തന്നെ കിങ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് മുന്‍ പാക് നായകന്‍ ബാബര്‍ അസം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആറ് വിക്കറ്റ് വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരത്തില്‍ പാകിസ്ഥാന്‍ കൂറ്റന്‍ വിജയം നേടിയെങ്കില്‍ ഒരിക്കല്‍ക്കൂടി ബാബര്‍ ആരാധകരെ നിരാശരാക്കി. 19 പന്തില്‍ 23 റണ്‍സുമായാണ് ബാബര്‍ പുറത്തായത്. ട്രൈ സീരീസിലെ ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.
മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് തന്നെ കിങ് എന്ന് വിളിക്കരുതെന്ന് ബാബര്‍ അസം ആവശ്യപ്പെട്ടത്.
‘ദയവുചെയ്ത് എന്നെ കിങ് എന്ന് വളിക്കരുത്. ഞാന്‍ ഒരു തരത്തിലുമുള്ള കിങ് അല്ല. എന്റെ പുതിയ റോളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ബാബര്‍ അസം പറഞ്ഞു.
കരിയറില്‍ മികച്ച പ്രകടനം നടത്തവെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി പാക് ആരാധകര്‍ ബാബറിനെ താരതമ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കിങ് കോഹ്‌ലിക്കൊപ്പം കിങ് ബാബര്‍ എന്ന പേരും ഉയര്‍ന്നുവന്നത്. ശേഷം അത് ബാബര്‍ അസമിന്റെ വിളിപ്പേരുകളിലൊന്നായി മാറുകയായിരുന്നു.
എന്നാല്‍ പ്രകടനം മോശമാകുമ്പോള്‍ താരത്തെ കളിയാക്കാനായി എതിര്‍ ടീം ആരാധകര്‍ ഈ പേര് ഉപയോഗിക്കുകയും ചെയ്തിരുന്നു.
നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് തെംബ ബാവുമയും സംഘവും നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സല്‍മാന്‍ അലി ആഘയുടെയും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെയും സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.