1) 1528: മുഗള്‍വംശ സ്ഥാപകനായ ബാബര്‍ അയോദ്ധ്യയില്‍ മീര്‍ ബാഖി എന്ന ശില്‍പിയെക്കൊണ്ട് പള്ളി പണിയിച്ചു.
2) സന്യാസിമാരുടെ സംഘടനയായ നിര്‍മ്മോഹി അഖാഡ ആദ്യമായി പള്ളി നില്‍ക്കുന്ന കെട്ടിടത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചു.
3) തര്‍ക്കം ഉടലെടുത്തതോടെ 1859ല്‍ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഇരുവിഭാഗങ്ങള്‍ക്കുമായി പള്ളിക്കകത്ത് പ്രത്യേകം വേലിക്കെട്ടുകള്‍ തീര്‍ത്ത് പ്രവേശനാനുമതി നല്‍കി. പള്ളിയുടെ ഉള്‍വശം ഇസ്‌ലാമിക വിശ്വാസികള്‍ക്കും പുറത്ത് ഹിന്ദുക്കള്‍ക്കും ആരാധന നടത്താം എന്നതായിരുന്നു വ്യവസ്ഥ.
4) 1883ല്‍ പ്രദേശത്ത് ക്ഷേത്ര നിര്‍മ്മാണത്തിനായി ആദ്യത്തെ നീക്കമുണ്ടായി. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇടപെടല്‍ മൂലം ഈ നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.
5) 1885ല്‍ മഹന്ത് രഘുബീര്‍ ദാസ് എന്നയാള്‍ ക്ഷേത്ര നിര്‍മ്മാണത്തിന് അവകാശവാദമുന്നയിച്ച് ആദ്യമായി കോടതിയെ സമീപിച്ചു. അയോധ്യാ പ്രശ്‌നത്തിലെ നിയമയുദ്ധത്തിന്റെ നാള്‍ വഴികള്‍ ആരംഭിക്കുന്നതും അന്ന് മുതല്‍ക്കാണ്. 1886ല്‍ കേസ് കോടതി തള്ളി. പക്ഷേ തര്‍ക്കം തുടര്‍ന്നു.
6)എന്നാല്‍ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കുന്നതിന് രാമക്ഷേത്രം പൊളിച്ചാണ് പള്ളിയുണ്ടാക്കിയതെന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്. ആര്‍ നെവിന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. 1905ലായിരുന്നു ഇത്.
7)1934 വര്‍ഗീയ ലഹളയില്‍ പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
8) 1949ല്‍ ചിലര്‍ പള്ളിക്കകത്ത് അതിക്രമിച്ച് കയറി ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. ഇതോടെ വിവാദം പുതിയ തലങ്ങളിലേക്ക് കടന്നു. വിഗ്രഹം സ്വയം ഭൂവായതാണെന്ന് ഒരു വിഭാഗം വാദിച്ചു.
9) സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളി പൂട്ടിയിടാന്‍ കോടതി ഉത്തരവിട്ടു.
10) 1970ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രദേശത്ത് പരിശോധന ആരംഭിച്ചു.
11) 1980കളിലാണ് സംഘ് പരിവാര്‍ വോട്ടിന് വേണ്ടി പ്രശ്‌നത്തില്‍ ശക്തമായി ഇടപെടുന്നത്. പള്ളി നില്‍ക്കുന്നിടത്ത് ക്ഷേത്രം പണിയുമെന്ന പ്രസ്താവനയോടെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചു. ബി.ജെ.പി പ്രശ്‌നത്തെ ദേശീയ മുഖ്യധാരയില്‍ കൊണ്ടുവന്നു.
12)1983ല്‍ വി.എച്ച്.പിയും വിവിധ ഹൈന്ദവ വിശ്വാസികളും ചേര്‍ന്ന് ഏകാത്മക യജ്ഞം തുടങ്ങി. പള്ളി നില്‍ക്കുന്നിടം ക്ഷേത്രത്തിനായി വിട്ടുലഭിക്കാന്‍ 1984 ജുലൈ 27ന് രാമജന്മഭൂമി മുക്തിയജ്ഞ സമിതി രൂപീകരിച്ചു. ഒക്ടോബറില്‍ അയോധ്യയില്‍ രഥയാത്ര. യാത്ര ദല്‍ഹിയിലെത്തിയെങ്കിലും ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് സമ്മേളനം റദ്ദാക്കി.
13) ശാബാനു ശരീഅത്ത് കേസില്‍ മുസ്‌ലിം പ്രീണന നിലപാട് സ്വീകരിച്ച രാജീവ്ഗാന്ധി സര്‍ക്കാര്‍ മറുവശത്ത് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനായി 1986ല്‍ പള്ളിയിലെ രാമവിഗ്രഹം പൂജക്കായി തുറന്നുകൊടുത്തു.
14) ഇതേ കാലയളവിലാണ് ദൂരദര്‍ശനില്‍ രാമായണം സീരിയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടത്. രാജ്യത്തൊട്ടാകെ രാമവികാരം ഉണര്‍ത്താനുള്ള നീക്കമായിരുന്നു ഇതെന്ന് ആക്ഷേപമയര്‍ന്നു. സീരിയല്‍ ഒന്നരക്കൊല്ലത്തോളം നീണ്ടു. സീരിയലിലെ നായകരും നായികമാരും പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു.
15) 1989ല്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി അയോധ്യ പ്രക്ഷോഭം കൂടുതല്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. ഇതോടെ പ്രശ്‌നം കൂടുതല്‍ വര്‍ഗീയവത്കരിക്കപ്പെട്ടു.
16) ഇതേസമയം വി.എച്ച്.പി ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാന്യാസ പൂജാ കര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ടു. വി.എച്ച്.പിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പല തവണകളിലായി അണിയറ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു. ബാബരി മസ്ജിദ് ഭൂമിയിലെ ഒരു ഭാഗം സ്ഥലം തര്‍ക്ക രഹിത സ്ഥലമായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും അവിടെ വി.എച്ച്.പി ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ശിലാന്യാസ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ശിലാന്യാസത്തെ തുടര്‍ന്ന് പലയിടങ്ങളിലും വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ബീഹാറിലെ ഭഗല്‍പൂരില്‍ കലാപമുണ്ടായി.
17)ബി.ജെ.പി പിന്തുണയോടെ കേന്ദ്രത്തില്‍ വി.പി സിങ് അധികാരത്തിലേറി. 1990 ഫിബ്രവരി 14ന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചു. പലതവണകളിലായി വി.പി സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചര്‍ച്ചകളിലൂടെ നിര്‍മ്മാണം നീട്ടിവെപ്പിച്ചു. ഇതേ കാലയളവിലാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി പി സിങ് സര്‍ക്കാര്‍ തീരുമാനിച്ചത്. അയോധ്യ പ്രക്ഷോഭത്തിന് ഹിന്ദു ഏകീകരണം നടക്കുമ്പോള്‍ ഹിന്ദുമതത്തിലെ ജാതി വൈവിധ്യമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം. ഹിന്ദു ഐക്യം തകര്‍ക്കുകയാണ് സിങിന്റെ ലക്ഷ്യമെന്ന് സംഘപരിവാരം ആരോപിച്ചു.
18) സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി ഒക്ടോബര്‍ 30ന് അയോധ്യയില്‍ അവസാനിക്കുന്ന രീതിയില്‍ രഥയാത്ര നടത്തുമെന്ന് എല്‍.കെ അദ്വാനി പ്രഖ്യാപിച്ചു. യാത്ര തടയണമെന്ന് ആവശ്യമുയര്‍ന്നു. ധൈര്യമുണ്ടെങ്കില്‍ തടയാന്‍ അദ്വാനി സര്‍ക്കാറിനെ വെല്ലുവിളിച്ചു.യാത്ര തുടങ്ങി നാലാഴ്ച കഴിഞ്ഞ് ബിഹാറിലെ സ്മസ്തിപൂരിലെത്തിയപ്പോള്‍ പ്രധാനമന്ത്രി വി.പി സിങിന്റെ നിര്‍ദേശപ്രകാരം ലാലുപ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് വി പി സിങ് സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു.
19)1990 ഒക്ടോബര്‍ 30ന് കര്‍സേവകര്‍ ബാബരി മസ്ജിദിലേക്ക് മാര്‍ച്ച് ചെയ്തു. മുഖ്യമന്ത്രി മുലായം സിങ് യാദവ് അവരെ ശക്തമായി നേരിട്ടു. അതേസമയം കേന്ദ്രത്തില്‍ വി.പി സങ് സര്‍ക്കാറിന് ബി.ജെ.പി പിന്തുണ നഷ്ടപ്പെട്ടതോടെ വിശ്വാസ വോട്ടെടുപ്പ് നടന്നു. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും സിങിനെതിരെ വോട്ട് ചെയ്തു.
20) 1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 120 സീറ്റുകള്‍ ലഭിച്ചു. യു.പിയില്‍ ബി.ജെ.പി അധികാരത്തിലേറി. കല്യാണ്‍സിങ് മുഖ്യമന്ത്രിയായി. കേന്ദ്രത്തില്‍ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി.
21) 1992 ഡിസംബറില്‍ കര്‍സേവ നടത്താന്‍ ബി.ജെ.പിയും വി.എച്ച്.പിയും തീരുമാനിച്ചു. പതിനായിരക്കണക്കിന് കര്‍സേവകര്‍ അയോധ്യയിലേക്ക് നീങ്ങി. വിഷയം സുപ്രീം കോടതിയിലും ദേശീയോദ്ഗ്രഥന സമിതിയിലുമെത്തി. കര്‍സേവ സമാധാനപരമായിരിക്കുമെന്ന് ബി.ജെ.പി കേന്ദ്രസര്‍ക്കാറിന് ഉറപ്പ് നല്‍കി. ബാബരി മസ്ജിദ് സംരക്ഷിക്കുമെന്ന് നരസിംഹ റാവു രാജ്യത്തിനും ഉറപ്പ് നല്‍കി. എന്നാല്‍ എല്ലാ ഉറപ്പുകളും ലംഘിക്കപ്പെട്ടു. പതിനായിരക്കണക്കിന് കര്‍സേവകര്‍ ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തു. ബി.ജെ.പി, ആര്‍.എസ്.എസ്.വി.എച്ച്.പി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇത്. മസ്ജിദ് തകര്‍ക്കുന്നതിന് കാഴ്ചക്കാരായി എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ സംഘപരിവാര നേതാക്കള്‍ അയോധ്യയിലുണ്ടായിരുന്നു. “ഒരു തള്ളുകൂടി നല്‍കൂ ബാബരി മസ്ജിദ് തകര്‍ക്കൂ” എന്ന് ഉമാഭാരതി ആഹ്വാനം ചെയ്തു. രണ്ട് മണിയോടെ മസ്ജിദിന്റെ ഒരു താഴികക്കുടം വീണു. ഏതാനും മണിക്കൂറുകള്‍ക്കകം താല്‍ക്കാലിക രാമക്ഷേത്രത്തിന്റെ ഷെഡുകള്‍ ഉയര്‍ന്നു. എന്നാല്‍ കര്‍സേവകരെ പിന്തിരിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് പിന്നീട് ബി.ജെ.പി നേതാക്കള്‍ ലിബര്‍ഹാന്‍ കമ്മീഷന് മുമ്പാകെ മൊഴികൊടുത്തത്.
22) തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യമൊട്ടാകെ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായി. വിവിധ സംഭവങ്ങളിലായി രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു.
23) ഡിസംബര്‍ 16: ജസ്‌റിസ് എം.എസ്. ലിബര്‍ഹാന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
24) 1993ല്‍ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി എന്നീ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
25) 2009 ജൂണില്‍ 17 വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
26) നരസിഹറാവുവിനെയും ബി.ജെ.പി. നേതാക്കളായ എല്‍.കെ അദ്വാനി, എ.ബി. വാജ്‌പേയ്, മുരളി മനോഹര്‍ ജോഷി എന്നിവരെയും ആര്‍.എസ്.എസിലേയും, വി.എച്ച്.പിയിലേയും മുതിര്‍ന്ന നേതാക്കളെയും കുറ്റപ്പെടുത്തുന്നതായിരുന്നു ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

