കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി ഊമക്കത്ത് രൂപത്തില്‍ ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷയും.
ഡിസംബര്‍ നാലിനാണ് കത്ത് ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേസിന്റെ വിധി വന്നത് ഡിസംബര്‍ എട്ടിനായിരുന്നു. അജ്ഞാതമായ കത്ത് ആദ്യം അവഗണിച്ചെങ്കിലും വിധി വന്നതോടെ ഞെട്ടിപ്പോയിരുന്നു. കത്തിലെ ഉള്ളടക്കവും വിധിയും ഏകദേശം സമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ ഉത്തരവ് ചോര്‍ന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചും കത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും സമഗ്രമായ അന്വേഷണവും മുന്‍ ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ വിധിയുടെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്ക് മുമ്പ് തനിക്ക് ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ പൗരന്‍ എന്ന പേരില്‍ അയച്ച കത്താണ് ലഭിച്ചതെന്നും കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാകുമെന്നും ഏഴാം പ്രതിയെയും എട്ടാം പ്രതിയെയും കുറ്റവിമുക്തമാക്കുമെന്നുമുളള വിവരങ്ങള്‍ കത്തിലുണ്ടായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഊമക്കത്താണ് തനിക്ക് ലഭിച്ചതെന്നും കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തുമായി ചേര്‍ന്ന് കച്ചവടം ഉറപ്പിച്ചെന്നും കത്തിലുണ്ട്.
ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഷ്താഖ്, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ടെന്നും കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
കത്തിലെ ആരോപണങ്ങള്‍ വിജിലന്‍സോ കേന്ദ്ര ഏജന്‍സികളോ അന്വേഷിക്കണമെന്നും ഷേണായി ആവശ്യപ്പെട്ടിരുന്നു.
സംഭവം ചര്‍ച്ചയായതോടെ ചീഫ് ജസ്റ്റിസും നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചു. കത്തിന്റെ ആധികാരികതയടക്കം പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, കത്ത് ലഭിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഡ്വക്കേറ്റ്‌സ് അസോസിയേഷനില്‍ തന്നെ തര്‍ക്കം രൂപപ്പെട്ടു. അസോസിയേഷനില്‍ അറിയിക്കാതെയാണ് യശ്വന്ത് ഷേണായി കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതെന്ന് അസോസിയേഷന്‍ സെക്രട്ടറി എം.ആര്‍. നന്ദകുമാര്‍ വിമര്‍ശിച്ചു.
Content Highlight: Anonymous letter with details of the actress attack case verdict; B. Kemal Pasha said he also received the letter and shocked