തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റിന് പിന്നില്‍ ഐ.ബിയുടെ കരങ്ങള്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍
Kerala
തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റിന് പിന്നില്‍ ഐ.ബിയുടെ കരങ്ങള്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍
ന്യൂസ് ഡെസ്‌ക്
Friday, 21st September 2012, 8:30 am

തിരുവനന്തപുരം: മുസ്‌ലീം യുവാക്കളെ തീവ്രവാദം ആരോപിച്ച് കേസില്‍ കുടുക്കാനായി  സംഘപരിവാരത്തോടൊപ്പം ഐ.ബിയുടെ അദൃശ്യകരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍.[]

പാക്കിസ്ഥാനിലെ ഐ.എസ്.ഐയുടേയും റഷ്യയിലെ കെ.ജി.ബിയെയും പോലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശക്തിയായി ഐ.ബി മാറുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മഅദനി ഐക്യദാര്‍ഢ്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മുസ്‌ലീം തീവ്രവാദിയാണെന്ന് പറഞ്ഞാല്‍ തെളിവില്ലാതെ വിശ്വസിക്കുന്ന മധ്യവര്‍ഗമാണ് നിലവിലുള്ളത്. അങ്ങനെ സംവിധാനിച്ചതിന്റെ ഉത്തരവാദിത്തം ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിനുമാണ്.

നരോദപാട്യ കൂട്ടക്കൊലക്കേസില്‍ സംഘപരിവാര നേതാക്കള്‍ക്കെതിരെ കോടതിവിധിയുണ്ടായ അന്നുതന്നെ ബാംഗ്ലൂരില്‍ വിദ്യാസമ്പന്നരായ യുവാക്കളെ തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതില്‍ ഗൂഢാലോചനയുണ്ട്. പിടിയിലായവരെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്.

പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറയുമ്പോള്‍ അങ്ങനെയൊന്നുമില്ല ഒരു പത്രത്തിന്റെ പത്രാധിപരെ കൊല്ലാന്‍ മാത്രമാണ് പദ്ധതിയിട്ടതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നു. കര്‍ണാടകയിലെ ഡി.ജി.പി വിദേശബന്ധത്തെ കുറിച്ച് പറയുമ്പോള്‍ കേസന്വേഷിക്കുന്ന പോലീസ് കമ്മീഷണര്‍ അതിന് തെളിവില്ലെന്ന് പറയുന്നു.

ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ പിടിയിലായവരെ കുടുക്കിയതാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാവും. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ എവിടേയും ആദ്യം പിടിയിലാകുന്നത് മുസ്‌ലീം യുവാക്കളായിരിക്കും. അവരെ പിടിക്കാന്‍ വലിയ ഉത്സാഹമാണ് അന്വേഷണസംഘങ്ങള്‍ കാണിക്കാറ്. എന്നാല്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വരാണെന്ന് കണ്ടെത്തുമ്പോള്‍ അന്വേഷണം മന്ദഗതിയിലാകുന്നു. മലേഗാവ്, മക്കാ മസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിന് തെളിവാണ്.

പൊതുസമൂഹത്തിന് മുന്നില്‍ മഅദനി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാണ് അദ്ദേഹത്തെ കാരാഗ്രഹത്തിലേക്ക് അയച്ചത്. പഴയ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളാണ് ഇപ്പോഴും ഭരണകൂടങ്ങളിലുള്ളത്.

അവര്‍ക്ക് ദഹിക്കുന്ന മുദ്രാവാക്യമായിരുന്നില്ല അദ്ദേഹത്തിന്റേത്. ബിനായക് സെന്നിന്റെ മോചനത്തിന് പ്രവര്‍ത്തിച്ച മാതൃകയില്‍ മഅദനിയുടെ മോചനത്തിനായി അന്തര്‍ദേശീയ തലത്തില്‍ ശക്തമായ ക്യാമ്പയിനുകള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

2010 ജൂണില്‍ ബി.ആര്‍.പി ഭാസ്‌കര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം…

“മ­അദ­നി മു­സ്‌ലിം­ക­ളു­ടെ മാ­ത്രം പ്ര­ശ്‌­ന­മല്ല”