കഴിഞ്ഞ ദിവസം നടന്ന ദ്വിരാഷ്ട്ര പരമ്പരയിലെ ആദ്യ ടി – 20 മത്സരത്തില്‍ സിംബാബ്വേയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. റാവല്‍ പിണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. മത്സരത്തില്‍ തുടക്കം പതറിയെങ്കിലും ഫഖര്‍ സമാനിന്റെയും ഉസ്മാന്‍ ഖാനിന്റെയും പ്രകടനങ്ങളാണ് മെന്‍ ഇന്‍ ഗ്രീനിന് വിജയം സമ്മാനിച്ചത്.
പാക് ടീം വിജയിച്ചെങ്കിലും മത്സരം മുന്‍ നായകന്‍ ബാബര്‍ അസമിന് നിരാശയാണ് സമ്മാനിച്ചത്. സിംബാബ്വേക്കെതിരെ വണ്‍ ഡൗണായി ഇറങ്ങിയ താരം ടി – 20യില്‍ വീണ്ടും ഡക്കായി മാറി. മത്സരത്തില്‍ മൂന്ന് പന്തുകള്‍ നേരിട്ട് താരം ബ്രാഡ് ഇവാന്‍സിന് വിക്കറ്റ് നല്‍കി റണ്ണൊന്നും നേടാതെ മടങ്ങുകയായിരുന്നു.
ഇതോടെ ഒരു മോശം നേട്ടത്തില്‍ ബാബര്‍ രണ്ടാമതെത്തി. ടി – 20യില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന പാക് താരങ്ങളുടെ ലിസ്റ്റിലാണ് താരം ഒരു സ്ഥാനം മുകളിലേക്ക് എത്തിയത്. താരം ഈ ഫോര്‍മാറ്റില്‍ പൂജ്യത്തിന് പുറത്തായത് ഒമ്പത് തവണയാണ്. മുന്‍ താരം ഷാഹിദ് അഫ്രീദിയെ മറികടന്നാണ് വലം കൈയ്യന്‍ ബാറ്റര്‍ ഈ ലിസ്റ്റില്‍ മുന്നിലെത്തിയത്.
പത്ത് തവണ ഡക്കായ സയീം അയൂബും ഉമര്‍ അക്മലുമാണ് ഈ ലിസ്റ്റിലെ ഒന്നാമന്മാര്‍. ഒരൊറ്റ മത്സരത്തില്‍ കൂടെ ബാബര്‍ റണ്ണെടുക്കാതെ മടങ്ങിയാല്‍ മോശം നേട്ടത്തില്‍ ഇവര്‍ക്കൊപ്പമെത്തും.
ടി – 20യില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ പാകിസ്ഥാന്‍ താരങ്ങള്‍
സയീം അയൂബ് – 10
ഉമര്‍ അക്മല്‍ – 10
ബാബര്‍ അസം – 9
ഷാഹിദ് അഫ്രീദി – 8
കമ്രാന്‍ അക്മല്‍ – 7
ശ്രീലങ്കക്ക് എതിരെ നടന്ന മത്സരത്തില്‍ ബാബര്‍ തന്റെ രണ്ട് വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ച് മൂന്നക്കം കടന്നിരുന്നു. എന്നാല്‍, ഏകദിനത്തിലായിരുന്നു ഈ സെഞ്ച്വറി നേട്ടം.
ഇതോടെ താരം തന്റെ ഫോമിലേക്ക് തിരിച്ചെത്തിയെന്നും മികച്ച പ്രകടനങ്ങളുമായി കളം നിറയുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ, അതിന് വിപരീതമായാണ് താരം വീണ്ടും പൂജ്യത്തിന് പുറത്താവുന്നത്.
ബാബര്‍ സെഞ്ച്വറി നേടിയതും ഇപ്പോള്‍ ഡക്കായതും വ്യത്യസ്ത ഫോര്‍മാറ്റുകളിലാണ്. കഴിഞ്ഞ കുറച്ച് കാലമായി താരത്തിന്റെ ടി – 20 കരിയര്‍ അത്ര മികച്ചതല്ല. ഈ ഫോര്‍മാറ്റില്‍ അവസാനം കളിച്ച നാല് ഇന്നിങ്‌സില്‍ താരം പൂജ്യത്തിന് പുറത്തായത് രണ്ട് തവണയാണ്.
0,2,4,0 എന്നിങ്ങനെയാണ് പാക് മുന്‍ നായകന്റെ ഈ മത്സരങ്ങളിലെ സ്‌കോര്‍. വലിയ സ്‌കോറുകള്‍ കണ്ടെത്തിയിലെങ്കിലും ഈ ഫോർമാറ്റിലും ഏകദിനത്തിലേത് പോലെ ഒരു തിരിച്ച് വരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Babar Azam surpassed Shahid Afridi in most ducks by a Pakistan Batter in T20Is