ജൂഡീഷ്യറിയുടേത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന വിധി; ഹരീഷ് വാസുദേവന്‍
Babari Masjid Verdict
ജൂഡീഷ്യറിയുടേത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന വിധി; ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th September 2020, 2:52 pm

കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ക്യാമറകള്‍ക്ക് മുന്‍പില്‍ പകല്‍ പോലെ നടന്ന ഒരു കുറ്റകൃത്യത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ബാബരി മസ്ജിദ് പൊളിച്ചത് വലിയ കുറ്റകൃത്യം ആണെന്ന് ആ സിവില്‍ കേസിന്റെ മെറിറ്റില്‍ 2019 ല്‍ നിരീക്ഷിച്ചത് സുപ്രീംകോടതിയാണ്.
ഈ രാജ്യത്തെ ഏറ്റവും ഓര്‍ഗനൈസ്ഡ് ആയ ആ കുറ്റകൃത്യം നടന്നിട്ട് 28 വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു കോടതി ഇന്ന് പറയുന്നു, ആരും കുറ്റക്കാര്‍ അല്ലെന്ന്. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന്.

രാജ്യമെങ്ങും ഒരു കുറ്റകൃത്യം നടത്താനുള്ള പൊതു ആഹ്വാനത്തിലൂടെ നടപ്പാക്കിയതാണ് ഈ കുറ്റം. ഒളിവും മറയും ഇല്ലാതെയാണ് ഈ കുറ്റകൃത്യം നടന്നത്. ക്യാമറകള്‍ക്ക് മുന്‍പില്‍. ആര് ചെയ്തുവെന്നത് പകല്‍ പോലെ വ്യക്തവും. എന്നിട്ടും കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്.

തെളിവില്ല, അന്വേഷിച്ചില്ല എന്നൊക്കെ മറ്റു കോടതികള്‍ക്ക് ഒഴിവുകഴിവ് പറയാം. പ്രോസിക്യൂഷന് മേല്‍ പഴിചാരാം. പക്ഷെ, കുറ്റപത്രം തൃപ്തികരമല്ലെങ്കില്‍ അത് തള്ളി പുനരന്വേഷണം / തുടരന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ അധികാരമുള്ള കോടതിയാണ്. ഈ കുറ്റം പോലും തെളിയിക്കാന്‍ കഴിയാത്ത ആ അന്വേഷണ ഏജന്‍സിയെ പിരിച്ചുവിടാനുള്ള നിരീക്ഷണം എങ്കിലും കോടതിക്ക് നടത്താമായിരുന്നു.

ഈ രാജ്യത്തെ ജുഡീഷ്യറി കെട്ടിപ്പടുത്തിരിക്കുന്നത് കല്ലും മണ്ണും ഉപയോഗിച്ചു മാത്രമല്ല. നീതി ലഭ്യമാകും എന്ന ഇന്ത്യന്‍ ജനതയുടെ, ഇന്ത്യന്‍ ഭരണഘടനയുടെ ദൃഢമായ വിശ്വാസത്തിന്മേലാണ് ആ മഹത്തായ സ്ഥാപനം നിലനില്‍ക്കുന്നത്.
ആ അചഞ്ചലമായ വിശ്വാസമാണ് ഇത്തരം വിധികളിലൂടെ ബഹുമാന്യ ജഡ്ജിമാര്‍ തകര്‍ക്കുന്നത്. തകര്‍ത്ത് തരിപ്പണമാക്കുന്നത്.
ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണി അടിക്കുന്നതില്‍ ഒരെണ്ണം ഇന്ന് ജുഡീഷ്യറി ചെയ്തു.’

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Babari Verdict is the last nail on democracy’s coffin says Hareesh Vasudevan