ബാബറിയില്‍ ഇന്നോളം സംഭവിച്ചത്
Babri Masjid
ബാബറിയില്‍ ഇന്നോളം സംഭവിച്ചത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th December 2021, 11:48 am

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചു. 28 കൊല്ലം പഴക്കമുള്ള, രാജ്യം ഉറ്റുനോക്കിയിരുന്ന കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരും കുറ്റവിമുക്തരായി.

ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ അയോധ്യയില്‍ എത്തിയ ലക്ഷക്കണക്കിനു കര്‍സേവകരാണ് 1992 ഡിസംബര്‍ ആറിനു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്.

എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്കു നടന്ന രഥയാത്രയെത്തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

1992 ഡിസംബര്‍ ആറിന് ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയായിരുന്നു. തുടര്‍ന്നു സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണു കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.

അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് വിനയ് കത്യാര്‍ എന്നിവര്‍ പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധിപേര്‍ കൊല്ലപ്പെടുകയും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.

രണ്ടായിരത്തിലധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

ബാബറി മസ്ജിദുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും വിവാദങ്ങളും ആരംഭിക്കുന്നത് 1850 മുതലാണ്. ബാബറി മസ്ജിദ് കേസിന്റെ നാള്‍വഴികള്‍

1528ല്‍ മുഗള്‍ രാജാവായ ബാബറാണ് ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നത്.

ബാബരി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850-ഓടെയാണ്.

1885 ജനുവരി 29-നാണു തര്‍ക്കം ആദ്യമായി കോടതി കയറുന്നത്.

മഹന്ത് രഘുബര്‍ദാസാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആദ്യ ഹര്‍ജി നല്‍കിയത്. ഫൈസാബാദ് സബ് കോടതി അത്
തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18-നു ജില്ലാ കോടതിയും നവംബര്‍ ഒന്നിന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളി. ഇതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിക്കുകയായിരുന്നു.

1949 ഓഗസ്റ്റ് 22-നാണു പള്ളിയില്‍ രാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടത്. അഭുറാം ദാസ് എന്ന സന്ന്യാസിയുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ ചേര്‍ന്നാണ് വിഗ്രഹം സ്ഥാപിച്ചത്, ആരാധനയ്ക്കും വിഗ്രഹങ്ങള്‍ വയ്ക്കാനും അനുമതി തേടി പരമഹംസ രാമചന്ദ്ര ദാസ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇത് കോടതി അംഗീകരിച്ചു. മതില്‍ക്കെട്ടിനു പുറത്ത് പ്രാര്‍ത്ഥന അനുവദിക്കുകയും ചെയതു.

തുടര്‍ന്ന് അതേവര്‍ഷം ഡിസംബര്‍ 29-നു തര്‍ക്കഭൂമി ജില്ലാ മജിസ്‌ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16-നു ഗോപാല്‍ സിങ് വിഷാരദ് എന്നയാള്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി.

1959-ല്‍ സുന്നി വഖഫ് ബോര്‍ഡും 1961-ല്‍ നിര്‍മോഹി അഖാഡയും ഹര്‍ജി നല്‍കി.

1981 ഉത്തര്‍ പ്രദേശിലെ സുന്നി വഖാഫ് ബോര്‍ഡ് സ്ഥലത്തിന്റെ അവകാശം ഉന്നയിച്ചു ഹര്‍ജി സമര്‍പ്പിച്ചു.

1984 – പള്ളി നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമവസ്ഥവകാശത്തിനായി വിശ്വ ഹിന്ദു പരിഷത്ത് സംഘടന രൂപീകരിച്ചു. എല്‍.കെ അദ്വാനിയായിരുന്നു ഇതിന്റെ നേതാവ്.

1986 ജനുവരി 31-നു പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇത് അഭിഭാഷകന്‍ കൊടുത്ത ഹര്‍ജിയില്‍ 24 മണിക്കൂറിനകമാണ് തര്‍ക്കഭൂമി തുറന്നു കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഉത്തരവ് കിട്ടി നാല്‍പ്പതു മിനിറ്റിനകം തുറന്നു. ഇതേസമയം ചടങ്ങ് പകര്‍ത്താന്‍ ദൂരദര്‍ശന്‍ സ്ഥലത്തെത്തിയത് വിവാദമായിരുന്നു. ഇതിനോടനുബന്ധിച്ച് മുസ്ലിം വിഭാഗം ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

1989 ഒക്ടോബര്‍ 13 – തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താന്‍ അനുവദിക്കരുതെന്ന നിയമം പാര്‍ലിമെന്റ് പാസാക്കി.

1989 ജൂണ്‍: ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം അംഗീകരിക്കുന്നു.

1989 നവംബര്‍ 9: ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കുമാത്രം മുമ്പ് രാജീവ്ഗാന്ധി സര്‍ക്കാര്‍ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതിനല്‍കി.

1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിര്‍മ്മാണം തടയണമെന്നു സ്പെഷ്യല്‍ ജുഡീഷ്യല്‍ കോടതി മുമ്പാകെ അപേക്ഷ.

1990 ഫെബ്രുവരി 14: ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ സമയം വി.എച്ച്.പി. പ്രഖ്യാപിച്ചു.

1990 ജൂണ്‍ 8: ക്ഷേത്രനിര്‍മ്മാണത്തിനുള്ള പുതിയ അന്തിമ തിയ്യതിയായി വി.എച്ച്.പി. ഒക്ടോബറായി പ്രഖ്യാപിച്ചു.

1990 ആഗസ്ത്: എല്‍.കെ. അഡ്വാനി അയോധ്യയില്‍ സമാപിക്കുന്ന പതിനായിരം കിലോമീറ്റര്‍ രഥയാത്ര ആരംഭിക്കുന്നു.

1990 സപ്തംബര്‍: എല്‍.കെ. അഡ്വാനി സോമനാഥ് – അയോധ്യ രഥയാത്ര തുടങ്ങുന്നു.

1990 – നവംബറില്‍ ബീഹാറില്‍ വെച്ച് രഥയാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് വി പി സിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. ആരാധനയ്ക്കായി തര്‍ക്കഭൂമി തുറന്നുകൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ദിഗംബര്‍ അകാസയുടെ മേധാവി രാമചന്ദ്രപരമഹംസ ഭീഷണി മുഴക്കി. വി.പി സിംഗ് മന്ത്രി സഭയ്ക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു.

1990 നവംബര്‍: വി.പി. സിങ് മന്ത്രിസഭ തകര്‍ന്നു.

1991 ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടി.

1991 – കല്ല്യാണ്‍ സിങ് സര്‍ക്കാര്‍ ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ എത്തി, തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ സ്ഥലം രാം ജന്മഭൂമി ന്യായ് ട്രസ്റ്റിന് പാട്ടത്തിനു നല്‍കുകയും ചെയ്തു. അലഹബാദ് ഹൈക്കോടതി തര്‍ക്കഭൂമിയില്‍ പുതിയതായി യാതൊരു നിര്‍മാണവും പടില്ലെന്ന് ഉത്തരവിറക്കി. എന്നാല്‍ കല്ല്യാണ്‍ സിങ് രാമക്ഷേത്ര നിര്‍മാണത്തെ പരസ്യമായി പിന്തുണച്ചു.

1992 ഡിസംബര്‍ ആറിന് – 150,000 വരുന്ന കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തു. ഇവിടെ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. പി വി നരസിംഹ റാവു സര്‍ക്കാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു.

1993 ജനുവരി ഏഴിനാണു തര്‍ക്കഭൂമി ഏറ്റെടുത്തുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ നിയമം പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്കു രാഷ്ട്രപതി റഫറന്‍സ് നല്‍കുകയും ചെയ്തു.

1994 ഒക്ടോബര്‍ 24-ന് റഫറന്‍സിനു മറുപടി നല്‍കാന്‍ വിസ്സമതിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്നു വിഷയം അലഹബാദ് ഹൈക്കോടതിയിലേക്കു മാറി.

മാര്‍ച്ച് 5, 2003 – അലഹബാദ് ഹൈക്കോടതി പുരാവസ്തു ഗവേഷകരോട് സ്ഥലത്ത് പരിശോധന നടത്തി പള്ളിയുടെ ഭൂമിയാണോ ക്ഷേത്ര ഭൂമിയാണോ എന്ന് കണ്ടെത്താന്‍ ഉത്തരവിട്ടു.

മാര്‍ച്ച് 13 2003 – അസ്ലാം ഏലിയാസ് ബുരേ കേസില്‍, തര്‍ക്കഭൂമിയില്‍ യാതൊരു തരത്തിലുമുള്ള മതാചാരങ്ങളും പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

2003 ആഗസ്ത് 22 – പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കു താഴെ പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്നു കരുതുന്ന ക്ഷേത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുരാവസ്തു ഗവേഷകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

2003 ആഗസ്ത് 31 – ഈ റിപ്പോര്‍ട്ടിനെതിരെ അവകാശവാദവുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി.

2010 സെപ്റ്റംബര്‍ 30-നു തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധിച്ചു. 2010 മേയ് ഒമ്പതിന് ഈ വിധിക്ക് സുപ്രീംകോടതി സ്റ്റേ നല്‍കി.

2011 മാര്‍ച്ച് 4 – ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഡാലോചനക്കേസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ എല്‍ കെ അദ്വാനിയടക്കം 21 സംഘപരിവാര്‍ നേതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

2011 മെയ് തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

2015 രാമക്ഷേത്രം നിര്‍മിക്കാനായി രാജ്യം മുഴുവനും ഇഷ്ടികകള്‍ ശേഖരിക്കാന്‍ പോകുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. ആറു മാസത്തിനു ശേഷം ഡിസംബറില്‍ തര്‍ക്കൂഭൂമിയില്‍ രണ്ട് ലോഡ് നിറയെ ഇഷ്ടികകളുമായി ലോറിയെത്തി. ക്ഷേത്രം നിര്‍മിക്കാനായി മോഡി സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് മഹന്ത് നൃത്ത്യ ഗോപാല്‍ പറഞ്ഞു. എന്നാല്‍, അയോധ്യയില്‍ അത്തരത്തിലൊരു നീക്കം അനുവദിക്കില്ലെന്ന് അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

2017 അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ കോടതി നിര്‍ദേശം. കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിച്ചത്.

2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്.

2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടു.

2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിച്ചു.

2019 ഒക്ടോബര്‍ 16 നാല്‍പത് ദിവസത്തെ വാദത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. 40 ദിവസത്തോളം നീണ്ടു നിന്ന വാദം കേട്ടതിനു ശേഷം 2019 നവംബര്‍ 9 ന് രാവിലെ 10:30 മണിക്ക് സുപ്രീം കോടതി അയോധ്യ പ്രശ്നത്തില്‍ വിധി പറയുകയുകയുണ്ടായി. തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കാന്‍ കോടതി വിധിച്ചു. തര്‍ക്കഭൂമിയ്ക്ക് പുറത്ത് അയോധ്യയില്‍ 5 ഏക്കര്‍ മസ്ജിദ് നിര്‍മ്മാണത്തിന് കൊടുക്കാനും വിധിച്ചു.

2020 സെപ്തംബര്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞു. മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാര്‍ അല്ലെന്ന് കോടതി വിധിച്ചു. എല്ലാ പ്രതികളേയും കോടതി വെറുതേ വിട്ടു.

രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്. പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായത്.

രണ്ടായിരത്തിലധികം പേജുള്ളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പ്രതികളാണ് കോടതിയില്‍ ഹാജരായത്. അദ്വാനിയും മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരായത്. ഉമാഭാരതി എയിംസില്‍ കൊവിഡ് ചികിത്സയിലാണ്.

48 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. 16 പ്രതികള്‍ മരണപ്പെട്ടു. ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവര്‍ മരണപ്പെട്ടിരുന്നു. ബാക്കി 32 പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് എഫ്.ഐ.ആറുകളിലായി അന്വേഷണം തുടങ്ങിയ കേസ് പിന്നീട് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഒറ്റ കേസായി പരിഗണിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:What happened in Babri to this day