അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ച് പാക് സൂപ്പര്‍ താരം ബാബര്‍ അസം. കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ – ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് രണ്ട് വര്‍ഷത്തിലധികമായി പിന്തുടര്‍ന്നുവന്ന ചീത്തപ്പേരിന് ബാബര്‍ ഫുള്‍ സ്‌റ്റോപ്പിട്ടത്.
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാബറിന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ വിജയിക്കുകയും ഒരു മത്സരം ശേഷിക്കെ പരമ്പര സ്വന്തമാക്കുകയുമായിരുന്നു.
807 ദിവസത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നക്കം കാണുന്നത്. 2023 ഓഗസ്റ്റ് 30ന് നേപ്പാളിനെതിരെ ഏഷ്യാ കപ്പിലാണ് ബാബര്‍ ഇതിന് മുമ്പ് സെഞ്ച്വറി നേടിയിരുന്നത്. 83 മത്സരങ്ങളാണ് ഈ രണ്ട് സെഞ്ച്വറിക്കും ഇടയില്‍ ബാബര്‍ അസം കളിച്ചുതീര്‍ത്തത്.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.
ജനിത് ലിയനാഗെയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലങ്ക മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്. 63 പന്ത് നേരിട്ട മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ 54 റണ്‍സ് സ്വന്തമാക്കി. രണ്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പാകിസ്ഥാനായി അബ്രാര്‍ അഹമ്മദും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ഫഖര്‍ സമാനും സയീം അയ്യൂബും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 25 പന്തില്‍ 33 റണ്‍സ് നേടിയ അയ്യൂബിനെ മടക്കി സുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്.
വണ്‍ ഡൗണായി ബാബര്‍ അസമാണ് ക്രീസിലെത്തിയത്. ഫഖര്‍ സമാനെ ഒപ്പം കൂട്ടി ബാബര്‍ 100 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.
ടീം സ്‌കോര്‍ 177ല്‍ നില്‍ക്കവെ 78 റണ്‍സ് നേടിയ ഫഖര്‍ സമാനെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് വീണ്ടും ബ്രേക് ത്രൂ സമ്മാനിച്ചത്. 93 പന്ത് നേരിട്ട താരം 78 റണ്‍സ് നേടി.
ഫഖര്‍ സമാന്‍
നാലാം നമ്പറില്‍ മുഹമ്മദ് റിസ്വാനാണ് ക്രീസിലെത്തിയത്. പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ജോഡികളിലൊന്ന് കാലങ്ങള്‍ക്ക് ശേഷം വീണ്ടും തിളങ്ങിയപ്പോള്‍ അപരാജിത സെഞ്ച്വറി കൂട്ടുകെട്ടും ഒപ്പം പാകിസ്ഥാന്ററെ വിജയവും പിറന്നു.
ബാബര്‍ 119 പന്തില്‍ പുറത്താകാതെ 102 റണ്‍സ് നേടി. എട്ട് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. റിസ്വാന്‍ 54 പന്തില്‍ പുറത്താകാതെ 51 റണ്‍സും സ്വന്തമാക്കി. ഒടുവവില്‍ എട്ട് വിക്കറ്റും പത്ത് പന്തും ശേഷിക്കെ ആതിഥേയര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
നാളെയാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. റാവല്‍പിണ്ടി തന്നെയാണ് വേദി. പരമ്പര വൈറ്റ്‌വാഷ് ചെയ്യാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ മുഖം രക്ഷിക്കാനുള്ള വിജയമാണ് അസലങ്കയും സംഘവും ലക്ഷ്യമിടുന്നത്.
Content Highlight: Baabar Azam ended his centaury drought