മികച്ച കഥാപാത്രം കിട്ടിയ സിനിമ; പിന്നീട് രണ്ടുവര്‍ഷത്തേക്ക് വേറെ അവസരം വന്നില്ല: ബാബു ആന്റണി
Malayalam Cinema
മികച്ച കഥാപാത്രം കിട്ടിയ സിനിമ; പിന്നീട് രണ്ടുവര്‍ഷത്തേക്ക് വേറെ അവസരം വന്നില്ല: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th August 2025, 6:06 pm

ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ബാബു ആന്റണി. മലയാളത്തിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’യാണ് അദ്ദേഹം. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ബാബു ആന്റണി ചെറിയ വേഷങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം ബാബു ആന്റണിയുടെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറുകയായിരുന്നു.

ഒരു കഥാപാത്രം താന്‍ തന്നെ ചെയ്യണമെന്ന് നിശ്ചയിക്കുന്ന സംവിധായകരുടെ ചിത്രങ്ങള്‍ മാത്രമേ തനിക്ക് വന്നിട്ടുള്ളൂവെന്ന് പറയുകയാണ് നടന്‍. അതുകൊണ്ട് തന്നെ എണ്ണത്തില്‍ കുറവാണെങ്കിലും ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും ശ്രദ്ധേയമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ആ സിനിമകളെല്ലാം നന്നായി ഓടിയെങ്കിലും അതൊന്നും നടനെന്ന നിലയില്‍ എന്റെ കരിയറില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. എനിക്ക് മികച്ച കഥാപാത്രം കിട്ടിയ ഉത്തമന്‍ എന്ന സിനിമ കഴിഞ്ഞ് രണ്ടുവര്‍ഷത്തേക്ക് എനിക്ക് വേറെ സിനിമ ഉണ്ടായിരുന്നില്ല,’ ബാബു ആന്റണി പറഞ്ഞു.

പിന്നീട് ക്രിസ്ത്യന്‍ ബ്രദേഴ്സ് സിനിമയിലാണ് താന്‍ അഭിനയിച്ചതെന്നും നടന്‍ പറയുന്നു. അതിനുശേഷം ഇടുക്കിഗോള്‍ഡ്, കായംകുളം കൊച്ചുണ്ണി, മദനോത്സവം, ആര്‍.ഡി.എക്‌സ്, ബാഡ് ബോയ്‌സ് തുടങ്ങിയവയെല്ലാം വലിയ ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രങ്ങളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാലോകത്ത് വലിയ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നടനാണോ എന്ന ചോദ്യത്തിനും മറുപടി നല്‍കി. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ എല്ലാവരും തന്റെ ചങ്ങാതിമാരാണെന്നും ആരോടും പിണക്കമോ പരിഭവമോ ഇല്ലെന്നും ബാബു ആന്റണി പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവസരങ്ങള്‍ക്കുവേണ്ടി താന്‍ ആരെയും നിരന്തരമായി വിളിക്കാറില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Babu Antony Talks About His Career