ലാലേട്ടന്‍ അബോധത്തില്‍ മുന്നൊരുക്കം നടത്തുന്നുണ്ട്, നിവിന് ടേക്കില്‍ ഒരു മാജിക്കുണ്ട്: ബി.ഉണ്ണികൃഷ്ണന്‍
Malayalam Cinema
ലാലേട്ടന്‍ അബോധത്തില്‍ മുന്നൊരുക്കം നടത്തുന്നുണ്ട്, നിവിന് ടേക്കില്‍ ഒരു മാജിക്കുണ്ട്: ബി.ഉണ്ണികൃഷ്ണന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 23rd March 2026, 10:26 pm

നാലുപതിറ്റാണ്ടോളമായി മലയാളികളുടെ ഹരമായി സിനിമയില്‍ തുടരുന്ന താരമാണ് മോഹന്‍ലാല്‍. വില്ലനായും നായകനായും താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ഇന്നും മലയാളത്തില്‍ മറ്റാര്‍ക്കും പകരം വെക്കാന്‍ സാധിക്കാത്ത ബോക്‌സ് ഓഫീസ് കരുത്തിന് ഉടമയാണ്. മലയാളത്തില്‍ താരത്തിന്റെ പകരക്കാരനായി പലപ്പോഴും ഉയര്‍ന്നുകേട്ട പേരാണ് യുവതാരം നിവിന്‍ പോളിയുടേത്.

കുറഞ്ഞ കാലം കൊണ്ട് പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ച താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിക്കാറുള്ളത്. 150 കോടിയിലധികം കളക്ഷന്‍ നേടിയ സര്‍വ്വം മായ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് പ്രതിഛായ. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം മാര്‍ച്ച് 26 നാണ് തിയേറ്ററുകളിലെത്തുന്നത്.

ബി.ഉണ്ണികൃഷ്ണന്‍. Photo: Screen grab/ cue studio/ Youtube.com

പ്രതിഛായയുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിനും മോഹന്‍ലാലും തമ്മിലുള്ള സാമ്യതയെ കുറിച്ച് പറഞ്ഞ ബി.ഉണ്ണികൃഷ്ണന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇരുവരും സിനിമയില്‍ ഒരു കഥാപാത്രത്തിന് വേണ്ടി നടത്തുന്ന മുന്നൊരുക്കങ്ങളെക്കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്.

‘ലാല്‍ സാറിനെ പറ്റി എല്ലാവരും പറയുന്ന കാര്യമാണ് ഷോട്ടിന് മുമ്പ് തമാശ പറഞ്ഞിരുന്ന ആള്‍ ആക്ഷന്‍ പറയുമ്പോള്‍ അതിമനോഹരമായി കഥാപാത്രമായി മാറുന്നതിനെക്കുറിച്ച്. പക്ഷേ വളരെ അടുത്ത് വര്‍ക്ക് ചെയ്ത ഒരാള്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു മുന്നൊരുക്കം നടത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എവിടെയോ അദ്ദേഹത്തിന്റെ അബോധത്തിലാണ് ആ മുന്നൊരുക്കം നടക്കുന്നത്.

പലപ്പോഴും ഷോട്ടിന് മുമ്പുള്ള തമാശകളിലൂടെ അദ്ദേഹം അത് കട്ട് ചെയ്ത് കളയുന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ നിവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഒരു താത്പര്യവുമില്ലെന്ന് നമുക്ക് തോന്നും. പക്ഷേ ടേക്കില്‍ അദ്ദേഹത്തിന് ഒരു മാജിക്കുണ്ട്. അതാണ് ഒരു അനുഗ്രഹീത കലാകാരന്റെ സംഗതി എന്ന് പറയുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ നിവിന്റെ രീതിയില്‍ പറഞ്ഞുകൊള്ളാനാണ് ഞാന്‍ നിര്‍ദേശിച്ചത്.

നിവിനും പ്രണവും മോഹന്‍ലാലിനൊപ്പം. Photo: X.com

ലാലേട്ടനും അങ്ങനെയാണ്. അദ്ദേഹം വാചകം മുറിക്കുന്ന പോലെ ലോകത്ത് ഒരാള്‍ക്കും മുറിക്കാന്‍ സാധിക്കില്ല. നമ്മള്‍ ഒരിക്കലും കരുതുന്ന സ്ഥലത്തല്ല അദ്ദേഹം നിര്‍ത്തുന്നതും വാക്കുകള്‍ മുറിക്കുന്നതും. പക്ഷേ അതിന് അതിന്റെതായ ഭംഗിയുണ്ട്,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍, നിശാന്ത് സാഗര്‍, സായികുമാര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: B. Unnikrishnan talks about acting skills of Mohanlal and Nivin Pauly

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.