എൻ.ഡി.എക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പവൻ സിങ്; പിന്നാലെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കൽ
India
എൻ.ഡി.എക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പവൻ സിങ്; പിന്നാലെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2024, 4:23 pm

പാട്ന: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക നൽകിയ ഭോജ്പുരി ഗായകനായ പവൻ സിങിനെ ബി.ജെ.പി പുറത്താക്കി. ബീഹാറിലെ കാരഘട്ട മണ്ഡലത്തിലാണ് പവൻ സിങ് മത്സരിക്കുന്നത്. ഉപേന്ദ്ര കുശ്‌വാഹയാണ് എൻ.ഡി.എയുടെ സ്ഥാനാർഥി.

മെയ് ഒമ്പതിനായിരുന്നു ബി.ജെ.പി അംഗം കൂടിയായ പവൻ സിങ് കാരഘട്ട മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. തുടർന്ന് ബി.ജെപിയിൽ നിന്നും വലിയ വിമർശനങ്ങളും ഭീഷിണികളും ഉയർന്നിരുന്നു. പത്രിക പിൻവലിക്കാൻ വലിയതോതിൽ സമ്മർദം നേരിട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങാതെ മുന്നോട്ട് പോവുകയായിരുന്നു. എന്ത് വന്നാലും തന്റെ പത്രിക പിൻവലിക്കില്ലെന്ന് നിലപാടിൽ അദ്ദേഹം ഉറച്ച് നിന്നു.

‘ഞാൻ എന്റെ നോമിനേഷൻ പിൻവലിക്കില്ല. ബി.ജെ.പി എനിക്കെതിരെ നടപടിയെടുക്കാൻ ഞാൻ കുറ്റവാളിയല്ല കലാകാരനാണ്. ഇത് ഇന്ത്യ ആണ്. ഇവിടെ ജനങ്ങൾക്ക് ഇഷ്ടാനുസരണം ജീവിക്കാനുള്ള അവകാശം ഉണ്ട്. ആരെന്ത് പറഞ്ഞാലും ഞാൻ എന്റെ പത്രിക പിൻവലിക്കില്ല,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ അൻസോൾ മണ്ഡലത്തിൽ ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ വാഗ്ദാനം അദ്ദേഹം നിരസിച്ച് കാരഘട്ട മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പവൻ സിങ് കൂടി സ്ഥാനാർത്ഥിയായതോടെ കാരഘട്ട മണ്ഡലത്തിൽ ഇപ്പോൾ ത്രികോണ മത്സരമാണ് ഒരുങ്ങുന്നത്. സി.പി.ഐ.എമ്മിലെ രാജാറാം സിങ് കുഷ്വാലാണ് മണ്ഡലത്തിലെ ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥി.

 

Content Highlight: B.J.P kicked out Pavan singh