നിര്‍ത്തിപ്പൊക്കൊ, ഇല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ല, കൊത്തിപ്പെറുക്കും; സതീദേവിക്കെതിരെ കൊലവിളിയുമായി ഗോപാലകൃഷ്ണന്‍
Sabarimala women entry
നിര്‍ത്തിപ്പൊക്കൊ, ഇല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ല, കൊത്തിപ്പെറുക്കും; സതീദേവിക്കെതിരെ കൊലവിളിയുമായി ഗോപാലകൃഷ്ണന്‍
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 10:37 am

കോഴിക്കോട്: സി.പി.ഐ.എം നേതാവ് സതീദേവിക്കെതിരെ കൊലവിളിയുമായി ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെയും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സവര്‍ണ സംഘടനകള്‍ നടത്തുന്ന സമരത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ കൊലവിളി നടത്തിയത്.

വേണമെങ്കില്‍ അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പോയ്‌ക്കൊയെന്നും ഇല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ലെന്നും കൊത്തിപ്പെറുക്കുമെന്നുമാണ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ കൊലവിളി നടത്തിയത്.


Read Also : മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീയ്‌ക്കെതിരെ കേസെടുത്തു


 

“വനിതാ പൊലീസുകാരെ ഞങ്ങള്‍ അങ്ങോട്ട് കയറ്റില്ല. അതിനകത്ത് ഒരു സംശയമില്ല. അതിന് ഈ നാട്ടിലെ അയ്യപ്പമ്മാര് ഒറ്റക്കെട്ടായി നില്‍ക്കും രാഷ്ട്രീയമില്ലാതെ. ശാസ്ത്രാവിന്റെ ശരണം വിളികേട്ട് തെരുവീഥികളില്‍ നിന്ന് അമ്മമാര്‍ വരും. ഒരു പൊലീസുകാരനും കയറില്ല. ഈ നാട്ടിലെ വിശ്വാസികള്‍ വരും. അത് കൊണ്ടാ ഞാന്‍ സതീദേവിയോട് പറഞ്ഞത്, വേണമെങ്കില്‍ നിര്‍ത്തി അവസാനിപ്പിച്ചോ. അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പൊയ്‌ക്കോ. ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലുമുണ്ടാകില്ല ഈ കേരളത്തില്‍. കൊത്തിപ്പെറുക്കും” ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സമരം ക്ഷീണിക്കുമോ എന്ന തലക്കെട്ടില്‍ ഇ സനീഷ് നയിച്ച ചര്‍ച്ചയ്ക്കിടെയാണ് ബി.ജെ.പി നേതാവിന്റെ കൊലവിളി. സതീദേവിയും എം.എന്‍ കാരശ്ശേരിയും രാജ്‌മോഹന്‍ ഉണ്ണത്താനും പങ്കെടുത്ത ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്റെ കൊലവിളി.

അതേസമയം സതീദേവിയെ കൊല്ലുമെന്ന് പരസ്യമായി പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.