ബാബര്‍ അസം പുതിയ തലമുറയിലെ ഡോണാള്‍ഡ് ബ്രാഡ്മാനും ബ്രയാന്‍ ലാറയും; പാക് നായകനെ വാനോളം പുകഴ്ത്തി മുന്‍ പാക് നായകന്‍
Sports News
ബാബര്‍ അസം പുതിയ തലമുറയിലെ ഡോണാള്‍ഡ് ബ്രാഡ്മാനും ബ്രയാന്‍ ലാറയും; പാക് നായകനെ വാനോളം പുകഴ്ത്തി മുന്‍ പാക് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th April 2022, 1:46 pm

പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ പുകഴ്ത്തി മുന്‍ പാക് നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റാഷിദ് ലത്തീഫ്. ബാബര്‍ പുതിയ തലമുറയിലെ ഡോണാള്‍ഡ് ബ്രാഡ്മാനും ബ്രയാന്‍ ലാറയുമാണെന്നാണ് ലത്തീഫ് പറഞ്ഞത്.

ഇതിന് മുമ്പുള്ള പല പാക് നായകരെക്കാളും മികച്ച ക്യാപ്റ്റനാണ് ബാബര്‍ എന്നും അദ്ദേഹം പറയുന്നു.

‘മെയ്ന്‍ദാദിനെക്കാളും വസീമിനേക്കാളും വഖാറിനെക്കാളും ഇന്‍സമാമിനെക്കാളും യൂസഫിനെക്കാളും യൂനിസിനെക്കാളും എത്രയോ മുമ്പിലാണ് ബാബര്‍,’ ഒരു യൂട്യൂബ് ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.

11 വര്‍ഷത്തെ തന്റെ അന്താരാഷ്ട്ര കരിയറില്‍ ഇതില്‍ പല താരങ്ങളെ നയിക്കുകയും പല താരങ്ങളുടെയും കീഴില്‍ കളിക്കുകയും ചെയ്ത ലത്തീഫ് ബാബറിനെക്കാളും മുകളില്‍ ആരും തന്നെ എത്തുന്നില്ല എന്നാണ് ഉറച്ചു വിശ്വസിക്കുന്നത്.

ബാബറിന് മുന്നിലായി ഒരു താരത്തെ മാത്രമാണ് ലത്തീഫ് പ്രതിഷ്ഠിച്ചിട്ടുള്ളത്. പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ബാറ്ററായിരുന്ന സയീദ് അന്‍വറിനെ മാത്രമാണ് ലത്തീഫ് ബാബറിനെക്കാള്‍ മികച്ചതായി കാണുന്നുള്ളൂ.

55 ടെസ്റ്റ് മത്സരങ്ങളിലും 247 ഏകദിനത്തിലും സയീദ് അന്‍വര്‍ പാകിസ്ഥാന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.

‘സയീദിനെ പോലെ മികച്ച ഒരു ബാറ്റര്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഞാന്‍ അവന്റെ പ്രകടനം അടുത്തു നിന്ന് കണ്ടവനാണ്. എന്നെ വിശ്വസിക്കാം അവന്‍ വളരെ പ്രത്യേകതയുള്ള താരമായിരുന്നു.

ബാബര്‍, അവന്‍ പുതിയ തലമുറയിലെ ബ്രാഡ്മാനും ലാറയുമാണ്. അതാണ് പ്രധാനപ്പെട്ട കാര്യം,’ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

ഓസീസുമായി നടന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ബാബര്‍ പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നായിരുന്നു പാക് പട വിജയമാഘോഷിച്ചത്.

പാകിസ്ഥാന്‍ ജയിച്ച മൂന്ന് മത്സരത്തിലും ബാബര്‍ നൂറടിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റണ്‍ ചെയ്‌സിനൊടുവിലാണ് ബാബറും സംഘവും വിജയമാഘോഷിച്ചത്.

Content Highlight: Babar Azam is Don Bradman and Brian Lara of this era – Rashid Latif