അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി മുന്‍ പാക് നായകന്‍ ബാബര്‍ അസം. കഴിഞ്ഞ ദിവസം നടന്ന സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലാണ് ബാബര്‍ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ഇതിഹാസം രോഹിത് ശര്‍മയെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിയാണ് ബാബറിന്റെ സ്വപ്‌ന നേട്ടം.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രം നേടിയാല്‍ താരത്തിന് രോഹിത്തിനെ മറികടക്കാന്‍ സാധിക്കുമായിരുന്നു. മത്സരത്തില്‍ 18 പന്ത് നേരിട്ട് പുറത്താകാതെ 11 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ബാബര്‍ അസം – പാകിസ്ഥാന്‍ – 123 – 4,234*
രോഹിത് ശര്‍മ – ഇന്ത്യ – 151 – 4,231
വിരാട് കോഹ്‌ലി – ഇന്ത്യ – 117 – 1,488
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 132 – 3,869
പോള്‍ സ്റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 150 – 3,710
39.57 എന്ന ബാറ്റിങ് ശരാശരിയിലാണ് ബാബര്‍ അസം സ്‌കോര്‍ ചെയ്യുന്നത്. മോശമല്ലാത്ത ബാറ്റിങ് ശരാശരിയുണ്ടെങ്കിലും പ്രഹരശേഷിയില്‍ ബാബര്‍ പിന്നിലാണ്. 129.22 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഏറ്റവുമധികം റണ്‍സ് നേടിയ ആദ്യ പത്ത് താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ രണ്ടാമത്തെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റാണിത്. 125.37 സ്ട്രൈക്ക് റേറ്റുള്ള ബാബറിന്റെ സഹതാരം മുഹമ്മദ് റിസ്വാനാണ് പട്ടികയില്‍ ഒന്നാമന്‍.
അന്താരാഷ്ട്ര ടി-20യില്‍ മൂന്ന് സെഞ്ച്വറികളും 36 അര്‍ധ സെഞ്ച്വറികളുമാണ് താരത്തിന്റെ പേരിലുള്ളത്. 2021ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ നേടിയ 122 ആണ് മികച്ച സ്‌കോര്‍.
അതേസമയം, മത്സരത്തില്‍ പാകിസ്ഥാന്‍ മികച്ച വിജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ സീരീസ് നഷ്ടപ്പെടാതെ കാക്കാന്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ എതിരാളികളെ 110ന് പുറത്താക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഫഹീം അഷ്‌റഫിന്റെ ബലത്തിലാണ് പാകിസ്ഥാന്‍ പ്രോട്ടിയാസിനെ എറിഞ്ഞിട്ടത്. സല്‍മാന്‍ മിര്‍സ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷാ രണ്ടും അബ്രാര്‍ അഹമ്മദ് ഒരു താരത്തെയും മടക്കി.