ലഖ്‌നൗ: ലോകാവസാനം വരെ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലോകാവസാനം ഒരിക്കലും വരില്ലെന്നും നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാരാബങ്കിയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖിയാമത്ത് നാളില്‍ ( ലോകാവസാനം) ബാബരി മസ്ജിദ് പുനസ്ഥാപിക്കപ്പെടുമെന്ന് സ്വപ്‌നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാവില്ല. അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവര്‍ കാത്തിരുന്ന് നശിക്കും, യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാവി പതാക ഉയര്‍ത്തിയത് സനാതന ധര്‍മത്തിന്റെ പ്രതീകമാണെന്നും കാവിക്കൊടി എപ്പോഴും രാജ്യത്തിന്റെ ബഹുമാനം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ രാം ലല്ലയ്ക്കായി ഞങ്ങള്‍ വരുമെന്നും അതേ സ്ഥലത്തുതന്നെ ക്ഷേത്രം നിര്‍മിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. അതില്‍ എന്തെങ്കിലും സംശയമുണ്ടോ? പറഞ്ഞ കാര്യങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഞങ്ങളുടേത്. കാവി പതാക എന്നും രാജ്യത്തിന്റെ അഭിമാനമായി നിലക്കൊള്ളും,’ യോഗി പറഞ്ഞു.
പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രം രാമനെ ഓര്‍ക്കുന്നവര്‍ അവസരവാദികളാണെന്നും അങ്ങനെയുള്ളവരെ രാമന്‍ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം അനുസരിച്ച് ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കണമെന്നും നിയമം അനുസരിക്കാത്തവര്‍ നരകത്തിലേക്കാണ് പോവുന്നത്. നിയമം ലംഘിച്ച് സ്വര്‍ഗത്തില്‍ പോകാമെന്ന് കരുതുന്നവരുടെ സ്വപ്‌നം ഒരിക്കലും യാത്ഥാര്‍ത്ഥ്യമാവില്ലെന്നും യോഗി പറഞ്ഞു.
‘ഇന്ത്യയും സനാതന ധര്‍മവും പരസ്പര പൂരകങ്ങളാണ്. രാജ്യത്തിനും സനാതനത്തിനും രാജ്യത്തിനകത്തും പുറത്തും നിന്ന് അക്രമങ്ങള്‍ നേരിടേണ്ടി വരും. അതിനെതിരെ ജാഗ്രത പുലര്‍ത്തണം,’ അദ്ദേഹം ആഹ്വാനം ചെയ്തു.
2017 ന് മുമ്പ് ഉത്തര്‍പ്രദേശില്‍ കലാപങ്ങളും കര്‍ഫ്യൂകളും പതിവായിരുന്നുവെന്നും സ്ത്രീകളും വ്യാപാരികളും കര്‍ഷകരുമടക്കം സുരക്ഷിതരല്ലായിരുന്നുവെന്നും യോഗി ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് ക്രമസമാധാനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ബാബരി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളി പണിയുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ എം.എല്‍.എ ഹുമയൂണ്‍ കബീര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ വിശ്വ ഹിന്ദു രക്ഷാ പരിഷത്ത് ലഖ്‌നൗവില്‍ നിന്ന് ചലോ മുര്‍ഷിദാബാദ് യാത്ര ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.
Content Highlight: Babri will never be rebuilt, doomsday will never come: Yogi Adityanath
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.