന്‍ തെങ്ങുകളും ചെത്തിയാല്‍ മതിയാവില്ല.
ഭാവനയില്‍ പുതിയ തെങ്ങുകളും ചെത്തുകാരെയും ഉണ്ടാക്കേണ്ടിവരും. കള്ളല്ല കുടിക്കുന്നതെന്ന് കുടിക്കുന്നവര്‍ക്കറിയാം, കള്ളല്ല കൊടുക്കുന്നതെന്ന് വിളമ്പുകാര്‍ക്കുമറിയാം.
പിന്നെ എന്തിനാണ് ഈ പൊറാട്ടുനാടകം ? ആരെ ബോധിപ്പിക്കാനാണ് ! ജനങ്ങള്‍ക്കെല്ലാ കാര്യവും ബോധ്യമുണ്ട്. സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും ബോധ്യമുണ്ട്.
ഭരിക്കുന്നവരും ഭരണം പോയവരും എല്ലാം വിഷക്കള്ളിന് ഉത്തരവാദികളാണ്. ചെത്താന്‍ തെങ്ങുകളില്ലാത്തപ്പോള്‍ കള്ളുഷാപ്പുകളുടെ എണ്ണംകൂട്ടിയവര്‍ കുറ്റക്കാരല്ലേ? കള്ളുഷാപ്പുകള്‍ ചെത്തുതൊഴിലാളി സഹകരണസംഘത്തെ ഏല്‍പ്പിക്കുന്നതിന് തടസ്സം നിന്നവരും കള്ളുഷാപ്പുകളെ മദ്യമാഫിയക്കാരായ കോണ്‍ട്രാക്റ്റര്‍മാര്‍ക്കേല്‍പ്പിച്ചു കൊടുത്തവരും കുറ്റക്കാരല്ലേ ?
അമ്പുകൊള്ളാത്തവര്‍ ആരുണ്ട്-
ഇതെത്ര കണ്ടിരിക്കുന്നു ? ഇനിയെത്ര കാണാന്‍ പോകുന്നു. കള്ളിനെക്കുറിച്ചധികം പറയുന്തോറും പറയുന്നവരും കേള്‍ക്കുന്നവരും കൂടുതല്‍ കൂടുതല്‍ നാറിക്കൊണ്ടിരിക്കുന്നു.
