കൊൽക്കത്ത: ബംഗാളിൽ ബാബരി മസ്ജിദിന്റെ പുനർനിർമാണം നടത്തിയത് വോട്ടിനു വേണ്ടിയാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്.
ബാബരി മസ്ജിദ് തർക്കം പുനരാരംഭിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മോഹൻ ഭഗവത് പറഞ്ഞു. കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പള്ളിയുടെ തറക്കല്ലിടൽ വോട്ടിന് വേണ്ടി നടത്തിയതാണെന്നും ഹിന്ദുക്കൾക്കോ മുസ്‌ലിങ്ങൾക്കോ അതിലൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബാബരി മസ്ജിദ് പുനർനിർമിച്ചുകൊണ്ട് തർക്കം പുനരാംഭിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. മുസ്‌ലിങ്ങളുടെയോ ഹിന്ദുക്കളുടെയോ നേട്ടത്തിന് വേണ്ടിയല്ല, വോട്ടിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അത് സംഭവിക്കരുതെന്നാണ് ഞാൻ കരുതുന്നത്,’ അദ്ദേഹം പറഞ്ഞു.
സർക്കാർ പണം ഉപയോഗിച്ച് മതസ്ഥലങ്ങൾ നിർമിക്കാമെന്ന ആശയത്തെ അദ്ദേഹം നിഷേധിച്ചു. സർക്കാർ ക്ഷേത്രങ്ങളോ മതപരമായ സ്ഥലങ്ങളോ നിർമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം നിർമിച്ചത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും സർക്കാരിന്റെ പണമില്ലാതെ പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾ ഉപയോഗിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഐക്യത്തോടെ നിൽക്കണമെന്നും ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കൾ അവരെ പിന്തുണയ്ക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.
ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. ആർ.എസ്.എസ് മുസ്‌ലിം വിരുദ്ധ സംഘടനയാണെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
Content Highlight: Babri Masjid being built in Bengal for votes: Mohan Bhagwat